എം ടിയുടെ നാലുകെട്ട് അറബിയിലേക്ക്‌

Posted on: December 19, 2018 10:00 am | Last updated: December 19, 2018 at 4:41 pm

അബുദാബി: എം ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ നാലുകെട്ടിന്റെ അറബി വിവര്‍ത്തനം ഉടന്‍ പുറത്തിറങ്ങും. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അല്‍ മദാരിക് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയാണ് മൊഴിമാറ്റം പുറത്തിറക്കുന്നത്. മലപ്പുറം കാട്ടുമുണ്ട സ്വദേശി മുസ്തഫ വാഫിയും കാളികാവ് അനസ് വാഫിയും ചേര്‍ന്നാണ് പരിഭാഷ നിര്‍വഹിച്ചത്.

എം ടിയുടെ ആത്മാംശം ഉള്‍ക്കൊള്ളുന്ന നോവലായാണ് നാലുകെട്ട് ഗണിക്കപ്പെടുന്നത്. നായര്‍ സമൂഹത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെയും കൂട്ടുകുടുംബങ്ങളുടെയും അന്തരീക്ഷത്തില്‍ വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ഇതില്‍ ചിത്രീകരിച്ചു. ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകുന്ന അപ്പുണ്ണിയുടെ സംഘര്‍ഷബഹുലമായ യാത്രയാണ് നാലുകെട്ട്. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുടെയും നിശബ്ദ സഹനത്തിന്റെയും സാക്ഷ്യപത്രങ്ങളായ സ്ത്രീ കഥാപാത്രങ്ങളുണ്ട് നാലുകെട്ടില്‍. ഇതിനകം പതിനാല് ഭാഷകളിലേക്ക് നാലുകെട്ട് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം കോപ്പികള്‍ നാലുകെട്ടിന്റേതായി ഇറങ്ങിയിട്ടുണ്ട്.

എം ടിയുടെ ഭാഷയും ശൈലിയും സൗന്ദര്യവും തന്മയത്വവും ചോരാതെ ഭാഷാന്തരം നടത്തുക എന്ന ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വിവര്‍ത്തകര്‍ അവകാശപ്പെട്ടു. ഗീതാ കൃഷ്ണന്‍ കുട്ടിയുടെ ഇംഗ്ലീഷ് പരിഭാഷ നിലവിലുണ്ടെങ്കിലും അടിസ്ഥാന കൃതിയെത്തന്നെ ആശ്രയിച്ചാണ് ഇരുവരും പരിഭാഷ നിര്‍വഹിച്ചത്. മലയാളി മാത്രമറിയുന്ന ശീലങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ചുരുങ്ങിയ വാക്കുകളില്‍ അടിക്കുറിപ്പുകള്‍ തയ്യാറാക്കിയത് അറബി വായനക്കാര്‍ക്ക് ഏറെ സഹായകരമാകും.

ഒരു വര്‍ഷത്തിലേറെ നീണ്ട ശ്രമത്തിന് ശേഷമാണ് ദൗത്യം പൂര്‍ത്തികരിച്ചത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ പി ജി പൂര്‍ത്തീകരിച്ച അനസ് വാഫി കണ്ണൂരിലെ അഴിയൂര്‍ ജുമാമസ്ജിദിലെ ഇമാമാണ്. തകഴിയുടെ ചെമ്മീനും ബെന്യാമിന്റെ അടുജീവിതത്തിനും ശേഷം അറബിയിലേക്ക് മൊഴിമാറ്റപ്പെടുന്ന പ്രമുഖ മലയാള നോവലാണ് നാലുകെട്ട്.