Connect with us

Articles

മുനയൊടിഞ്ഞ സമരങ്ങള്‍

Published

|

Last Updated

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി മറയാക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും പ്രതിപക്ഷവും നടത്തിവരുന്ന സമരങ്ങളുടെ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് നിലവിലെ അവസ്ഥ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രക്ഷോഭങ്ങള്‍ക്കും നാടിനെ വിഭജിക്കാനുള്ള നീക്കങ്ങള്‍ക്കും കേരളത്തിന്റെ മണ്ണ് അധികകാലം ഇടം നല്‍കില്ലെന്ന വ്യക്തമായ സൂചനയാണ് ശബരിമലയിലെ മുനയൊടിഞ്ഞ സമരങ്ങള്‍ നല്‍കുന്നത്.

രാജ്യത്തെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ മത വികാരമിളക്കിവിട്ട് ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും അഴിച്ചുവിട്ട അക്രമാസക്തമായ പ്രതിഷേധങ്ങളുടെയും വോട്ട് ബേങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം നടത്തിയ സമരമുറകളുടെയും മൂര്‍ച്ച നഷ്ടപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളം കണ്ടത്. തുലാമാസ പൂജക്കും ചിത്തിര ആട്ട വിശേഷത്തിനും ക്ഷേത്ര നട തുറന്നപ്പോള്‍ അഴിഞ്ഞാടിയ സംഘ്പരിവാര്‍ സംഘടനകളെ ശക്തമായി നേരിടുന്ന പോലീസിനെയാണ് മണ്ഡലകാലത്ത് ശബരിമലയില്‍ കണ്ടത്. സംഘ്പരിവാറിന്റെ കലാപ നീക്കങ്ങളെ മുന്‍കൂട്ടി കണ്ട് പഴുതടച്ച് പ്രതിരോധിച്ചതോടെ ആവനാഴിയിലെ അവസാന ആയുധവും നഷ്ടപ്പെട്ട സംഘ്പരിവാര്‍ തോറ്റ് മലയിറങ്ങുകയായിരുന്നു.

ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കങ്ങളെ പോലീസ് വിദഗ്ധമായി പൊളിച്ചടുക്കിയതും ഒപ്പം ബി ജെ പിയിലെ ഉള്‍പ്പാര്‍ട്ടി പോരും ഒരേസമയം സംഘ്പരിവാറിന്റെ സമരങ്ങളുടെ മുനയൊടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പാര്‍ട്ടി മുന്‍ അധ്യക്ഷനും എം പിയുമായ വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗവും പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലുള്ള പടലപ്പിണക്കങ്ങളാണ് സമര പരാജയത്തിന് ആക്കം കൂട്ടിയത്. മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി നട തുറന്നപ്പോള്‍ തികഞ്ഞ ആസൂത്രണത്തോടെയെത്തിയ സംഘ്പരിവാറിനെ ശക്തമായ നിയന്ത്രണങ്ങളിലൂടെയാണ് പോലീസ് നേരിട്ടത്. സംഘ്പരിവാര്‍ സംഘടനകളുടെ അക്രമാസക്തമായ പ്രതിഷേധങ്ങളെ തടയാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നെങ്കിലും ഹൈക്കോടതി ഉള്‍പ്പെടെ ഇതിനെ തള്ളിക്കളയുകയായിരുന്നു. ഇതോടെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിന്ന് മാറി അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതക്കും പോലീസ് നിയന്ത്രണങ്ങള്‍ക്കുെമതിരെയാക്കി സമരം മാറ്റിയെങ്കിലും ഹൈക്കോടതിയുടെ ഇടപെടലോടെ ഈ നീക്കവും പാളുകയായിരുന്നു. ശബരിമലയിലെയും അനുബന്ധ കേന്ദ്രങ്ങളിലേയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് നേരിട്ട് പരിശോധന നടത്തിയ സംഘം സംഘ്പരിവാറിന്റെയും പ്രതിപക്ഷത്തിന്റെയും വാദങ്ങളെ തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തിയ സംഘം നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള പോലീസ് നിയന്ത്രണങ്ങള്‍ മൂലം ഭക്തര്‍ക്ക് പ്രശ്‌നങ്ങളില്ലെന്നും, പ്രളയം മൂലമുണ്ടായ അസൗകര്യങ്ങളൊഴിച്ചാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. വാവര്‍ നടയുള്‍പ്പെടെയുള്ള ചില സ്ഥലങ്ങളിലെ ബാരിക്കേഡുകള്‍ മാറ്റുന്നത് പരിശോധിക്കണമെന്നും സംഘം ഹൈക്കോടതിക്ക് നല്‍കിയ റപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. സംഘ്പരിവാര്‍ സംഘടനകളും പ്രതിപക്ഷവും സമരത്തിനാധാരമായി ഉന്നയിച്ച കാര്യങ്ങളൊന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. നിയന്ത്രണങ്ങളില്‍ അയവ് വരുത്തണമെന്ന് പറഞ്ഞപ്പോഴും നിരോധനാജ്ഞയില്‍ സമിതി ഇടപെട്ടില്ല.

സ്ത്രീ പ്രവേശനത്തിനെതിരല്ല ശബരിമല സമരമെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളക്ക് ഇന്നും ശബരിമല നിലപാട് വ്യക്തമാക്കാനായിട്ടില്ല. നേരത്തെയുള്ള നിലപാടില്‍ നിന്ന് മാറി ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയാണ് സമരമെന്നാണ് പറയുന്നത്. ഇതിനിടയില്‍ ബലിദാനികളെ സൃഷ്ടിക്കാനുള്ള ബി ജെ പിയുടെ നീക്കം രണ്ടുതവണ പൊളിഞ്ഞതും കലാപത്തിന് ശ്രമിച്ചുവെന്ന കേസില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിലിലായതും ബി ജെ പക്ക് കനത്ത തിരിച്ചടിയായി. അറസ്റ്റിലായ കെ സുരേന്ദ്രനെ, 52കാരിയായ സ്ത്രീയെ ആക്രമിച്ചതുള്‍പ്പെടെ വിവിധ കേസുകളില്‍ ജയിലിലടക്കുകയായിരുന്നു. ചിത്തിര ആട്ട ഉത്സവത്തിന് പേരക്കുട്ടിയുടെ ചോറൂണ് നടത്താന്‍ എത്തിയ ലളിത എന്ന സ്ത്രീയെ ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ആക്രമിച്ചിരുന്നു. ഈ കേസില്‍ ഗൂഢാലോചനാ കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘര്‍ഷങ്ങളിലെ സാന്നിധ്യവുമാണ് സുരേന്ദ്രനെതിരായ കേസിനാധാരം.

ഇതോടെയാണ് ശബരിമലയിലെ സമരം നിര്‍ത്തി മലയിറങ്ങിയ സംഘ്പരിവാര്‍ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത്. എന്നാല്‍ 13 ദിവസം പിന്നിട്ടിട്ടും വലിയ ചലനമൊന്നുമുണ്ടാക്കാന്‍ കഴിയാതെ വന്നപ്പോള്‍, കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്നയാളെ അയ്യപ്പഭക്തനാക്കി അവതരിപ്പിച്ച് പ്രതിഷേധം കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു ബി ജെ പി. ഇതിനായി നടത്തിയ ഹര്‍ത്താല്‍ ജനങ്ങള്‍ തള്ളിക്കളയുകയും നിരന്തരമായി ഹര്‍ത്താല്‍ നടത്തുന്നതില്‍ പാര്‍ട്ടിക്കെതിരെ വന്‍ ജനരോഷമുയരുകയും ചെയ്തതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായി. അനവസര ഹര്‍ത്താലിനെതിരെ ഒരു വിഭാഗം അണികളും നേതാക്കളും തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ലക്ഷ്യം കാണാതെ ശബരിമലയില്‍ നിന്ന് സമരം ഉപേക്ഷിച്ച് മലയിറങ്ങാനുള്ള ശ്രീധരന്‍ പിള്ളയുടെ തീരുമാനത്തോട് പരസ്യമായി പ്രതികരിച്ച് വി മുരളീധരന്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിയിലെ ഭിന്നത നേരത്തേ തന്നെ പുറത്തുവന്നതാണ്. പാര്‍ട്ടി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ നടത്തിയ “അജന്‍ഡ” പ്രസംഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും ഈ വിഭാഗീയതയുടെ ഭാഗമായിരുന്നു. ഇതിലൂടെ സംഘ്പരിവാറിന്റെ ലക്ഷ്യം ജനങ്ങള്‍ക്ക് ഏറെക്കുറെ വ്യക്തമായി. ശബരിമല സമരകാലത്ത് കുമ്മനം രാജശേഖരന്റെ അഭാവം പ്രതിഫലിക്കുന്നുവെന്ന മുരളീധരന്‍ വിഭാഗത്തിന്റെ വാദവും പാര്‍ട്ടിയിലെ ഭിന്നത സൂചിപ്പിക്കുന്നതാണ്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ സമരങ്ങളും പ്രഹസനമായിരുന്നുവെന്നാണ് നിലവിലെ സ്ഥിതി തെളിയിക്കുന്നത്. ശബരിമലക്ക് വേണ്ടിയെന്ന പ്രചാരണത്തോടെ നടത്തുന്ന സമരങ്ങള്‍ എന്തിന് വേണ്ടിയാണെന്ന പൊതുജനങ്ങളുടെ ചോദ്യത്തിന് സംഘ്പരിവാറിനെന്ന പോലെ കോണ്‍ഗ്രസിനും മറുപടി നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ശബരിമലയുടെ പേരില്‍ ഒരു നാടിനെ കലാപഭൂമിയാക്കാനുള്ള ലക്ഷ്യത്തോടെ സംഘ്പരിവാര്‍ സംഘടനകളുടെയും തീവ്ര ഹിന്ദുത്വ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം സമാന ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍- പോലീസ് നടപടികളെ ദുര്‍ബലപ്പെടുത്തുന്ന ദൗര്‍ഭാഗ്യകരമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.

ശബരിമല വിഷയത്തില്‍ പത്ത് ദിവസത്തിലേറെ നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തുകയും നിയമസഭാ സാമാജികരെ സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരമിരുത്തുകയും ചെയ്തു യു ഡി എഫ്. എന്നാല്‍ അവര്‍ മുന്നോട്ട് വെച്ച പ്രധാന ആവശ്യമായ നിരോധനാജ്ഞ പിന്‍വലിക്കല്‍ കോടതി തീരുമാനത്തോടെ അപ്രസക്തമാകുകയായിരുന്നു. ഇതിന് ശേഷവും പ്രതിപക്ഷം പിന്മാറിയിട്ടില്ലെന്നത് ഈ സമരത്തിന് പിന്നിലെ അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. പ്രതിപക്ഷം ഇപ്പോള്‍ വനിതാ മതിലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. തങ്ങളുടെ സമരത്തിന്റെ മുനയൊടിഞ്ഞെന്ന് ബോധ്യമായതോടെയാണ് ഈ വിഷയം മാറ്റല്‍.

ഇത്തരം നിലപാട് മാറ്റം സംഘ്പരിവാര്‍ ക്യാമ്പിലും ഉടനീളം നാം കണ്ടതാണ്. വിധി ആദ്യഘട്ടത്തില്‍ സ്വാഗതം ചെയ്ത ആര്‍ എസ് എസ് ദേശീയ നേതൃത്വം പിന്നീട് കേരളത്തിലെ രാഷ്ട്രീയ മുതലെടുപ്പ് മുന്നില്‍ കണ്ട് നിലപാട് മാറ്റുകയായിരുന്നു. സ്ത്രീ പ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിച്ചതും ആര്‍ എസ് എസ് അനുഭാവികള്‍ തന്നെയാണെന്നത് കൗതുകകരമാണ്. കേസില്‍ വാദിഭാഗമായിരുന്ന അഭിഭാഷക പ്രേരണാ കുമാരി ആര്‍ എസ് എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ സജീവ പ്രവര്‍ത്തകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ശബരിമല വിഷയത്തില്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കേസില്‍ വാദി ഭാഗം ചേര്‍ന്ന് ഹരജി നല്‍കിയ മൂന്ന് അഭിഭാഷകരും സംഘപരിവാര്‍ ചായ്‌വുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ശബരിമലയെയും ഹിന്ദു ഐക്യത്തെയും തകര്‍ക്കാനാണ് സുപ്രീം കോടതി വിധിയെന്നും സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കാത്തത് അതിനാണെന്നുമുള്ള തരത്തിലാണ് കേരളത്തില്‍ ബി ജെ പിയും ആര്‍ എസ് എസും പ്രചാരണം നടത്തിയത്. സേവ് ശബരിമല എന്ന പേരിലാണ് വലിയ പ്രതിഷേധ സമരങ്ങളും മറ്റും സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ സമരം ചെയ്യുന്ന സംഘ്പരിവാര്‍ നേതൃത്വത്തിന്റെ മറ്റൊരു മുഖമാണ് ഡല്‍ഹിയില്‍ കാണുന്നത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനമാവശ്യപ്പെട്ട് പന്ത്രണ്ട് വര്‍ഷമായി കേസ് നടത്തിയത് ആര്‍ എസ് എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയാണ്. 2006ല്‍ അഞ്ച് വനിതകളാണ് കേസ് കൊടുത്തത്, അതില്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനില്‍ അംഗത്വമുള്ളത് ജനറല്‍ സെക്രട്ടറിയായിരുന്ന പ്രസീജാ സേഥിക്ക് മാത്രമായിരുന്നു. ബാക്കിയുള്ള നാല് വനിതാ അഭിഭാഷകരും യോഗം ചേര്‍ന്ന് തീരുമാനിച്ചാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി നല്‍കിയതില്‍ പ്രധാനിയായ പ്രേരണാകുമാരി ബി ജെ പി നേതാവും അമിത്ഷായുടെ അടുപ്പക്കാരനുമായ സിദ്ധാര്‍ഥ് ശംഭുവിന്റെ ഭാര്യയും ആര്‍ എസ് എസ് വനിതാ വിഭാഗ സംഘടനയുടെ സജീവ പ്രവര്‍ത്തകയുമാണ്.

ഈ വസ്തുതകള്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുകയെന്നത് വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. സംഘ്പരിവാര്‍ വര്‍ഗീയ വിഭജനം നടത്താന്‍ വിഷയം തേടി നടക്കുകയാണ്. ഉത്തരേന്ത്യയില്‍ അത് പശുവും മന്ദിറുമാണെങ്കില്‍ ഇവിടെ അത് ശബരിമലയാണെന്ന് മാത്രം. ഇത്തരം വിഷയം കിട്ടിയാല്‍ മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി കലാപത്തിന് കളമൊരുക്കാന്‍ അവര്‍ക്ക് വല്ലാത്ത മിടുക്കാണ്. സന്നിധാനത്ത് വലിയ കുഴപ്പങ്ങളുണ്ടാക്കി കലാപം പടര്‍ത്താനായിരുന്നു പദ്ധതി.

അത് എല്ലാവര്‍ക്കുമറിയാം. എല്ലാ യഥാര്‍ഥ ഭക്തന്‍മാരും അത് മനസ്സിലാക്കിയിരിക്കുന്നു. നോക്കൂ, ബി ജെ പി മലയിറങ്ങിയപ്പോള്‍ സന്നിധാനത്ത് ഒരു കുഴപ്പവുമില്ലല്ലോ. അവര്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് ജനങ്ങള്‍ തണുപ്പന്‍ പ്രതികരണം നടത്തിയതിന്റെ അര്‍ഥമെന്താണ്? ഈ വസ്തുതകള്‍ മനസ്സിലാക്കി ശരിയായ നിലപാടെടുക്കാന്‍ യു ഡി എഫിന് സാധിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. സ്വന്തം ചരിത്രവും വ്യക്തിത്വവും കളഞ്ഞു കുളിക്കുകയാണ് അവര്‍.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest