ഇന്ത്യ വിയര്‍ക്കുന്നു; ജയത്തിന് അത്ഭുതങ്ങള്‍ സംഭവിക്കണം

Posted on: December 17, 2018 5:03 pm | Last updated: December 17, 2018 at 9:00 pm

പെര്‍ത്ത്: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിലയുറപ്പിക്കാനാകാതെ ഇന്ത്യ വിയര്‍ക്കുന്നു. ദിവസവും പേസിനെ തുണയ്ക്കുന്നതായി മാറുന്ന പിച്ചില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ അതിവേഗം കൂടാരം കയറുന്ന കാഴ്ചക്കാണ് ഇന്നലെ പെര്‍ത്തിലെ സ്റ്റേഡിയം വേദിയായത്. 287 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇന്ന് കളിയവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 112 റണ്‍സ് എന്ന നിലയിലാണ്. 24 റണ്‍സോടെ ഹനുമ വിഹാരിയും ഋഷഭ് പന്തുമാണ് (9) ക്രീസിലുള്ളത്. അവസാന ദിവസമായ നാളെ മികച്ചൊരു കൂട്ടുകെട്ട് പിറന്നില്ലെങ്കില്‍ മത്സരം ഓസീസിനു സ്വന്തമാകും.

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഉടന്‍ തന്നെ ഇന്ത്യക്ക് പ്രഹരമേറ്റു. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ പൂജ്യനായി മടങ്ങി. സ്റ്റാര്‍ക്കാണ് രാഹുലിന്റെ കുറ്റി തെറിപ്പിച്ചത്. ചേതേശ്വര്‍ പൂജാര നാലില്‍ നില്‍ക്കെ ഹേസല്‍വുഡിന്റെ പന്തില്‍ ടിം പെയ്‌നിനു ക്യാച്ച് നല്‍കി മടങ്ങി. 20 റണ്‍സെടുത്ത മുരളി വിജയിയെ ലിയോണ്‍ ബൗള്‍ഡാക്കി. വിരാട് കോലിക്കും കാര്യമൊന്നും ചെയ്യായില്ല. 40 പന്ത് നേരിട്ട് 17 റണ്‍സ് മാത്രം സംഭാവന ചെയ്ത് ക്യാപ്റ്റന്‍ ഖ്വാജയുടെ കൈകളിലൊതുങ്ങി. ലിയോണിനായിരുന്നു ഈ വിക്കറ്റും. മുന്‍നിര ബാറ്റ്‌സ്മാന്മാരെ അപേക്ഷിച്ച് കുറച്ചെങ്കിലും നല്ല പ്രകടനം കാഴ്ചവച്ചത്
അജിങ്ക്യ രഹാനെയായിരുന്നു. 47 പന്തില്‍ 30 റണ്‍സെടുത്ത രഹാനെ ഹേസല്‍വുഡിന്റെ പന്തില്‍ ഹെഡ് പിടിച്ചു പുറത്തായി.

രണ്ടാം ഇന്നിംഗ്സില്‍ 243 റണ്‍സിന് ഓസീസ് ഓള്‍ ഔട്ടായി. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി മികച്ച ലീഡിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ മുഹമ്മദ് ഷമിയുടെ കിടയറ്റ ബൗളിംഗാണ് ചുരുക്കിക്കെട്ടിയത്. ഇന്ന് വിക്കറ്റൊന്നും കളയാതെ 60 റണ്‍സെടുത്ത് ശക്തമായ നിലയിലായിരുന്ന ആസ്ത്രേലിയയുടെ ആറു വിക്കറ്റുകള്‍ ഉച്ചഭക്ഷണത്തിനു ശേഷം 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പിഴുതെടുക്കപ്പെടുകയായിരുന്നു.

ഉസ്മാന്‍ ഖ്വാജയും ടിം പെയ്നും നിലയുറപ്പിച്ചപ്പോള്‍ വന്‍ വിജയ ലക്ഷ്യം ഓസീസ് ഇന്ത്യക്കു മുന്നില്‍ വെക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍, ഈ കൂട്ടുകെട്ട് ഷമി തകര്‍ത്തതില്‍ പിന്നീട് അവര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 32 റണ്‍സെടുത്ത പെയ്നാണ് ആദ്യം പുറത്തായത്. പരുക്കേറ്റതിനെ തുടര്‍ന്ന് കളം വിടേണ്ടി വന്നിരുന്ന ഫിഞ്ചാണ് പിന്നീടെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഫിഞ്ച് ഷമിക്കു മുന്നില്‍ കീഴടങ്ങി. 72 റണ്‍സെടുത്ത ഖ്വാജയും വീണു. പിന്നെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമായി.

കുമ്മിന്‍സിനെ (1) ബുംറ പറഞ്ഞയച്ചപ്പോള്‍ ലിയോണ്‍ ഷമിയുടെ ആറു വിക്കറ്റ് നേട്ടത്തിലെ അവസാന ഇരയായി. മിച്ചല്‍ സ്റ്റാര്‍ക്കിനെ (14) ബുംറ പുറത്താക്കി. ഓസീസ് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഹെയ്സല്‍വുഡാണ് 17 റണ്‍സുമായി പുറത്താകാതെ നിന്നത്. 24 ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്താണ് ഷമി ഓസീസിനെ തകര്‍ത്തത്.