Connect with us

Editorial

വംശീയതക്കെതിരായ ലങ്കാ വിജയം

Published

|

Last Updated

കണ്ണുമൂടിക്കെട്ടിയിരുന്ന് വിധിക്കുകയല്ല, കണ്ണുതുറന്ന് വസ്തുതകള്‍ കാണുകയാണ് യഥാര്‍ഥ നീതിപീഠം ചെയ്യേണ്ടതെന്ന് വിളിച്ചു പറയുന്ന സംഭവവികാസങ്ങളാണ് ശ്രീലങ്കയില്‍ അരങ്ങേറുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ രാഷ്ട്രീയ ഉപജാപങ്ങള്‍ വഴി താഴെയിറക്കാന്‍ നടത്തിയ നീക്കത്തെ കൈയോടെ പിടികൂടുകയും ഭരണഘടനാ മൂല്യങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുകയുമാണ് ശ്രീലങ്കന്‍ സുപ്രീം കോടതി. 51 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ റനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുവെന്നത് ചെറിയ കാര്യമല്ല. മുന്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമായ മഹീന്ദാ രജപക്‌സെ തിരക്കഥയെഴുതുകയും ഇപ്പോഴത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന നടപ്പാക്കുകയും ചെയ്ത പദ്ധതിയാണ് കോടതി പൊളിച്ചിരിക്കുന്നത്. പ്രഭാകരനും എല്‍ ടി ടി ഇക്കുമെതിരായ സൈനിക നടപടി തമിഴ് ഉന്‍മൂലനമായി പരിവര്‍ത്തിപ്പിച്ചയാളാണ് രജപക്‌സേ. സിംഹള വംശീയതയിലധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം.

യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി നേതാവായ റനില്‍ വിക്രമസിംഗെ വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ രണ്ട് മാസം മുമ്പ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവിറക്കിയ സിരിസേന തന്നെ സത്യവാചകം ചൊല്ലിക്കൊടുത്തു. താന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുപോകില്ലെന്നും തന്നെ അയോഗ്യനാക്കിയ പ്രസിഡന്റിന്റെ നടപടി നിയമവിരുദ്ധമാണെന്നും വിക്രമസിംഗെ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ലിമെന്റ് പിരിച്ചുവിട്ട നടപടിയും ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും നിയമവിരുദ്ധമാണെന്ന് കഴിഞ്ഞയാഴ്ചയാണ് ശ്രീലങ്കന്‍ സുപ്രീം കോടതി പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്നാണ് റനില്‍ വിക്രമസിംഗെക്ക് വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് വഴി തെളിഞ്ഞത്. വിക്രമസിംഗെയെ സ്ഥാനത്ത് നിന്ന് നീക്കി പകരം പ്രധാനമന്ത്രിയായി മഹീന്ദാ രജപക്‌സെയെയാണ് നിയമിച്ചിരുന്നത്. പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ടുളള കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് രാജിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.

കൂട്ടക്കുഴപ്പത്തിലൂടെയാണ് കഴിഞ്ഞ രണ്ട് മാസക്കാലം ദ്വീപ് രാഷ്ട്രം കടന്ന് പോയത്. നിയമപരമായി അധികാരത്തിലുള്ള പ്രധാനമന്ത്രിയെ പ്രസിഡന്റ് അമിതാധികാരം ഉപയോഗിച്ച് പിരിച്ചു വിടുക. മറ്റൊരാളെ വാഴിക്കുക. ഇദ്ദേഹത്തിനെതിരായ അവിശ്വാസ പ്രമേയം പാര്‍ലിമെന്റില്‍ പാസ്സാകുമെന്ന ഘട്ടമെത്തിയപ്പോള്‍ സഭ തന്നെ പിരിച്ചു വിടുക. ഒടുവില്‍ പരമോന്നത കോടതി ഇടപെടുക. പാര്‍ലിമെന്റ് പുനഃസ്ഥാപിക്കുക. പുതിയ പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം പാസ്സാകുക. രണ്ട് ഊഴം പ്രസിഡന്റും ഇപ്പോഴത്തേതടക്കം രണ്ട് തവണ പ്രധാനമന്ത്രിയുമായ മഹീന്ദീ രജപക്‌സെയായിരുന്നു ഈ നാടകത്തിലെ മുഖ്യകഥാപാത്രം. നേരത്തേ പല തവണ മന്ത്രിയായ, ഒരു കാലത്ത് രജപക്‌സെയുടെ ഉറ്റ സുഹൃത്തും പിന്നീട് എതിരാളിയും ഇപ്പോള്‍ വീണ്ടും ആശ്രിതനുമായ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് സഹനടന്‍.

സര്‍ക്കാറിനുള്ള പിന്തുണ സിരിസേനയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി ഉപേക്ഷിച്ചതിന് പിന്നാലെയാണ് റനില്‍ വിക്രമസിംഗെയെ പുറത്താക്കിയത്. പാര്‍ലിമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടി ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു എന്‍ പി), പ്രധാന പ്രതിപക്ഷമായ ടി എന്‍ എ, ഇടതുപക്ഷ പാര്‍ട്ടിയായ ജെ വി പി തുടങ്ങിയ കക്ഷികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനാ പരമായി വിക്രമസിംഗെ തന്നെയായിരുന്നു പ്രധാനമന്ത്രി. കോടതിയുടെ പിന്തുണയോടെ അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ ഭരണഘടനയാണ് വ്യക്തികളെക്കാളും സംഘടനകളെക്കാളും ശക്തിമത്തെന്ന് തെളിയിക്കപ്പെടുകയാണ്.

2015ല്‍ മഹീന്ദാ രജപക്‌സെയെ തോല്‍പ്പിച്ച് അപ്രതീക്ഷിത വിജയം നേടിയ സിരിസേന വലിയ പ്രതീക്ഷകളാണ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റിന്റെ അമിതമായ അധികാരങ്ങള്‍ വെട്ടിക്കുറക്കുകയും കാലാവധി രണ്ട് തവണകളായി നിജപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രിയെ നീക്കം ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരം എടുത്തു മാറ്റുകയും പ്രധാനമന്ത്രിയെ മാറ്റുവാനുള്ള അധികാരം പൂര്‍ണമായി പാര്‍ലിമെന്റില്‍ നിക്ഷിപ്തമാക്കുന്ന 19ാം ഭേദഗതി പാസ്സാക്കുകയും ചെയ്തു. രണ്ട് വര്‍ഷം അധികാരത്തില്‍ ഇരുന്നപ്പോഴേക്കും താന്‍ തന്നെ കൊണ്ടുവന്ന ജനകീയ പരിഷ്‌കാരങ്ങളെ സിരിസേന ഗളഹസ്തം ചെയ്തു. ഭൂരിപക്ഷ സിംഹള വികാരം ജ്വലിപ്പിച്ച് നിര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയ കൗശലത്തിന് അദ്ദേഹം കീഴ്‌പ്പെടുകയാണുണ്ടായത്.

ആ നിലക്ക് നോക്കുമ്പോള്‍ ഇപ്പോള്‍ ശ്രീലങ്കയില്‍ കോടതി ഇടപെടലിലൂടെ സംജാതമായിരിക്കുന്ന രാഷ്ട്രീയ പരിഹാരം ഇന്ത്യയിലടക്കമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് ആവേശകരമാണ്. രജപക്‌സേ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ ഹിന്ദുത്വത്തിന് സമാനമായ ഭൂരിപക്ഷ വര്‍ഗീയ പ്രത്യയശാസ്ത്രത്തെയാണ്. തമിഴ്, മുസ്‌ലിം, ക്രിസ്ത്യന്‍ ധാരകളെ അപ്രസക്തമാക്കി സിംഹള, ബുദ്ധ മേധാവിത്വമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. താത്കാലികമായെങ്കിലും ആ വംശീയ രഥയോട്ടത്തിന് കോടതി കടിഞ്ഞാണിട്ടിരിക്കുന്നു. അടുത്ത വര്‍ഷം അവസാനം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലും രജപക്‌സെ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ചേരിയെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസമാണ് വിക്രമസിംഗെ പക്ഷത്തിന് ഇത് നല്‍കുന്നത്.