എം പാനലുകാര്‍ പെരുവഴിയില്‍

Posted on: December 19, 2018 10:11 am | Last updated: December 19, 2018 at 10:11 am

നാലായിരത്തോളം താത്കാലിക ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടതോടെ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി. എം പാനലുകാരെ ഉടന്‍ പിരിച്ചുവിട്ട് പി എസ് സി അഡ്വാന്‍സ് മെമ്മോ നല്‍കിയ ഉദ്യോഗാര്‍ഥികളെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ തിങ്കളാഴ്ച 3,861 താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. പത്ത് വര്‍ഷത്തെ സര്‍വീസില്ലാത്തവരും പ്രതിവര്‍ഷം 120 ദിവസം ജോലിക്ക് ഹാജരാകാത്തവരുമായ ഒരു ജീവനക്കാരനും ഇനി മുതല്‍ സര്‍വീസിലുണ്ടായിരിക്കരുതെന്നും വിധി 24 മണിക്കൂറിനകം നടപ്പാക്കിയില്ലെങ്കില്‍ കോര്‍പറേഷന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ തെറിപ്പിക്കുമെന്നും കോടതി അന്ത്യശാസനയും നല്‍കി. പെട്ടെന്നുള്ള പിരിച്ചുവിടല്‍ ട്രിപ്പുകളുടെ മുടക്കത്തിനും പൊതുഗതാഗതം താറുമാറാക്കാനുമിടയുള്ളതിനാല്‍ ഉത്തരവ് നടപ്പാക്കാന്‍ രണ്ട് മാസത്തെ കാലാവധി ആവശ്യപ്പെട്ടു കോര്‍പറേഷന്‍ ഹരജി നല്‍കിയെങ്കിലും കോടതി കനിഞ്ഞില്ല.

കോടതി ഉത്തരവ് നടപ്പിലാക്കിയതോടെ നൂറുകണക്കിന് കെ എസ് ആര്‍ ടി സി സര്‍വീസുകളാണ് മുടങ്ങുന്നത്. തിങ്കളാഴ്ച 850 സര്‍വീസുകള്‍ മുടങ്ങി. കെ എസ് ആര്‍ ടി സിയുടെ ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകളെയും ക്രിസ്തുമസ് അവധി സര്‍വീസുകളെയും ഇത് വലിയ തോതില്‍ ബാധിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് സ്ഥാപനം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞത്. സ്ഥിരം ജീവനക്കാര്‍ കൂടുതലുള്ള ഡിപ്പോകളില്‍ നിന്ന് കുറവുള്ള ഡിപ്പോകളിലേക്ക് സ്ഥലം മാറ്റി സര്‍വീസ് മുടക്കം പരമാവധി കുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടാഴ്ചത്തേക്കെങ്കിലും അറുനൂറോളം സര്‍വീസുകളെ ഇത് ബാധിച്ചേക്കുമെന്നാണ് കോര്‍പറേഷന്‍ വൃത്തങ്ങള്‍ ആശങ്കപ്പെടുന്നത്. പിരിച്ചു വിട്ടവരുടെ സ്ഥാനത്ത് പി എസ് സി ലിസ്റ്റില്‍ നിന്ന് സ്ഥിരം ജീവനക്കാരെ നിയമിച്ചാലും അവര്‍ ജോലിയില്‍ കയറി പരിശീലനം പൂര്‍ത്തിയാകാന്‍ ആഴ്ചകളെടുക്കും. അതുവരെ പൊതുഗതാഗതം താറുമാറാകുകയും വരുമാനം ഗണ്യമായി കുറയുകയും ചെയ്യും. സര്‍വീസുകള്‍ മുടങ്ങാതിരിക്കുന്നതിന് സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് അധിക ഡ്യൂട്ടിക്ക് കൂടുതല്‍ വേതനം വാഗ്ദാനം ചെയ്‌തെങ്കിലും മിക്കയിടത്തും ജീവനക്കാര്‍ അതിന് മുന്നോട്ടു വരുന്നില്ല.

താത്കാലിക ജീവനക്കാരെ ഒഴിവാക്കി സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ സാമ്പത്തിക ബാധ്യതയും കുത്തനെ ഉയര്‍ത്തും. താത്കാലിക ജീവനക്കാര്‍ക്ക് ഒരു ഡ്യൂട്ടിക്ക് 480 രൂപയാണ് വേതനം നല്‍കുന്നത്. പി എസ് സി മുഖേന നിയമിതരാകുന്ന സ്ഥിരം ജീവനക്കാരുടെ വേതനം 900 രൂപവരും. ഇതനുസരിച്ച് 27 ലക്ഷം വരും മാസാന്ത ചെലവ്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒരു മാസത്തേക്ക് വേണ്ടിയിരുന്നത് 17,37,450 രൂപയായിരുന്നു. പെന്‍ഷന്‍ കുടിശ്ശികയും ശമ്പളവും നല്‍കാന്‍ പകുതിയോളം ഡിപ്പോകളും പണയപ്പെടുത്തി ധന സമാഹരണം നടത്തേണ്ട സ്ഥിതിയിലാണ് സ്ഥാപനം. 52 കോടി രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ മാത്രം ചെലവ് വരുന്നത്. പ്രതിമാസം 200 കോടി രൂപ വരുമാനം നേടുന്നുണ്ടെങ്കിലും സ്ഥാപനത്തിന് 3,000 കോടിയിലേറെ രൂപയുടെ കട ബാധ്യതയുള്ളതിനാല്‍ വരുമാനത്തിന്റെ ഗണ്യഭാഗവും പലിശയിനത്തിലേക്ക് മാത്രം നീക്കിവെക്കേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ ദിനേന പത്ത് ലക്ഷത്തിലധികം അധികച്ചെലവ് സ്ഥാപനത്തിന്റെ നടത്തിപ്പ് കൂടുതല്‍ ദുഷ്‌കരമാക്കും.

കെ എസ് ആര്‍ ടി സിയിലെ നിയമനത്തിന് അഡ്വാന്‍സ് മെമ്മോ ലഭിച്ച ജീവനക്കാരുടെ ഹരജിയിലാണ് പിരിച്ചുവിടാനുള്ള ഉത്തരവ് വന്നത്. 2013 മെയ് ഒമ്പതിന് പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും സെപ്തംബര്‍ അഞ്ചിന് നിയമന ശിപാര്‍ശ ലഭിക്കുകയും ചെയ്ത 9,300 ഉദ്യോഗാര്‍ഥികളില്‍ നിന്ന് 3,808 പേര്‍ക്കാണ് കെ എസ് ആര്‍ ടി സി ഇതുവരെ നിയമനം നല്‍കിയത്. അവശേഷിച്ച 5,492 പേരില്‍ 4,051 പേര്‍ക്ക് രണ്ട് വര്‍ഷം മുമ്പ് നിയമന ഉത്തരവ് ലഭിച്ചെങ്കിലും ഇതുവരെ നിയമനം നടന്നിട്ടില്ല. ഇതേതുടര്‍ന്നാണ് ഈ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും.
കോടതി വിധി അഡ്വാന്‍സ് മെമ്മോ ലഭിച്ച് നിയമനത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആഹ്ലാദകരമാണെങ്കിലും താത്കാലിക ജീവനക്കാര്‍ക്ക് കനത്ത ആഘാതമാണ്. കാലങ്ങളായി എംപാനല്‍ ജീവനക്കാരായി ജോലി നോക്കുന്നവരെ മാനുഷിക പരിഗണന കണക്കിലെടുത്ത് നേരത്തെ സ്ഥിരപ്പെടുത്തിയിരുന്നു. ഇതുപോലെ കാലക്രമേണ തങ്ങളെയും സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ കഴിയവെയാണ് ഓര്‍ക്കാപുറത്ത് വിധി വരുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം കിട്ടിയ ഇവരില്‍ ഏറെയും പത്ത് വര്‍ഷത്തോളം ജോലി ചെയ്തവരാണ്. മറ്റു ജീവിതമാര്‍ഗമില്ലാതെ കടുത്ത പ്രതിസന്ധിയിലായ ഇവര്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. പ്രായപരിധി കഴിഞ്ഞതിനാല്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാനുമാകില്ല പലര്‍ക്കും. ഏറെക്കാലം സ്ഥാപനത്തെ സേവിച്ച ഇവരുടെ കാര്യത്തില്‍ ഒരു വഴി കണ്ടെത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. പിരിച്ചുവിട്ടവരെ സംരക്ഷിക്കുകയാണ് സര്‍ക്കാറിന്റെയും മാനേജ്‌മെന്റിന്റെയും നയമെന്ന് എം ഡി ടോമിന്‍ തച്ചങ്കരി പറയുന്നുണ്ടെങ്കിലും ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിക്കലല്ലാതെ സര്‍ക്കാറിന്റെ മുമ്പിലും മറ്റു വഴികളില്ല. പിരിച്ചുവിട്ടവരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.