ആസ്‌ത്രേലിയ ആറു വിക്കറ്റിനു 277

Posted on: December 14, 2018 6:58 pm | Last updated: December 14, 2018 at 9:48 pm

പെര്‍ത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനത്തില്‍ ആസ്‌ത്രേലിയയുടെ തുടക്കത്തിലെ മുന്നേറ്റത്തിനു കടിഞ്ഞാണിട്ട് ഇന്ത്യയുടെ തിരിച്ചുവരവ്. പെര്‍ത്തിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്‌ത്രേലിയയുടെ ആറു വിക്കറ്റുകള്‍ 277 റണ്‍സിനിടെ പിഴുതെടുക്കാന്‍ ഇന്ത്യക്കായി. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ടിം പെയ്ന്‍ (16), പാറ്റ് കുമ്മിന്‍സ് (11) എന്നിവരാണ് ക്രീസില്‍.

നേരത്തെ മാര്‍ക്കസ് ഹാരിസിന്റെയും ആരോണ്‍ ഫിഞ്ചിന്റെയും ഓപ്പണിംഗ് കൂട്ടുകെട്ട് 112 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ വിക്കറ്റുകള്‍ ഭദ്രമായി സൂക്ഷിച്ച് 66 റണ്‍സ് എന്ന താരതമ്യേന തെറ്റില്ലാത്ത സ്‌കോറിലെത്തിയിരുന്നു ആസ്‌ത്രേലിയ. രണ്ടാമത്തെ സെഷനിലാണ് ഇന്ത്യയുടെ പേസ് ആക്രമണത്തിനു ഫലം കണ്ടത്. അര്‍ധ ശതകം തികച്ചു നില്‍ക്കുകയായിരുന്ന ഫിഞ്ചിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ജസ്പ്രീത് ബുംറ ഇന്ത്യക്കു ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ഉസ്മാന്‍ ഖ്വാജ ക്ക് അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. അഞ്ചു റണ്‍സില്‍ നില്‍ക്കെ ഖ്വാജയെ ഉമേഷ് യാദവ് പവലിയനിലേക്ക് തിരിച്ചയച്ചു. ഋഷഭ് പന്തിനു ക്യാച്ച് നല്‍കിയാണ് ഖ്വാജ മടങ്ങിയത്.

70 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറുകയായിരുന്ന ഹാരിസിനെ ഹനുമ വിഹാരി രഹാനെയുടെ കൈകളിലെത്തിച്ചു. ഏഴു റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പ് ഇശാന്ത് ശര്‍മയുടെ പന്തില്‍ വിരാട് കോലിക്കു ക്യാച്ച് നല്‍കി മടങ്ങി. നാലു വിക്കറ്റിനു 148 എന്ന നിലയിലേക്കു പതിച്ച ഓസീസിനെ ട്രാവിസ് ഹെഡ്-ഷോണ്‍ മാര്‍ഷ് കൂട്ടുകെട്ടിന്റെ 84 റണ്‍സാണ് കരകയറ്റിയത്. മാര്‍ഷ് 45ല്‍ നില്‍ക്കെ വിഹാരിയുടെ പന്തില്‍ കബളിപ്പിക്കപ്പെട്ട് രഹാനെക്കു ക്യാച്ച് നല്‍കി. ട്രാവിസ് ഹെഡിനെ (80) ഇശാന്ത് ശര്‍മ പുറത്താക്കി. മുഹമ്മദ് ഷമിക്കായിരുന്നു ക്യാച്ച്.