Connect with us

Editorial

തെരേസ മെയ് വിഷമസന്ധിയില്‍

Published

|

Last Updated

ഇടുങ്ങിയ ദേശീയതയിലേക്കും വൈകാരിക സ്വത്വവാദത്തിലേക്കും ജനങ്ങളെ നയിക്കുന്ന ഭരണാധികാരികള്‍ക്കെല്ലാം ഒടുവില്‍ അടിപതറുമെന്നത് ചരിത്രത്തിന്റെ പാഠമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അത്തരമൊരു വിഷമസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ബ്രെക്‌സിറ്റിന് വേണ്ടി, അഥവാ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്ത് കടക്കണമെന്ന് നിരന്തരം വാദിച്ച കണ്‍സര്‍വേറ്റീവ് നേതാവാണ് തെരേസ. തന്റെ മുന്‍ഗാമി ഡേവിഡ് കാമറൂണ്‍ തുടങ്ങിവെക്കുകയും ഒരു ഘട്ടത്തിന് ശേഷം സ്വയം പിന്‍വാങ്ങുകയും ചെയ്ത ബ്രെക്‌സിറ്റ് ചര്‍ച്ച കത്തിച്ചത് തെരേസ മെയ് ആണ്. ഇ യുവില്‍ നിന്നുള്ള വേര്‍പെടല്‍ വേണമോ വേണ്ടയോ എന്നത് സംബന്ധിച്ച് നടന്ന ഹിതപരിശോധനയില്‍ യെസ് പക്ഷത്തെ അവര്‍ നയിച്ചു. യെസ് പക്ഷം വിജയിച്ചതോടെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ വേര്‍പിരിയലിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ വല്ലാത്ത ആശയക്കുഴപ്പത്തിലാണ് തെരേസ. സമ്പൂര്‍ണ ബ്രെക്‌സിറ്റ് പ്രായോഗികമല്ലെന്ന് അവര്‍ക്ക് ബോധ്യമായിരിക്കുന്നു. മൃദു ബ്രെക്‌സിറ്റിനാണ് അവരുടെ ശ്രമം. ഇത് സ്വന്തം പാളയത്തതില്‍ നിന്ന് തന്നെ കടുത്ത എതിര്‍പ്പിന് കാരണമായിരിക്കുന്നു. സ്വന്തം പാര്‍ട്ടിയിലെ എം പിമാര്‍ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിക്കാന്‍ അവര്‍ക്കായെങ്കിലും യൂറോപ്യന്‍ യൂനിയന്‍ നയരൂപവത്കരണ സമിതി അംഗീകാരം നല്‍കിയ കരട് ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലിമെന്റില്‍ വെക്കാനുള്ള സാഹചര്യം ഒരുങ്ങിയിട്ടില്ല. പാര്‍ലിമെന്റില്‍ വോട്ടിനിട്ടാല്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ ആ ഉദ്യമം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി.

ബ്രെക്‌സിറ്റ് കരാറിന് 27 അംഗ യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കിയത് നവംബര്‍ അവസാനമാണ്. ബ്രിട്ടീഷ് പാര്‍ലിമെന്റ് ഈ കരാറിന് അംഗീകാരം നല്‍കിയാല്‍ മാത്രമേ അടുത്ത വര്‍ഷം മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകൂ. ഇന്നത്തെ നിലവെച്ച് പാര്‍ലിമെന്റ് എന്ന കടമ്പ ഈ കരാര്‍ കടക്കുമെന്ന് തോന്നുന്നില്ല. തെരേസയുടെ ടോറികക്ഷിയിലെ എണ്‍പതോളം എം പിമാര്‍ തന്നെ കരാറിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സഖ്യകക്ഷിയായ വടക്കന്‍ അയര്‍ലാന്‍ഡിലെ ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടിയിലെ (ഡി യു പി) എട്ട് അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്യും. എത്രയും പെട്ടെന്ന് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടന്നുകാണണമെന്ന് ആഗ്രഹിക്കുന്ന മുഖ്യപ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയും കരാറിനെ ശക്തമായി എതിര്‍ക്കുന്നു. ലിബറല്‍ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുമെല്ലാം കരാറിനെതിരെ വോട്ട് ചെയ്യാനാണ് സാധ്യത. കരാര്‍ പാര്‍ലിമെന്റില്‍ പരാജയപ്പെട്ടാല്‍ തെരേസ മെയ്ക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ല. തെരേസക്ക്് അധികാരം നഷ്ടമായാല്‍ പുതിയൊരു ടോറി നേതാവ് വീണ്ടും അധികാരത്തില്‍ വരുമോ അതോ തിരഞ്ഞെടുപ്പ് നടക്കുമോ എന്ന ചോദ്യമാണ് ബ്രിട്ടനില്‍ നിന്നുയരുന്നത്.

യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള വേര്‍പിരിയല്‍ രണ്ട് നിലയിലാകാം. ഒന്ന് സമ്പൂര്‍ണ ബ്രെക്‌സിറ്റ്. ഇതല്‍പ്പം കടുപ്പമുള്ളതാണ്. എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടും. ഇ യു കസ്റ്റംസ് യൂനിയനില്‍ നിന്നും ഏകീകൃത വിപണിയില്‍ നിന്നും പൊതു നീതിന്യായ കോടതിയില്‍ നിന്നും പുറത്ത് കടക്കും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള മനുഷ്യരുടെ സ്വതന്ത്ര സഞ്ചാരം നിലക്കും. ഇ യുവിന്റെ ഭാഗമായിരുന്നപ്പോഴുള്ള എല്ലാ അന്താരാഷ്ട്ര കരാറുകളും അവസാനിക്കും. ബ്രിട്ടനില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളും പുതുതായി കരാര്‍ വെക്കേണ്ടി വരും. ഇത്ര കടുപ്പമുള്ള ബ്രെക്‌സിറ്റ് വേണ്ടെന്നാണ് തെരേസ സര്‍ക്കാറിന്റെ തീരുമാനം. മൃദു ബ്രെക്‌സിറ്റാണ് പിന്നെയുള്ളത്. വേര്‍പിരിയുന്നു; എന്നാല്‍ കസ്റ്റംസ് യൂനിയനില്‍ നിന്ന് പിന്‍വാങ്ങില്ല. ഏകീകൃത വിപണിയിലും തുടരും. സാങ്കേതികമായി പിരിയുന്നുവെന്നേ ഉള്ളൂ. ബന്ധവും അതുമായി ബന്ധപ്പെട്ട ബാധ്യതകളും തുടരും. ഈ സാധ്യതയാണ് തേരേസ ഇപ്പോള്‍ പരീക്ഷിക്കുന്നത്. ഇ യുവിന് കീഴടങ്ങലാണ് തെരേസ പ്ലാനെന്ന് ടോറികളില്‍ നല്ലൊരു ശതമാനം പറയുന്നു. സ്വതന്ത്ര രാഷ്ട്രമായി നിന്ന് സ്വന്തം അതിജീവന മാര്‍ഗം കണ്ടെത്താനാണല്ലോ ഹിതപരിശോധനയില്‍ ജനം യെസ് പറഞ്ഞത്. പിന്നെയിപ്പോള്‍ എന്തിനാണ് ഒരു മധ്യമ മാര്‍ഗമെന്ന് അവര്‍ ചോദിക്കുന്നു.

നിലവിലെ കരാറനുസരിച്ച് യൂറോപ്യന്‍ കസ്റ്റംസ് യൂനിയനില്‍ ബ്രിട്ടന്‍ തുടരുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി സ്വതന്ത്രമായ വാണിജ്യബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ബ്രിട്ടന് കഴിയുകയില്ല. യൂറോപ്യന്‍ യൂനിയന്‍ ചരക്കുകള്‍ക്ക് യഥേഷ്ടം നികുതിയില്ലാതെ ബ്രിട്ടനിലേക്ക് കടക്കാന്‍ കഴിയുമ്പോള്‍ത്തന്നെ തങ്ങളുടെ ആഭ്യന്തര കമ്പോളം സംരക്ഷിക്കാന്‍ പ്രത്യേക നികുതിയും മറ്റും ചുമത്താന്‍ ബ്രിട്ടന് അധികാരമുണ്ടായിരിക്കില്ല. അതേസമയം, ഇ യുവിലെ അംഗത്വം മരവിപ്പിക്കപ്പെട്ടതിനാല്‍ അവിടെ നടക്കുന്ന നയരൂപവത്കരണത്തില്‍ ഇടപെടാന്‍ ബ്രിട്ടന് സാധിക്കുകയുമില്ല.

ചുരുക്കത്തില്‍ പുലി വാല് പിടിച്ചിരിക്കുകയാണ് തെരേസ മെയ് സര്‍ക്കാര്‍. ഈ ഘട്ടത്തില്‍ തനിക്ക് മുമ്പ് പറ്റിയ തെറ്റ് തിരുത്തുകയാണ് അവര്‍ ചെയ്യേണ്ടത്. കുടിയേറ്റത്തിനെതിരെ യൂറോപ്പിലാകെ പടര്‍ന്ന വികാരത്തിന്റെ ഭാഗമായിരുന്നു വരുംവരായ്കകളെ കുറിച്ച് ബോധമില്ലാത്ത ബ്രെക്‌സിറ്റ് തീരുമാനം. രണ്ട് ശതമാനം പേരുടെ ഭൂരിപക്ഷമാണ് ആ തീര്‍പ്പിനുണ്ടായിരുന്നത്. ഇന്ന് രണ്ടാമതൊരു ഹിതപരിശോധന നടത്തിയാല്‍ അതേ ബ്രിട്ടീഷ് ജനത തന്നെ ഈ തീരുമാനം തിരുത്തുമെന്നുറപ്പാണ്. അതിര്‍ത്തികള്‍ കീറിമുറിച്ച് മനുഷ്യര്‍ സഞ്ചരിക്കട്ടെ. ഇടുങ്ങിയ ദേശീയതക്ക് പകരം വിശാല മാനവികത പുലരട്ടെ.

Latest