Connect with us

Socialist

എന്തേ നമ്മുടെ അധികാരികള്‍ വോളിബോളിനോടും താരങ്ങളോടും ഇത്ര അവഗണന കാട്ടുന്നത്?

Published

|

Last Updated

ഇതു ഒരു പരാതിയല്ല. ഇത് ഒരു നിവേദനവുമല്ല. കുന്നോളം സ്വപ്നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടി നടക്കുമെന്ന പ്രതീക്ഷയോടെ മനക്കോട്ട കെട്ടിയിട്ടിട്ട്, എന്നാല്‍ എള്ളോളം പോലും നടക്കാതെ മനസ്സു മുരടിച്ചു പോയ ഒരോ കായികതാരത്തിന്റെ ആത്മഗതമാണ്…..

കഴിഞ്ഞ ദേശീയ ചാംപ്യന്‍ഷിപ് കേരളം ജയിച്ചു വന്നപ്പോള്‍ പ്രഖ്യാപിച്ച പാരിതോഷികം ഒരു വര്‍ഷമായി തന്നിട്ടില്ല. കാലചക്രം ഉരുണ്ടുരുണ്ടു വീണ്ടും ഒരു ദേശീയ ചാംപ്യന്‍ഷിപ് കൂടി വന്നെത്തിച്ചേര്‍ന്നു. സന്തോഷ് ട്രോഫി ജേതാക്കള്‍ക്കും ഏഷ്യന്‍ ഗെയിംസ് മെഡലിസ്റ്റുകള്‍ക്കുമെല്ലാം പ്രഖ്യാപിച്ച തുകയും പാരിതോഷികങ്ങളും കിട്ടിയിട്ട് നാളേറെയായി. എന്തേ നമ്മുടെ അധികാരികള്‍ വോളീബോളിനോടും താരങ്ങളോടും എന്താണ് ഇത്ര അവഗണന കാട്ടുന്നത്. നമ്മളിടുന്ന ജഴ്‌സിയില്‍ കേരളം എന്ന് മാത്രമാണ് എഴുതാറുള്ളത്. നമ്മളും ഈ കേരളത്തിന്റെ മക്കളല്ലേ. ? ഇതിനു മുന്‍പും വലിയ പാരിതോഷികങ്ങളൊന്നും കിട്ടിയിട്ടില്ല. ഇതും കേവലം ഒരു പ്രഖ്യാപനം മാത്രമായിരുന്നോ. .? ഈ പ്രഖ്യാപനത്തിലൊതുക്കിയ പാരിതോഷികകളും മറ്റും കിട്ടിയാലും ഇല്ലെങ്കിലും നമ്മുടെ കുട്ടികള്‍ ദേശീയകിരീടം ഇനിയും കേരളത്തിലേക്ക് കൊണ്ടുവരിക തന്നെ ചെയ്യും……

എന്തിനേറെ പറയാന്‍, നമ്മുടെ ദേശീയ ചാംപ്യന്‍ഷിപ്പും ഫെഡറേഷന്‍ കപ്പും വിജയിച്ച ടീമിലെ അംഗമായ പയ്യന്നൂര്‍ സ്വദേശി വിവേക് കമലാക്ഷന്‍ ഒരു ജോലിക്കു വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി.. ഇനിയും ഇത് തുടര്‍ന്നാല്‍ വല്ല കൂലിപ്പണിക്കോ, ഗള്‍ഫിലെ സൂപ്പര്‍ മാര്‍ക്കെറ്റുകളിലോ പോയി പണിയെടുക്കേണ്ടി വരും.

കൂടാതെ നമ്മുടെ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ നന്ദന കഴിഞ്ഞ വര്ഷം കളിക്കിടെ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തി ഒരു വര്ഷംകഴിഞ്ഞിരിക്കുന്നു.കൂലിപ്പണിക്കാരനായ ആ കുട്ടിയുടെ അച്ഛന്‍ കടം വാങ്ങിയാണ് ചികിത്സാ ചിലവുകള്‍ നടത്തിയിട്ടുള്ളത്. മുഴുവനായും കൊടുത്തില്ലെങ്കിലും കുറച്ചെങ്കിലും ഒന്ന് റീമ്പേഴ്‌സ്‌മെന്റ് ചെയ്തു കൊടുത്തിരുന്നെങ്കില്‍ ആ കുട്ടിയുടെ കുടുംബത്തിന് എത്ര ആശ്വാസമാകുമായിരുന്നു…..

ആര്‍ക്കു ആരോട് വേണമെങ്കിലും യുദ്ധം ചെയ്യാം. പക്ഷെ അതിന്റെ തിക്തഫലം പട്ടിണി പാവങ്ങളായ കൂലിപ്പണി തൊഴിലാളികളായ ദരിദ്രന്മാരായ കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികള്ക്ക് ഒരു പോറലുപോലും ഏല്‍പ്പിക്കാതെയായിരുന്നാല്‍ അത് നല്ലതു. യുദ്ധധര്‍മം അങ്ങനെ തന്നെയാണല്ലോ ആവേണ്ടത്. ആയുധമില്ലാത്തവനെയും യുദ്ധ പങ്കാളിത്തമില്ലാത്തവനേയും അക്രമിക്കാതിരിക്കുക…..

ഇത് ശൈത്യവും ഉഷ്ണവും മാറിമാറിവന്നാല്‍ പോലും അത് നേരിടുന്നവന്‌ടെ ചിന്തകളാണ്. അല്ലാതെ കാലാവസ്ഥ തണുപ്പായാല്‍ കമ്പിളി തേടുകയും ഉഷ്ണമാവുമ്പോള്‍ ശീതീകരണ യന്ത്രം തേടിപ്പോകുകയും ചെയ്യുന്നവന്റെ ചിന്തകളല്ലാ….

ഒന്നോര്‍ക്കുക ഞങ്ങളും കേരളത്തിന്റെ മക്കളാണ്…..

മുന്‍ ഇന്ത്യന്‍ വോളിബോര്‍ താരം