രഞ്ജി ട്രോഫി: ഡല്‍ഹിയെ മലര്‍ത്തിയടിച്ച് കേരളം; ജയം ഇന്നിംഗ്‌സിനും 27 റണ്‍സിനും

Posted on: December 16, 2018 11:56 am | Last updated: December 16, 2018 at 3:23 pm

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് റൗണ്ടില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് മിന്നുന്ന ജയം. ഇന്നിംഗ്‌സിനും 27 റണ്‍സിനുമാണ് ഡല്‍ഹിയെ തകര്‍ത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ 320 റണ്‍സ് എന്ന കേരളത്തിന്റെ സ്‌കോറിനെ പിന്തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ഡല്‍ഹിയുടെ രണ്ടാം ഇന്നിഗ്‌സ് കേരളാ ബൗളര്‍മാര്‍ 154 റണ്‍സില്‍ ഒതുക്കി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യരും ജലജ് സക്‌സനേയും ചേര്‍ന്നാണ് ഡല്‍ഹിയെ വരിഞ്ഞുമുറുക്കിയത്. ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

33 റണ്‍സെടുത്ത ശിവം ശര്‍മയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. അനുജ് റാവത്ത് 31ഉം സുബോധ് ഭാട്ടി 30ഉം റണ്‍സെടുത്തു. ഒന്നാമിന്നിംഗ്‌സില്‍ 139 റണ്‍സിന് ഓള്‍ഔട്ടായ ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം കളി പുനരാരംഭിച്ചത്.

ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 320 റണ്‍സെടുത്തിരുന്നു. 77 റണ്‍സ് വീതമെടുത്ത രാഹുലും മനോഹരനുമാണ് കേരളത്തിന് വേണ്ടി മികച്ച കളി പുറത്തെടുത്തത്.