അബുദാബിയില്‍ പുതിയ പോലീസ് സ്റ്റേഷനുകളും അഗ്‌നിശമന കേന്ദ്രങ്ങളും സ്ഥാപിക്കും

Posted on: December 17, 2018 5:01 pm | Last updated: December 17, 2018 at 5:01 pm

അബുദാബി: നിരവധി പോലീസ് സ്റ്റേഷന്‍ ഉള്‍പെടെ 47.4 കോടി ദിര്‍ഹത്തിന്റെ എട്ട് പദ്ധതികള്‍ക്ക് അബുദാബി പോലീസ് തുടക്കമിട്ടു. സാദിയാത്തിലെ അല്‍ഫലയില്‍ പുതിയ അഗ്‌നിശമന കേന്ദ്രം നിര്‍മിക്കുന്നതിന് പുറമെ മിര്‍ഫ, അല്‍ഫല, സാദിയാത് എന്നിവിടങ്ങളിലായി മൂന്നു പുതിയ പോലീസ് സ്റ്റേഷനുകള്‍ പണിയും.

കൂടാതെ അല്‍വത്ബ ജയില്‍ നവീകരിക്കും. 30 വര്‍ഷം മുന്‍പ് നിര്‍മിച്ച അല്‍വത്ബ ജയില്‍ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്നതോടെ തടവുകാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാകും. കെ9 സെക്യൂരിറ്റി പരിശോധനാ കേന്ദ്രത്തിന്റെ രണ്ടാം ഘട്ടം, അല്‍ ഹഫറിലെ പോലീസ് പരിശീലന കേന്ദ്രത്തിന്റെ ചുറ്റുമതില്‍, കാവല്‍ കേന്ദ്രം എന്നിവയും പുതിയ പദ്ധതികളില്‍ ഉള്‍പെടും. അബുദാബിയില്‍ കേന്ദ്രീകൃത മോര്‍ച്ചറി സ്ഥാപിക്കും.

സുരക്ഷാമേഖല ശക്തിപ്പെടുത്തി സമൂഹത്തിന് മികച്ച സേവനം ലഭ്യമാക്കണമെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും നിര്‍ദേശപ്രകാരമാണ് പുതിയ പദ്ധതികള്‍ ആരംഭിച്ചതെന്ന് അബുദാബി പോലീസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ റുമൈത്തി പറഞ്ഞു. ഇതുള്‍പെടെ എട്ടു പദ്ധതികളുടെയും നിര്‍മാണം ലോകോത്തര നിലവാരത്തിലായിരിക്കും.

പരിസ്ഥിത സൗഹൃദ കെട്ടിടത്തില്‍ വായുവും വെളിച്ചവും പ്രവേശിക്കും വിധമുള്ള രൂപകല്‍പന, വൈദ്യുതി ഉപയോഗം കുറക്കാനുള്ള സാങ്കേതിക വിദ്യ എന്നിവയും ഉറപ്പാക്കുമെന്ന് പോലീസ് അറിയിച്ചു. അബുദാബി ജനറല്‍ സര്‍വീസസ് കമ്പനിയായ മൂസാനദക്കാണ് നിര്‍മാണ ചുമതല.