1984ലെ സിഖ് വരുദ്ധ കലാപം: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

Posted on: December 17, 2018 11:37 am | Last updated: December 17, 2018 at 1:14 pm

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തിലെ പ്രതി മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഡിസംബര്‍ 31നു മുന്‍പ് സജ്ജന്‍ കുമാര്‍ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. കലാപത്തിനിടെ ഡല്‍ഹിയിലെ രാജ് നഗറില്‍ അഞ്ചംഗ കുടുംബം കൊല്ലപ്പെട്ട കേസിലാണ് 73കാരനായ സജ്ജന്‍ കുമാറിനെ കോടതി ശിക്ഷിച്ചത്. കലാപത്തില്‍ ശിക്ഷിക്കപ്പെടുന്ന കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളില്‍ ആദ്യത്തെയാളാണിദ്ദേഹം.

ബിജെപിയെ തകര്‍ത്തെറിഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ഇന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറുമ്പോഴാണ് സജ്ജന്‍ കുമാറിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധിവന്നതെന്നും ശ്രദ്ധേയമാണ്‌
. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1984ല്‍ കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ നടന്ന കലാപത്തില്‍ 95 സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകളും അഗ്നിക്കിരയായിരുന്നു . രാജ്യത്ത് നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ 2733 പേരാണ് കൊല്ലപ്പെട്ടത്. വിധിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സ്വാഗതം ചെയ്തു.