അനവസര ഹര്‍ത്താല്‍: ബി ജെ പിക്കുള്ളില്‍ ഭിന്നത

Posted on: December 16, 2018 8:42 am | Last updated: December 16, 2018 at 12:18 pm

തിരുവനന്തപുരം: അനവസരത്തിലുള്ള ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ അണികള്‍ക്കൊപ്പം നേതൃത്വത്തിലും ബി ജെ പിയില്‍ ഭിന്നത. അണികളും അനുഭാവികളുമായ വലിയൊരു വിഭാഗം ഹര്‍ത്താലിനെതിരെ രംഗത്തു വന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഹര്‍ത്താല്‍ അനവസരത്തിലായിപ്പോയെന്ന വികാരമാണ് ഭൂരിഭാഗത്തിനും.

മണ്ഡല കാലം തുടങ്ങി ഒരു മാസമാകുന്നതിന് മുമ്പ് മൂന്ന് ഹര്‍ത്താലുകള്‍ക്കാണ് ബി ജെ പി ആഹ്വാനം നല്‍കിയത്. ഈ വര്‍ഷം ഇതുവരെ 26 ഹര്‍ത്താലുകളാണ് ബി ജെ പി നടത്തിയത്. ഇതില്‍ ശബരിമല വിഷയത്തില്‍ മാത്രം ആറ് ഹര്‍ത്താലുകള്‍. അടിക്കടിയുള്ള ഹര്‍ത്താല്‍ സാധാരണ ജനങ്ങളെ പാര്‍ട്ടിക്കെതിരാക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തല്‍. എന്തിനുമേതിനും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതുവഴി ജനവികാരം എതിരായി മാറുകയാണെന്ന് പ്രവര്‍ത്തകരും കരുതുന്നു.

ദുരിതത്തിലായ ജനങ്ങളും വ്യാപാരികളും തെരുവില്‍ പ്രതിഷേധിക്കുന്ന സ്ഥിതിയുണ്ടായി. ഇക്കാര്യങ്ങള്‍ നേതൃത്വം ഗൗരവമായി കാണണമെന്ന വികാരമുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആത്മഹത്യചെയ്ത സംഭവത്തെ ശബരിമല പ്രശ്‌നവുമായി ബന്ധിപ്പിച്ചാണ് ബി ജെ പി നേതൃത്വം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളുടെ മരണമൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായി.

ബി ജെ പി സമരമോ ശബരിമല വിഷയമോ മരണമൊഴിയില്‍ പരാമര്‍ശിച്ചിരുന്നില്ല. ഇതോടെ, ശരണം വിളിച്ചാണ് ഇയാള്‍ ആത്മാഹൂതി നടത്തിയതെന്നും വിശ്വാസിയുടെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് ഹര്‍ത്താലെന്നും നിലപാട് മാറ്റേണ്ടിവന്നു. കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ എടുത്തുചാടി ഹര്‍ത്താല്‍ പ്രഖ്യാപിക്കേണ്ടിയിരുന്നോ എന്നാണ് അണികളുടെ ചോദ്യം. വനിതാ മതിലിനു ബദലായി അയ്യപ്പ ജ്യോതി എന്ന തീരുമാനം സ്വാഗതം ചെയ്ത അണികളും ഹര്‍ത്താലിനെ എതിര്‍ത്തവരില്‍ ഉണ്ട്.

വെള്ളിയാഴ്ച ഹര്‍ത്താല്‍ നേതൃത്വത്തിന്റെ തന്ത്രപരമായ പിഴവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള ഡല്‍ഹിയിലായിരുന്നു. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഉന്നതനായ ഒരു നേതാവാണ് ഹര്‍ത്താല്‍ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.

തിടുക്കപ്പെട്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബി ജെ പി. നേതൃത്വം അബദ്ധത്തില്‍ ചാടുന്നത് ഇതാദ്യമല്ല. അയ്യപ്പഭക്തനായ ശിവദാസന്റെ മൃതദേഹം നവംബര്‍ ആദ്യം നിലക്കല്‍ അടുത്ത് വനത്തില്‍ കണ്ടെത്തിയപ്പോഴും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 16,17 തിയതികളിലുണ്ടായ പോലീസ് നടപടിയില്‍ പരുക്കേറ്റാണ് ശിവദാസന്‍ മരിച്ചത് എന്നായിരുന്നു നേതൃത്വം വാദിച്ചത്. എന്നാല്‍, ശിവദാസന്‍ 19ന് വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെന്നും പിന്നീടാണ് കാണാതായതെന്നും മകന്‍ വ്യക്തമാക്കിയതോടെ ഇതെല്ലാം പൊളിഞ്ഞു. ശബരിമല വിഷയത്തില്‍ ഇതിനോടകം ആറ് ഹര്‍ത്താലുകള്‍ നടത്തിയെങ്കിലും സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടരുക എന്നതിനപ്പുറം ഇനിയെന്ത് എന്ന് നേതൃത്വത്തിനും അണികള്‍ക്കും വ്യക്തതയില്ല.