Connect with us

Ongoing News

ഒരു വാണിജ്യ ശൃംഖല തകരുമ്പോള്‍

Published

|

Last Updated

ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് സ്ഥാപനങ്ങള്‍ പൂട്ടുന്നത് അപൂര്‍വമല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും വാണിജ്യ മേഖലക്ക് തിരിച്ചടികള്‍ ഉണ്ടാകാറുണ്ട്. ഗള്‍ഫിലും 2008 ലെ മാന്ദ്യ കാലത്തു ചില സ്ഥാപനങ്ങള്‍ പൂട്ടുകയുണ്ടായി. അവയില്‍ ചിലത് പുതിയ മൂലധന പിന്‍ബലത്തോടെ വീണ്ടും രംഗത്തു വരുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. നിക്ഷേപ രംഗത്തെ കാലാവസ്ഥ മാറ്റം മുന്‍കൂട്ടിക്കണ്ട്, തന്ത്രങ്ങള്‍ മാറ്റി, പിടിച്ചു നില്‍ക്കുകയാണ് തകര്‍ച്ചക്കെതിരെയുള്ള പ്രതിരോധ മാര്‍ഗം. പക്ഷേ, ചിലര്‍ യാതൊരു കണക്കു കൂട്ടലും ഇല്ലാതെ, അപകട സാധ്യതകള്‍ മുന്‍കൂട്ടി കാണാതെ കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യും. അത്തരത്തില്‍ ഒരു പതനമാണ് അജ്മാന്‍ ആസ്ഥാനമായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന് സംഭവിച്ചത്. നാല്‍പതു വര്‍ഷത്തോളമായി യു എ ഇ യില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. പല എമിറേറ്റുകളിലും ശാഖകള്‍. നാട്ടിലും വലിയ ആസ്തി. മിക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളിലും മോശമല്ലാത്ത വ്യാപാരം.

നാട്ടില്‍ നിന്ന് നല്ലയിനം പഴം പച്ചക്കറികള്‍ നേരിട്ട് ഇറക്കുമതി ചെയ്തു മിതമായ വിലക്ക് നല്‍കി ഉപഭോക്താക്കളുടെ വിശ്വാസ്യത നേടി. അല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മധ്യ പൗരസ്ത്യ മേഖലയുടെ വിവിധ കോണുകളിലേക്കു വേരുകള്‍ പടര്‍ത്താന്‍ കഴിയുമായിരുന്നു. പക്ഷേ എവിടെയോ പിഴവു പറ്റി. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഓരോന്നായി പൂട്ടി. ഉത്പന്നങ്ങള്‍ വാങ്ങിക്കൂട്ടിയ വകയില്‍ മൊത്ത വിതരണക്കാര്‍ക്ക് നല്‍കാനുള്ള പണം ചോദ്യ ചിഹ്നമായി. കുടുങ്ങിയത്, മൊത്ത വിതരണ സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍. നാല്‍പതു വര്‍ഷമായി കൃത്യമായി പണം ലഭിച്ചിരുന്നതാണ്. പൊടുന്നനെ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പില്‍ നിന്ന് പണം കിട്ടാതായി. മൊത്ത വിതരണക്കമ്പനി ഉടമകള്‍ സ്വന്തം മാനേജര്‍മാരുടെ കഴുത്തിന് പിടിച്ചു. ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങി തന്നില്ലെങ്കില്‍, ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വരുമെന്ന് ഭീഷണി.
ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമയെ വിളിക്കാന്‍ ശ്രമിച്ചു കുഴഞ്ഞു. ഉടമയെക്കുറിച്ചു യാതൊരു വിവരവുമില്ല. ഹൈപ്പര്‍മാര്‍ക്കറ്റു ശാഖകളില്‍ ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നു. കമ്പോളത്തില്‍ ഇത് മറ്റു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കു വലിയ തലവേദന. അവരും മൊത്തവിതരണക്കാരെ ശപിച്ചു. ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റു ശാഖകള്‍ കാലിയാക്കി, കഴിയാവുന്നത്ര തുക സ്വരൂപിക്കാനുള്ള ശ്രമമാണ് വിവാദ വിധേയമായ ഗ്രൂപ്പ് ഉടമ ചെയ്തതെന്ന് മൊത്ത വിതരണക്കാരുടെ പ്രതിനിധികള്‍ കുറ്റപ്പെടുത്തുന്നു. എന്തു തന്നെ ആയാലും, 300 മൊത്ത വിതരണക്കാരുടെ പ്രതിനിധികള്‍ വലിയ ആശങ്കയിലാണ്. സ്വന്തം മാനേജ്മെന്റിനോട് മറുപടി പറയേണ്ട ബാധ്യതയുണ്ട്. ഇതിനിടയില്‍. ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളിലെ ജീവനക്കാരും വഴിയാധാരമായി. ഏതാണ്ട് 2000 ഓളം ജീവനക്കാരുണ്ട്. പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. പ്രാദേശിക സ്‌പോണ്‍സര്‍ കുറേ പേര്‍ക്ക് കുറച്ചു തുക നല്‍കി. ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്നത് മലയാളി ഉടമസ്ഥന്‍ ആയതിനാല്‍ ഇതിലൊന്നും ഉത്തരവാദിത്തമില്ലെങ്കിലും തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തുവെന്ന സംതൃപ്തിയിലാണ് പ്രാദേശിക സ്‌പോണ്‍സര്‍.

കമ്പോളത്തില്‍ ഒരു ശൃംഖലയുടെ ലാഭ നഷ്ടങ്ങള്‍, ഉത്ഥാനപതനങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. ജീവനക്കാര്‍, മൊത്തവിതരണക്കാര്‍, ഉത്പാദകര്‍ എന്നിങ്ങനെ പല തലങ്ങളില്‍ അനുരണനം സൃഷ്ടിക്കും. ടണ്‍ കണക്കിന് പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്തിരുന്ന സ്ഥാപനമാണ്. ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വരുമ്പോള്‍ ഉത്പാദകരെ ആശ്രയിച്ചു ജീവിക്കുന്നവരുടെ വരുമാനം മുടങ്ങും.

ഗള്‍ഫിലെ മിക്ക ഹൈപ്പര്‍മാര്‍ക്കറ്റു ഗ്രൂപ്പുകളും കേരളത്തില്‍ നിന്നാണ് ഉത്പന്നങ്ങള്‍ കൊണ്ടു വരുന്നത്. ഇത്തരം അടച്ചു പൂട്ടലുകള്‍ കേരളത്തിനും നഷ്ടമാണ്.
ഗള്‍ഫില്‍ ആഭരണക്കടകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും വാഹന വിതരണ സ്ഥാപനങ്ങളും മറ്റും വ്യാപിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്, മലയാളികളുടെ മൂലധനവും അധ്വാനവുമാണ്. ചിലര്‍ നാട്ടില്‍ നിന്ന് പണമിറക്കി. മറ്റു ചിലര്‍ ചെറിയ നിലയില്‍ സ്ഥാപനം തുടങ്ങി പടിപടിയായി ശാഖകള്‍ വര്‍ധിപ്പിച്ചു. ഉയര്‍ച്ചയുടെ ഒരു ഘട്ടത്തിലെത്തുമ്പോള്‍ അപകടകരമായ വഴിയിലൂടെ സഞ്ചരിക്കാതിരിക്കണം. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.

ബാങ്കുകളില്‍ നിന്ന് വലിയ തുക വായ്പ ലഭിക്കുമെന്ന് കണ്ട് വാരിക്കൂട്ടി പല സ്ഥലങ്ങളില്‍ പല രംഗങ്ങളില്‍ നിക്ഷേപം നടത്തുന്നത് ഉചിതമല്ല. ചതിക്കുഴികളില്‍ പെട്ടു പോകും. അത്തരം വീഴ്ചകള്‍ ഉള്‍കൊള്ളാന്‍ സമൂഹം തയാറാകില്ല. ചില പരാജയങ്ങള്‍ താങ്ങാനെ കഴിയില്ല. കഴിഞ്ഞ വര്‍ഷം മലയാളിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് ശാഖകള്‍ അടച്ചു പൂട്ടി. അലംഭാവമായിരുന്നു കാരണം. മുപ്പതിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനമായിരുന്നു. മലയാളികള്‍ക്ക് പുറമെ ധാരാളം ഫിലിപ്പൈനികളും ഇവിടെ ജോലി ചെയ്തിരുന്നു. എല്ലാവരും വഴിയാധാരമായി. ചിലരെ ഒരു ജുവല്ലറി ഗ്രൂപ് സഹായം നല്‍കിയാണ് നാട്ടിലെത്തിച്ചത്. ഏതാനും വര്‍ഷം മുമ്പ് അറ്റ്‌ലസ് ജുവല്ലറി ഗ്രൂപ്പിന് അടി തെറ്റി. കാലിനടിയില്‍ നിന്ന് മണ്ണ് ചോര്‍ന്നു പോകുന്നത് കാണാന്‍ കഴിഞ്ഞില്ലെന്നു അറ്റ്‌ലസ് ഉടമ രാമചന്ദ്രന്‍ പിന്നീട് പരിതപിച്ചു. വാണിജ്യ രംഗത്തു ഉന്നതിയിലെത്തിയാലും ജാഗ്രത വേണം. കമ്പോളത്തിന്റെ ഗതിയും ഉപഭോക്താക്കളുടെ അഭിരുചിയും ഏത് നിമിഷവും മാറാം. കൈയിലിരിക്കുന്നതിനെ വിട്ട്, പറക്കുന്നതിന്റെ പിന്നാലെ പോകുന്നതും ഏറെ ചിന്തകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ശേഷമാകണം.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്