Connect with us

Articles

വീണ്ടും വെള്ളത്തിന് തീപ്പിടിക്കുന്നു

Published

|

Last Updated

നിര്‍ദിഷ്ട മേക്കെദാട്ട് അണക്കെട്ട് പദ്ധതി പ്രദേശം

ചെറിയൊരു ഇടവേളക്ക് ശേഷം ജലത്തെ ചൊല്ലി കര്‍ണാടകയും തമിഴ്‌നാടും വീണ്ടും കൊമ്പുകോര്‍ക്കുന്ന സംഭവവികാസങ്ങളിലേക്കാണ് വാരാന്ത്യം എത്തിച്ചേര്‍ന്നിരിക്കുന്നത്. കര്‍ണാടകയിലെ കാവേരി നദിക്ക് കുറുകെ മേക്കെദാട്ടില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കര്‍ണാടകയുടെ പദ്ധതിക്കെതിരെ തമിഴ്‌നാട് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം. അണക്കെട്ട് നിര്‍മാണം യാതൊരുതരത്തിലും അനുവദിക്കുകയില്ലെന്ന് തമിഴ്‌നാട് ആണയിട്ട് പറയുമ്പോള്‍ പദ്ധതിപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്ന ദൃഢപ്രതിജ്ഞയിലാണ് കര്‍ണാടക സര്‍ക്കാര്‍.

ദീര്‍ഘകാലമായി നിലനിന്നിരുന്ന കാവേരി നദീജലതര്‍ക്കം അടുത്തകാലത്താണ് ഒന്നടങ്ങിയത്. എന്നാല്‍, മേക്കെദാട്ട് അണക്കെട്ട് നിര്‍മാണ വിഷയത്തോടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വാക് തര്‍ക്കം വീണ്ടും സജീവമായിരിക്കുകയാണ്. കാവേരിനദിയിലെ അണക്കെട്ടുകളില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നതിനെ ചൊല്ലി കത്തിയാളുന്ന പ്രക്ഷോഭ പരമ്പരകള്‍ക്കാണ് കര്‍ണാടക ജനത സാക്ഷ്യം വഹിച്ചത്. കര്‍ണാടകയും തമിഴ്‌നാടും ഈ വിഷയത്തില്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇരുസംസ്ഥാനങ്ങളിലും പ്രക്ഷോഭത്തീ പടരാനിടയാക്കിയത്. ഒടുവില്‍ നീതിപീഠം ഇടപെട്ടാണ് പ്രശ്‌നപരിഹാരമുണ്ടാക്കിയതും പ്രക്ഷോഭങ്ങള്‍ക്ക് അറുതിവരുത്തിയതും. ഇപ്പോഴത്തെ സാഹചര്യത്തില്‍ മേക്കെദാട്ട് അണക്കെട്ട് വിഷയവും ഈ രീതിയിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

400 മെഗാവാട്ട് ജലവൈദ്യുതിയുടെ ഉത്പാദനവും കാര്‍ഷികാവശ്യത്തിനുള്ള ജലസേചനവും ലക്ഷ്യമിട്ടാണ് മേക്കെദാട്ടില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. രാമനഗര ജില്ലയില്‍ കാവേരി നദിക്ക് കുറുകെ മേക്കെദാട്ടില്‍ നിര്‍മിക്കുന്ന അണക്കെട്ടിന് 5916 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച സാധ്യതാ പഠന റിപ്പോര്‍ട്ടിന് കേന്ദ്ര ജലവിഭവ കമ്മീഷന്റെ അനുമതി ലഭിച്ചത് സമീപനാളിലാണ്. പഠന റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗീകരിച്ച സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി തമിഴ്‌നാട് കളം നിറഞ്ഞിരിക്കുന്നത്. അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്ര ജലവിഭവ കമ്മീഷന്‍ കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

എന്നാല്‍ ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്ന ഉറച്ച നിലപാടിലാണ് തമിഴ്‌നാട്. സാധ്യതാപഠന റിപ്പോര്‍ട്ടിന് അനുമതി നല്‍കിയ നടപടി പിന്‍വലിക്കണമെന്നതാണ് തമിഴ്‌നാട് ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഈ ആവശ്യമുന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെങ്കിലും ഇത് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാവേരി ജലം പങ്കിടുന്ന മറ്റു സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ മേക്കെദാട്ട് അണക്കെട്ട് സാധ്യതാപഠനവുമായി മുന്നോട്ട് പോയത് ചട്ടവിരുദ്ധമാണെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ വാദം.

കാവേരിക്ക് കുറുകെ മേക്കെദാട്ടില്‍ അണക്കെട്ട് നിര്‍മിക്കുന്നത് കുടിവെള്ള പദ്ധതിക്ക് മാത്രമല്ലെന്നും ജലസേചനത്തിന് കൂടിയാണെന്നും ഇത് കാവേരി നദീജല ട്രൈബ്യൂണലിന്റെ വിധിക്ക് എതിരാണെന്നും തമിഴ്‌നാട് വാദിക്കുന്നു. മേക്കെദാട്ടില്‍ അണക്കെട്ട് നിര്‍മിച്ചാല്‍ തമിഴ്‌നാടിന് കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്ന് കാവേരി വെള്ളം ലഭിക്കില്ലെന്നതാണ് അവരെ ആശങ്കപ്പെടുത്തുന്നത്. അണക്കെട്ട് യാഥാര്‍ഥ്യമാകുന്നതോടെ കൃഷ്ണ രാജസാഗര്‍ അണക്കെട്ടില്‍ നിന്ന് മേക്കെദാട്ടിലേക്ക് വെള്ളം തുറന്നുവിടാനാണ് കര്‍ണാടക പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും ഇത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നത്. അണക്കെട്ട് യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്ത് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുമെന്നും ഇത് കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് തമിഴ്‌നാടിന്റെ മറ്റൊരു വാദം. അണക്കെട്ട് നിര്‍മിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തമിഴ്‌നാട് അക്കമിട്ട് നിരത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാനത്തെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അണക്കെട്ട് നിര്‍മാണത്തിനെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.

എന്നാല്‍ തമിഴ്‌നാടിന്റെ വാദമുഖങ്ങളിലൊന്നും അടിസ്ഥാനമില്ലെന്നും പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാതെയാണ് എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കര്‍ണാടക സര്‍ക്കാര്‍ പറയുന്നു. ദീര്‍ഘവീക്ഷണത്തോടെയാണ് മേക്കെദാട്ട് അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. തമിഴ്‌നാടുമായി വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കര്‍ണാടകയുടെ തീരുമാനം. ഇക്കാര്യത്തില്‍ തുറന്ന മനസ്സോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് കര്‍ണാടക ജലവിഭവ മന്ത്രി ഡി കെ ശിവകുമാര്‍ പറയുന്നു. അണക്കെട്ട് നിര്‍മാണത്തെ തമിഴ്‌നാട് പ്രത്യക്ഷമായി എതിര്‍ത്ത സാഹചര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളുടെയും യോഗം വിളിക്കാന്‍ കേന്ദ്ര ജലവിഭവ മന്ത്രാലയം തയ്യാറാകണമെന്ന് കര്‍ണാടക ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കര്‍ണാടക ഇത് സംബന്ധിച്ച് തമിഴ്‌നാടുമായി പല തവണ ചര്‍ച്ച നടത്തിയിരുന്നു. പദ്ധതിക്കെതിരെ ഉയരുന്ന വാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും ഇതുകൊണ്ട് ഏറെ പ്രയോജനമുണ്ടാകുക തമിഴ്‌നാടിനായിരിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

കര്‍ണാടകക്കും തമിഴ്‌നാടിനും ഒരു പോലെ പ്രയോജനം ചെയ്യുന്നതാണ് മേക്കെദാട്ട് അണക്കെട്ടെന്നിരിക്കെ പദ്ധതിക്ക് തുരങ്കം വെക്കാന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ലോബി ശക്തമായ കരുനീക്കങ്ങള്‍ നടത്തിവരികയാണ്. പദ്ധതിക്കെതിരെ രംഗത്ത് വരാന്‍ തമിഴ്‌നാടിനെ പ്രേരിപ്പിച്ചതും ഇതുതന്നെയാണെന്നത് പകല്‍പോലെ വ്യക്തമായിട്ടുണ്ട്. തമിഴ്‌നാടിന്റെ എതിര്‍പ്പുകള്‍ മറികടന്ന് പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍വകക്ഷി യോഗത്തില്‍ കര്‍ണാടക തീരുമാനിച്ചത്. അണക്കെട്ട് നിര്‍മിച്ചാല്‍ കൃഷ്ണരാജ് സാഗര്‍ അണക്കെട്ടില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറവുണ്ടാകുമെന്ന് തമിഴ്‌നാട് പറയുന്നുണ്ടെങ്കിലും ഇതില്‍ അടിസ്ഥാനമില്ലെന്നതാണ് യാഥാര്‍ഥ്യം. കാവേരി നദിയില്‍ നിന്ന് കടലിലേക്ക് ഒഴുകിപ്പോകുന്ന വെള്ളമാണ് അണക്കെട്ടിന് വേണ്ടി ഉപയോഗിക്കുന്നത്. അതിനാല്‍ തമിഴ്‌നാടിന് ജലലഭ്യതയില്‍ കുറവ് ഉണ്ടാകുകയില്ലെന്ന് കണക്കുകള്‍ നിരത്തി കര്‍ണാടക വാദിക്കുന്നു.

മേക്കെദാട്ട് അണക്കെട്ടിനായി നേരത്തെ സര്‍വേ നടത്തിയിരുന്നു. എന്നാല്‍ തമിഴ്‌നാട് എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് അന്നും പദ്ധതി നീണ്ടുപോയത്. മേക്കെദാട്ടില്‍ അണകെട്ടുന്നത് കാവേരി നദീജല ട്രൈബ്യൂണലിന്റെ വിധിക്കെതിരാണെന്നും ഇപ്പോള്‍ത്തന്നെ കാവേരിയില്‍ കര്‍ണാടക അഞ്ച് അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് അന്ന് പദ്ധതിയെ എതിര്‍ത്തത്. എന്നാല്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് അനുസരിച്ച് കാവേരി നദിയില്‍ നിന്ന് 192 ടി എം സി ജലം നല്‍കുന്നുണ്ടെന്നും ഇതിനു പുറമേയുള്ള വെള്ളമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നതെന്നും അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.

മേക്കെദാട്ട് അണക്കെട്ട് പദ്ധതിയോടുള്ള തമിഴ്‌നാടിന്റെ എതിര്‍പ്പിനെതിരെ കര്‍ണാടകയില്‍ ബന്ദ് നടന്നിരുന്നു. 600ഓളം സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബന്ദ്. ഇതേ വിഷയത്തില്‍ തമിഴ്‌നാട്ടിലും കര്‍ഷകരുടെ നേതൃത്വത്തില്‍ ബന്ദ് നടന്നിരുന്നു. കാവേരി നദീജല തര്‍ക്കത്തില്‍ ഉടലെടുത്ത പ്രക്ഷോഭ കൊടുങ്കാറ്റിന് സമാനമായി മേക്കെദാട്ട് അണക്കെട്ട് നിര്‍മാണത്തെ ചൊല്ലിയുള്ള പ്രതിഷേധവും അക്രമാസക്തമാകുന്നതിന് മുമ്പെ, പ്രശ്‌നത്തിന് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ വിധത്തിലുള്ള പരിഹാരം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം തയ്യാറാകണം. പദ്ധതിയെ അനുകൂലിക്കുന്ന കര്‍ണാടക ജനതയും എതിര്‍ക്കുന്ന തമിഴ്‌നാട് ജനതയും ആഗ്രഹിക്കുന്നത് ഇതാണ്. വെള്ളത്തിന്റെ പേരില്‍ ഇനിയൊരു പ്രക്ഷോഭ സമരവും ഇതേ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടാകുന്നത് തടയാന്‍ ഭരണകൂടങ്ങള്‍ പ്രതിജ്ഞാബദ്ധരാകണം. കൂടിയാലോചനയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വികസന പദ്ധതികളുമായി മുന്നോട്ട് പോവുക എന്നതിനായിരിക്കണം ജനാധിപത്യ ഭരണകൂടങ്ങള്‍ പ്രാമുഖ്യം നല്‍കേണ്ടത്.

Latest