Connect with us

Articles

എന്തുകൊണ്ട് രാഹുല്‍?

Published

|

Last Updated

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. ഒന്നാമതായി, 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ ശേഷിയുള്ള ശക്തനായ ദേശീയ രാഷ്ട്രീയ നേതാവിന്റെ ശരീരഭാഷയായിരുന്നു അത്. പക്വതയും മാന്യതയും നിറഞ്ഞ വാക്കുകളാണ് രണ്ടാമത്തേത്. വിജയാഘോഷത്തിന്റെ സന്തോഷത്തില്‍ മതിമറക്കുന്ന, തോറ്റവരെ അപമാനിക്കുന്ന ഒന്നും പറഞ്ഞില്ല. കോണ്‍ഗ്രസ് വിജയത്തിന്റെ ക്രെഡിറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഓരോ സംസ്ഥാനത്തെയും വോട്ടര്‍മാര്‍ക്കുമുള്ളതാണ് എന്ന് വിലയിരുത്തിയതോടെ ഒരു ജനകീയ നേതാവിന്റെ തിരിച്ചുവരവ് രാജ്യം കണ്ടു. അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച ഭരണം കാഴ്ച വെക്കുമെന്നും 2019ല്‍ ബി ജെ പിയെ പരാജയപ്പെടുത്തുമെന്നും അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രത്യയശാസ്ത്രത്തെയാണ് തോല്‍പ്പിച്ചതെന്ന് പറയാനും രാഹുല്‍ ധൈര്യം കാണിച്ചു.

ദേശീയ മാധ്യമങ്ങള്‍ പതിവില്‍ കവിഞ്ഞ പ്രാധാന്യത്തോടെ ഈ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ മറ്റു ചില കാരണങ്ങളുണ്ടായിരുന്നു. പൊതുവെ, പപ്പി മോനെന്നും അമുല്‍ ബേബിയെന്നും വിളിച്ചിരുന്ന ദേശീയ മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധി കാണിച്ച നേതൃപാടവത്തിന് കൈയടി നല്‍കി. കൃത്യതയുള്ള വാക്കുകള്‍. വ്യക്തമായ നിലപാടുകള്‍. ജനാധിപത്യ ബോധത്തിലൂന്നിയ രാഷ്ട്രീയം. ആത്യന്തികമായി രാഹുല്‍ അഭിമുഖീകരിച്ചത് മാധ്യമങ്ങളെയായിരുന്നുവെന്നതും അതുവഴി രജ്യത്തെ തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റ സ്ഥലങ്ങളില്‍ വിജയിച്ചുകയറിയ പാര്‍ട്ടികളെ അഭിനന്ദിക്കാനും രാഹുല്‍ മറന്നില്ല. ഇത് കര്‍ഷകരുടെയും യുവജനങ്ങളുടെയും വിജയമാണ് എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതൊരു രാഹുല്‍ പ്രഭാവമാണെന്ന് അറിയാതെ പോലും പറയാതെ സാധാരണ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും ഓര്‍ത്തു. അനാവശ്യമായി ഒന്നും പറഞ്ഞില്ല. പക്ഷേ, വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത് ഈ പോരാട്ടം തുടരുമെന്നും ജനാധിപത്യം തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ചായിരുന്നു.

ഇതോടെ ദേശീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി സംഘ്പരിവാര്‍-ബി ജെ പി തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ നാളിതുവരെ കെട്ടിപ്പൊക്കിയ ചില മിത്തുകള്‍ തകര്‍ന്നുവീണിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് നേതൃപാടവമില്ല എന്നതാണ് പത്ത് വര്‍ഷത്തോളമായി വ്യാപകമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ച പ്രധാന ആരോപണം. ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ അത്തരമൊരു പ്രചാരണം മാധ്യമങ്ങളും ബി ജെ പിയും ഉപേക്ഷിക്കേണ്ടി വരും. ഇന്ത്യ പോലൊരു രാജ്യത്ത് അധികാരത്തിലില്ലെങ്കില്‍ എത്ര കഴിവുള്ള രാഷ്ട്രീയ നേതാവാണെങ്കിലും അത്ര ശ്രദ്ധപിടിച്ചു പറ്റാന്‍ സാധാരണ കഴിയാറില്ല. പ്രത്യേകിച്ച് നവസാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ വിലക്കെടുത്ത മാധ്യമങ്ങളിലൂടെ വ്യാപകമായ നുണപ്രചാരണങ്ങള്‍ നിരന്തരം അഴിച്ചുവിടുന്ന ഒരു സാഹചര്യത്തില്‍. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആക്രമിച്ച രാഷ്ട്രീയ നേതാവാണ് ഇപ്പോള്‍ ഇന്ത്യന്‍ ജനതയുടെ തന്നെ പ്രതീക്ഷയായി ഉയര്‍ന്നുവന്ന രാഹുല്‍ ഗാന്ധി. ഈ നേതൃപാടവവും പക്വതയും ഇപ്പോള്‍ പൊട്ടിമുളച്ചതല്ല. ഇതേ ഗുണമേന്മയോടെ നേരത്തേ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു അദ്ദേഹം. അത് തിരിച്ചറിയാനും അംഗീകരിക്കാനും മോദിസ്തുതി മുഖ്യ അജന്‍ഡയാക്കിയ മാധ്യമങ്ങള്‍ സമ്മതിച്ചില്ല എന്നതാണ് ശരി. രാഹുല്‍ ഗാന്ധി എന്ന നേതാവ് വളര്‍ന്നുവരാതിരിക്കാന്‍ എത്രയെത്ര കാര്‍ട്ടൂണുകളാണ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. എത്രയെത്ര വ്യാജവാര്‍ത്തകളാണ് വാര്‍ത്താചാനലുകള്‍ ബ്രോഡ്കാസ്റ്റ് ചെയ്തത്. അര്‍നബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി തുടങ്ങിയ ദിവസം മുതല്‍ രാഹുല്‍ ഗാന്ധിയെ അകാരണമായി തേജോവധം ചെയ്തുകൊണ്ടിരിക്കുന്നു. അതിനായി മാത്രം പ്രൈം ടൈം ചാര്‍ച്ചകള്‍ മാറ്റിവെക്കുന്നു. ബി ജെ പി ഐ ടി സെല്‍ ദിനംപ്രതി നൂറുകണക്കിന് ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. ഇതേ ലക്ഷ്യത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ അദ്ദേഹത്തെ വിവിധ രൂപത്തില്‍ വ്യക്തിഹത്യ ചെയ്യുന്നു. ഇത്രമേല്‍ വലിയ വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും രാഹുല്‍ ഗാന്ധി ഉയര്‍ന്നുവന്നു എന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. ലക്ഷ്യബോധത്തോടെയുള്ള പക്വമായ മുന്നേറ്റം. അതാണ് രാഹുല്‍ തരംഗം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചില്ലെങ്കിലും ഇപ്പോള്‍ പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച പ്രധാന കാരണങ്ങളിലൊന്ന്. അല്‍പം വെല്ലുവിളി നിറഞ്ഞതാണെങ്കിലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാവുന്ന ഘടകവും രാഹുല്‍ ഗാന്ധി എന്ന സാധ്യത തന്നെ.

രാഹുലിന്റെ തന്ത്രപരമായ നീക്കങ്ങള്‍ മുമ്പും ബി ജെ പിയെ ഉലച്ചിട്ടുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയ നിമിഷം തന്നെ ഒട്ടും സമയം കളയാതെ ജെ ഡി എസിന് പിന്തുണ പ്രഖ്യാപിച്ച് ബി ജെ പിയെ ആശയകുഴപ്പത്തിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. കൂടാതെ തങ്ങളുടെ എം എല്‍ എ മാരെ ബി ജെ പിയുടെ ഓപ്പറേഷന്‍ കമലയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്താനും ഗവര്‍ണറുടെ ഒത്താശയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യദ്യൂരപ്പയുടെ ന്യൂനപക്ഷ ഗവണ്‍മെന്റിനെ താഴെയിറക്കാനും സാധിച്ചു. നിലവില്‍ കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യം അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ട് പോകുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിലപാടുകളും ഇടപെടലുകളുമുണ്ട് എന്നതും ശ്രദ്ധേയം. പലപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്ത യുവജനങ്ങളെ കൈയിലെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. 2018 ആഗസ്റ്റില്‍ നടത്തിയ യൂറോപ്യന്‍ പര്യടനത്തില്‍ രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചത് മുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവിന്റെ മുന്നേറ്റമായിരുന്നു. ലണ്ടന്‍ പ്രഭാഷണത്തില്‍ നരേന്ദ്രമോദിയുടെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അന്നുവരെ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ കേട്ടിട്ടില്ലാത്ത ഗംഭീര പ്രസംഗമായിരുന്നു അത്. ഒപ്പം ഒരു ശക്തനായ ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന്റെ ഉദയവും.

മോദിയുടെ മുന്‍കാല നാടകീയതകളെ ഒക്കെ പിന്നിലേക്ക് തള്ളുന്നതായിരുന്നു ജൂലൈ മാസത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധിയുടെ പ്രകടനങ്ങള്‍. തന്റെ പ്രസംഗത്തിലുടനീളം നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയായിരുന്നു അന്ന് രാഹുല്‍. ഒരുവേള മോദി സത്യസന്ധനല്ല എന്നുവരെ രാഹുല്‍ പറഞ്ഞു. രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്നാണ് പ്രധാനമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാല്‍, അമിത് ഷായുടെ മകനെതിരെ കോടികളുടെ ആരോപണം ഉയര്‍ന്നിട്ടും മിണ്ടാത്ത വ്യക്തിയാണ് അദ്ദേഹം. തന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി പുഞ്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം അസ്വസ്ഥനാണ്. മോദിക്ക് എന്റെ കണ്ണുകളില്‍ നോക്കാനാവില്ല. രാഹുല്‍ കത്തിക്കയറി. എന്നാല്‍ പെട്ടെന്നായിരുന്നു ആ നടപടി. തന്റെ പ്രസംഗത്തിന് ശേഷം മോദിയുടെ സമീപത്തേക്ക് നടന്ന രാഹുല്‍ അദേഹത്തെ ആശ്ലേഷിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു. ഒരു നിമിഷം നാടകീയതകളുടെ ആശാനായ മോദി തന്നെ പതറിപ്പോയി. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രതിപക്ഷം മുട്ടുമടക്കിയെങ്കിലും തന്റെ ഒറ്റ നീക്കത്തിലൂടെ മാധ്യമ ചര്‍ച്ചകളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും കേന്ദ്ര ബിന്ദുവാകാന്‍ രാഹുലിന് സാധിച്ചു. രാഹുലിന്റെ നടപടി മുമ്പേ എഴുതിയ തിരക്കഥ പ്രകാരമുള്ളതായിരുന്നോ അതോ പെട്ടെന്നുള്ള തോന്നലില്‍ സംഭവിച്ചതോ എന്നതായി പിന്നീടുള്ള ചര്‍ച്ചകള്‍. എന്തു തന്നെയായാലും പുതിയ ഒരു രാഹുല്‍ ബ്രാന്‍ഡ് ഇതാ ഉദയം ചെയ്യുന്നു എന്ന സൂചന അത് നല്‍കി. കഴിഞ്ഞ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഇങ്ങനെ കൂടി പറഞ്ഞു: “ഞാന്‍ നിങ്ങള്‍ക്ക് പപ്പുവായിരിക്കാം. എന്നാല്‍ പ്രധാന മന്ത്രി എന്നെ അങ്ങനെ വിളിക്കുന്നതില്‍ ഒരു ദേഷ്യവും എനിക്കില്ല.”

രാഹുല്‍ ഗാന്ധി എന്ന ദേശീയ നേതാവിനെയും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെയും അടുത്തുനിന്ന് നോക്കിക്കാണാനും പുതിയ പ്രതീക്ഷകള്‍ ഇവരിലൂടെ സൃഷ്ടിക്കാനും സാധിച്ചു എന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കുന്ന സമ്മാനം. ഒപ്പം, അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങുന്നു എന്നും അത് സാധാരണക്കാരായ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞുതുടങ്ങി എന്നും. കോണ്‍ഗ്രസിനകത്ത് രാഹുല്‍ ഗാന്ധി എന്ന നേതാവിനെ ഉയര്‍ന്നുവരാന്‍ അനുവദിക്കാതിരുന്ന ഘടകങ്ങളും ഇതോടെ ഇല്ലാതാകും എന്നാണ് രഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. ഒപ്പം ഭരണഘടന ഉറപ്പുതരുന്ന മതേതരത്വം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും എന്ന പ്രതീക്ഷയും രാജ്യത്തിന് നല്‍കി. രാഹുല്‍ ഗാന്ധിക്ക് നേതൃപാടവമില്ല എന്നത് മാധ്യമങ്ങളുടെ എക്കാലത്തെയും ആരോപണമായിരുന്നു. എന്നിട്ടും കോണ്‍ഗ്രസിനേറ്റ ഒരോ പരാജയവും സ്വന്തം ചുമലില്‍ ഏറ്റെടുക്കാന്‍ രാഹുല്‍ മുന്നോട്ടുവന്നു. ഒരുപക്ഷേ, ദേശീയ രാഷ്ട്രീയ രംഗത്ത് അപൂര്‍വമായി കാണാന്‍ കഴിഞ്ഞ ഏറ്റവും വലിയ നേതൃഗുണമായിരുന്നു അത്. അഴിമതി ആരോപണങ്ങളില്‍ പോലും സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അദ്ദേഹത്തിന് ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്.

രാഹുല്‍ ഗാന്ധി ഒരു രാജകുമാരനാണ് എന്നും അദ്ദേഹത്തിന് രാജ്യത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല എന്നുമുള്ള മറ്റൊരു മിത്തിനും ഇനി ആയുസ്സുണ്ടാകില്ല. ഇതിനായി സംഘ്പരിവാര്‍ സംഘങ്ങള്‍ കാര്യമായി ഉപയോഗിച്ചത് സോണിയാ ഗാന്ധിയുടെ ഇറ്റലി ബന്ധവും കുറേ വ്യാജനിര്‍മിതികളുമായിരുന്നു. ഡല്‍ഹി മെട്രോയില്‍ അരവിന്ദ് കെജ്‌രിവാള്‍ സാധാരണക്കാരോടൊപ്പം യാത്ര ചെയ്തതിന് മുമ്പ് 2010-ല്‍ രാഹുല്‍ മുംബൈ ലോക്കല്‍ ട്രെയ്‌നില്‍ യാത്ര ചെയ്തിരുന്നു. അതൊരു ഷോക്ക് വേണ്ടിയും ആയിരുന്നില്ല. ഗ്രാമീണരോടൊപ്പം യാത്ര ചെയ്യാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും രാഹുലിന് കഴിഞ്ഞു. തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ അരങ്ങുവാഴുമ്പോഴും അജ്മീര്‍ ദര്‍ഗയില്‍ അദ്ദേഹമെത്തി. ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും വേണ്ടി സംസാരിച്ചു. രാജ്യത്തെ സാധാരണക്കാരുടെ സ്പന്ദനങ്ങള്‍ അടുത്തറിയാനും ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും സമയം കണ്ടെത്തി. സുശക്തമായ ഒരു രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ കഴിയുംവിധം പ്രതിരോധിക്കാനും രാഹുല്‍ ഗാന്ധിക്ക് സാധിച്ചു. സ്‌ക്രീനുകളും പേജുകളും തന്നെ ഒരു രാജകുമാരനായി നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോഴും സാധാരണപ്രവര്‍ത്തകനായി അദ്ദേഹം നിലകൊണ്ടു.

വിജയിച്ച സംസ്ഥാനങ്ങളില്‍ ആരെയാണ് മുഖ്യമന്ത്രിയാക്കുക എന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധിയുടെ ശബ്ദസന്ദേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിപ്പിച്ചതും പുതിയൊരു തലത്തിലേക്ക് രാഹുല്‍ ഗാന്ധി എന്ന നേതാവിനെ കൊണ്ടെത്തിച്ചു. കോണ്‍ഗ്രസ് മുന്നിലെത്തിയ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി പദവിക്ക് ഒന്നില്‍ക്കൂടുതല്‍ അവകാശവാദക്കാരും രംഗത്തുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം നേരിട്ട് അറിയാന്‍ ഇറങ്ങിത്തിരിച്ച അധ്യക്ഷന് ഓഡിയോ പോളിലൂടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. “ഞാന്‍ രാഹുല്‍ ഗാന്ധിയാണ്. വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം എനിക്ക് ചോദിക്കാനുണ്ട്. ആരായിരിക്കണം നിങ്ങളുടെ മുഖ്യമന്ത്രി? ഒരു പേര് മാത്രം പറയുക. നിങ്ങള്‍ പറയുന്ന പേര് കേള്‍ക്കുന്ന ഒരേയൊരാള്‍ ഞാനായിരിക്കും. പാര്‍ട്ടിയിലെ മറ്റൊരാളും ഇക്കാര്യമറിയില്ല. ബീപ് ശബ്ദത്തിനു ശേഷം പറയുക.” ഇതാണ് സന്ദേശം. നാല് ലക്ഷത്തോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദേശം പോയിട്ടുണ്ട്.

അതേസമയം, 2019 പിടിക്കാന്‍ രാഹുല്‍ ഗാന്ധി ഇനിയും ഒരുങ്ങേണ്ടതുണ്ട്. ഏത് കളിയും കളിക്കാന്‍ തയ്യാറായിരിക്കുന്ന ബി ജെ പിയെ നേരിടാന്‍ പുതുവഴികള്‍ വെട്ടേണ്ടതുണ്ട്. പണവും വര്‍ഗീയതയും സമം ചേര്‍ത്ത് ബി ജെ പി ഒരുക്കുന്ന കെണിയില്‍ സാധാരണക്കാര്‍ വീഴാതിക്കാന്‍ രാഹുല്‍ നന്നായി ഗൃഹപാഠം ചെയ്യേണ്ടിവരും. രാമക്ഷേത്രവും വര്‍ഗീയകലാപങ്ങളും കൈയൊഴിയാന്‍ ബി ജെ പി തയ്യാറാകില്ല എന്നതിനാലും സാധാരണക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വിവിധ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട് എന്നതിനാലും വെല്ലുവിളികളുണ്ട്. ബി ജെ പി വിരുദ്ധ ശക്തികളെയും പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനാവുകയും വേണം. ഒപ്പം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച് വോട്ടുപിടിക്കാനിറങ്ങുന്ന ബി ജെ പിയെ തളക്കാന്‍ വിവിധ ജനകീയമുന്നേറ്റങ്ങള്‍ സാധ്യമാവുകയും വേണം. അത്തരമൊരു മുന്നേറ്റം നടത്തുന്ന രാഹുല്‍ ഗാന്ധിയെ ഇന്ത്യ കണ്ടെത്തും എന്നുതന്നെയാണ് ജനാധിപത്യ വിശ്വാസികളുടെ വിശ്വാസം.

---- facebook comment plugin here -----

Latest