റഫാല്‍ ഇടപാട്: കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; എജിയേയും സിഎജിയേയും വിളിച്ചുവരുത്തും- മല്ലികാര്‍ജുന്‍ ഗാര്‍ഖെ

Posted on: December 15, 2018 12:10 pm | Last updated: December 15, 2018 at 3:16 pm

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് കേസില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിശിതമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവും പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഗാര്‍ഖെ രംഗത്ത്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

റഫാല്‍ ഇടപാടില്‍ അന്റോര്‍ണി ജനറലിനെയും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയുംവിളിച്ചുവരുത്തുമെന്ന് ഖാര്‍ഗെ പറഞ്ഞു. ഇടപാട് പിഎസി പരിശോധിച്ചെന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു. റിപ്പോര്‍ട്ട് പൊതുയിടത്തില്‍ ഉണ്ടെന്നു സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ എവിടെയാണതെന്ന് ഖാര്‍ഗെ ചോദിച്ു. മറ്റ് അംഗങ്ങളുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. റഫാല്‍ ഇടപാട് സംബന്ധിച്ചു സിഎജിയുടെ റിപ്പോര്‍ട്ട് പിഎസി പരിശോധിച്ചെന്നും റിപ്പോര്‍ട്ടിന്റെ ചെറിയൊരു ഭാഗമാണു പാര്‍ലമെന്റിനു നല്‍കിയതെന്നുമാണു കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള വിധിന്യായത്തില്‍ സുപ്രീംകോടതി പറയുന്നത്. റഫാല്‍ വിഷയത്തില്‍ ഏതെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചതായി പാര്‍ലമെന്റ് രേഖകകളില്ല. പാര്‍ലമെന്റാണു റിപ്പോര്‍ട്ട് പിഎസിയുടെ പരിശോധനയ്ക്കു വിടുന്നത്. ഈ പൊരുത്തകേടുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. റഫാല്‍ ഇടപാട് സുപ്രീം കോടതിയല്ല പാര്‍ലമെന്റ് സംയുക്ത സമതിയാണ് പരിശോധിക്കേണ്ടതെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇടപാടില്‍ അഴിമതി നടന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ആരോപിക്കുകയാണ്.