വിമാനത്തില്‍ ലൈംഗികാതിക്രമം; തമിഴ്‌നാട് സ്വദേശിക്ക് അമേരിക്കയില്‍ തടവ് ശിക്ഷയും നാട്കടത്തലും

Posted on: December 14, 2018 12:37 pm | Last updated: December 14, 2018 at 1:52 pm

വാഷിങ്ടണ്‍: വിമാനത്തില്‍ സഹയാത്രികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശിക്ക് അമേരിക്കയില്‍ ജയില്‍ ശിക്ഷ. അമേരിക്കയില്‍ ഐടി ജീവനക്കാരനായ പ്രഭു രാമമൂര്‍ത്തിയെ(35)യാണ് ഡിട്രോയിറ്റിലെ ഫെഡറല്‍ കോടതി ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായാല്‍ ഇയാളെ ഇന്ത്യയിലേക്ക് നാട് കടത്താനും കോടതി ഉത്തരവിട്ടു.

ഈ വര്‍ഷം ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്യവെ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു കേസ്. യുവതിയുടെ പരാതിയില്‍ രാമമൂര്‍ത്തിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോലീസ് ശക്തമായ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്. 2015ല്‍ എച്ച്1 ബി വിസയിലാണ് പ്രഭു അമേരിക്കയിലെത്തുന്നത്. പിന്നീട് ഭാര്യയേയും അമേരിക്കയിലേക്ക് കൊണ്ടുപോവുകയായിരുന്നു.