മന്ത്രി ജലീലിനെതിരെയുള്ള ബഹിഷ്‌കരണം; തള്ളാനും കൊള്ളാനുമാകാതെ ലീഗും യു ഡി എഫും

Posted on: December 19, 2018 5:27 pm | Last updated: December 19, 2018 at 5:27 pm

മലപ്പുറം: ബന്ധു നിയമനം ആരോപിച്ച് മന്ത്രി കെ ടി ജലീലിനെതിരെ ബഹിഷ്‌കരണ തീരുമാനം നടപ്പാക്കാനാകാതെ യു ഡി എഫ് നേതൃത്വം. ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയിലാണ് ബഹിഷ്‌കരണം തീരുമാനം പാര്‍ട്ടിക്കും യു ഡി എഫിനും വിനയാകുന്നത്. തെരുവില്‍ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസുമൊക്കെ മന്ത്രിക്കെതിരെ കരിങ്കൊടിയുമായി നാടുചുറ്റുമ്പോള്‍ മന്ത്രിക്കൊപ്പം വേദിപങ്കിട്ടും ചടങ്ങില്‍ ഒപ്പം പങ്കെടുത്തുമാണ് നേതാക്കള്‍ ‘ബഹിഷ്‌കരണം’ നടപ്പാക്കുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയില്‍ സ്വകാര്യ ചടങ്ങിനെത്തിയ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്തുനില്‍ക്കുമ്പോള്‍ അകത്ത് മന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നത് മുസ്‌ലിം ലീഗിലെയും കോണ്‍ഗ്രസിലെയും നേതാക്കളായിരുന്നു. മന്ത്രിയെ സ്വീകരിക്കാന്‍ മുന്നില്‍ നില്‍ക്കുകയും മന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിക്കുകയും ചെയ്തതിന് ഡി സി സി ജനറല്‍ സെക്രട്ടറി പി സി എ നൂറിനോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിശദീകരണം തേടിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മണ്ഡലം നേതാക്കളും മന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇതിനിടെയാണ് പാര്‍ട്ടിയുടെ ബഹിഷ്‌കരണ തീരുമാനം മുഖവിലക്കെടുക്കാതെ മന്ത്രിക്കൊപ്പം കരിപ്പൂര്‍ ഉണ്യാല്‍പ്പറമ്പ് ശുദ്ധജല വിതരണ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുനയെ പാര്‍ട്ടിയില്‍ നിന്നും മുസ്‌ലിം ലീഗ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി നല്‍കിയ അധികാര സ്ഥാനങ്ങള്‍ രാജിവെക്കണമെന്നും മിഥുനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ ചേംബറില്‍ ഇന്നലെ നടന്ന യോഗത്തില്‍ ലീഗ് എം എല്‍ എ പി ഉബൈദുല്ലയും മലപ്പുറം നഗരസഭാ അധ്യക്ഷ സി എച്ച് ജമീലയും പങ്കെടുത്തു. മലപ്പുറം സര്‍ക്കാര്‍ വനിതാ കോളജിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് ലീഗ് എം എല്‍ എയും നഗരസഭാ അധ്യക്ഷയും പങ്കെടുത്തത്. അതേസമയം, മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം പഞ്ചായത്തില്‍ എന്‍ എസ് എസ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗവും പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെ ലീഗ് നടപടി സ്വീകരിച്ചിട്ടില്ല. നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നയത്തില്‍ അണികള്‍ കടുത്ത പ്രതിഷേധത്തിലാണ്.

ഇതുവരെയായിട്ടും ജലീലിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാന്‍ പോലും കഴിയാതെ നില്‍ക്കുമ്പോഴാണ് ലീഗും യു ഡി എഫും ബഹിഷ്‌കരണ തീരുമാനത്തില്‍പ്പെട്ട് കുഴങ്ങുന്നത്. മന്ത്രി ജലീലിന് ജില്ലയിലുള്ള വ്യക്തി ബന്ധങ്ങളും തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങളും വിവിധ പാര്‍ട്ടികളിലെ നേതാക്കളെ ബഹിഷ്‌കരണ തീരുമാനത്തില്‍നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കുന്നതാണ്. അതേസമയം ജലീലിനെതിരെ ആരോപണവുമായി രംഗത്ത് വന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിന്റെ നടപടി പല യു ഡി എഫ് നേതാക്കളെയും ബഹിഷ്‌കരണ തീരുമാനത്തില്‍ നിന്ന് പിന്‍വലിക്കുന്നതായാണ് വിവരം.

മന്ത്രിക്കെതിരെ കൂട്ടായ പ്രതിഷേധങ്ങള്‍ നടത്തുന്നതിന് പകരം എല്ലാം ‘സ്വന്ത’മായി ചെയ്യാനുള്ള ഫിറോസിന്റെ നടപടികള്‍ ലീഗിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. മാത്രവുമല്ല, യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വറലി തങ്ങള്‍ നടത്തുന്ന യുവജനയാത്ര പ്രഖ്യാപിത മുദ്രാവാക്യത്തില്‍ നിന്നും വഴിതെറ്റി മന്ത്രിക്കെതിരെയുള്ള യാത്രയാക്കി ഫിറോസ് മാറ്റുന്നുവെന്നാണ് അണികളുടെയും നേതാക്കളുടെയും ആരോപണം. ഇങ്ങനെ വാര്‍ത്താമാധ്യമങ്ങളില്‍ ഇടംനേടുന്ന ഫിറോസ് യാത്രാനായകനായ മുനവ്വറലി തങ്ങളെ ‘ഹൈജാക്ക്’ ചെയ്യുന്നുവെന്നും യൂത്ത് ലീഗുകാര്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്.

മന്ത്രി ജലീലിനെതിരെയുള്ള ബന്ധുനിയമനാരോപണത്തിന്റെ പേരില്‍ ലീഗും യു ഡി എഫും നടത്തിയ സമരങ്ങളുടെ ഫലമായി നിരവധി പ്രവര്‍ത്തകര്‍ക്ക് ജയില്‍വാസവും പോലീസിന്റെ ലാത്തിയടിയും ലഭിച്ചുവെന്നതിലുപരി രാഷ്ട്രീയമായി നേട്ടമൊന്നുണ്ടാക്കാനായിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തന്നെയുമല്ല, എല്‍ ഡി എഫും മുഖ്യമന്ത്രിയും മന്ത്രിക്കൊപ്പം ഉറച്ചുനിന്നതും രാഷ്ട്രീയമായി പ്രതീക്ഷിച്ച ഫലമുണ്ടാക്കാന്‍ കഴിയാത്തതിന് കാരണമായിട്ടുണ്ട്. ഏതായാലും നേതൃത്വത്തിന്റെ ഈ ഇരട്ടത്താപ്പ് നയവും ഇത്തരം കരിങ്കൊടി സമരങ്ങളെ മന്ത്രി വളരെ ലാഘവത്തോടെയാണ് നേരിടുന്നതെന്നും സമരങ്ങളുടെ മൂര്‍ച്ച കുറക്കാന്‍ ഇടയാക്കിയിട്ടുണ്ട്.