Connect with us

National

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ പ്രസ്താവന; വിവാദത്തില്‍ കുടുങ്ങി കമല്‍നാഥ്

Published

|

Last Updated

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ പ്രസ്താവന വിവാദമായി. യു പി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ സംസ്ഥാനത്തെ യുവാക്കളുടെ തൊഴില്‍ സാധ്യത ഇല്ലാതാക്കുന്നുവെന്ന അഭിപ്രായ പ്രകടനമാണ് വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായി ആരോപണമുന്നയിച്ച മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പല വ്യവസായങ്ങളിലും പണിയെടുക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും അവരെ കുറ്റപ്പെടുത്താനാകില്ലെങ്കിലും മധ്യപ്രദേശിലെ യുവാക്കളുടെ തൊഴിലവസരം ഇതുമൂലം ഇല്ലാതാകുകയാണെന്നുമാണ് ഒരു ചടങ്ങില്‍ സംസാരിക്കവെ കമല്‍നാഥ് പറഞ്ഞത്. പ്രസ്താവനയുമായി ബന്ധപ്പെട്ടു കൂടുതല്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ ഗിരിരാജ് കിഷോര്‍ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസ്താവനയാല്‍ അപമാനിക്കപ്പെട്ട യു പിയിലെയും ബിഹാറിലെയും ജനങ്ങളോടു കോണ്‍. അധ്യക്ഷന്‍ മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.