മഅ്ദിന്‍ അടയാളപ്പെടുത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍

Posted on: December 14, 2018 12:23 pm | Last updated: December 14, 2018 at 12:23 pm

ഡോ.സാഹിദ് അഷ്റഫ് Islamic era and importance to knowledge എന്ന ഗ്രന്ഥത്തില്‍ പാരമ്പര്യ ജ്ഞാനത്തെ ഉപയോഗപ്പെടുത്തി പുഷ്ടിപ്പെട്ട മുസ്ലിം നാഗരികതയെ വരച്ചിടുന്നുണ്ട്. പാരമ്പര്യ വിജ്ഞാനങ്ങളെ നവീന സങ്കേതങ്ങളുപയോഗിച്ച് നടപ്പിലാക്കുന്ന വൈജ്ഞാനിക വിനിമയങ്ങളിലൂടെ സാംസ്‌കാരികവും ധാര്‍മികവുമായ ആദാന പ്രധാനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് ആദ്യകാലം മുതലേ മഅ്ദിന്‍ ശ്രമിച്ചത്. വിദ്യാഭ്യാസത്തെ മുഖ്യകഥാപാത്രമാക്കി നവോത്ഥാന യജ്ഞങ്ങള്‍ക്ക് മതങ്ങള്‍ ശ്രമിച്ചത് ചരിത്രത്തില്‍ വായിക്കാം. മദീനയും കൊര്‍ദോവയും ഏദനും ബഗ്ദാദും കൈറോയുമെല്ലാം മതവിശ്വാസത്തോട് ചേര്‍ന്ന് രൂപപ്പെട്ട് വന്ന വിജ്ഞാന കേന്ദ്രങ്ങളാണ്. മതം എല്ലാത്തിനും പരിഹാരമാണെന്നും സമൂഹത്തിനാവശ്യമുള്ളതെന്തും നല്‍കാന്‍ പണ്ഡിതനാകുമെന്നതിനും മഅ്ദിനും ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും എക്കാലത്തും തെളിവാണ്.

വിദ്യഭ്യാസ രംഗത്തെ നടപ്പുശീലങ്ങളെയും അലിഖിത നിയമങ്ങളെയും സാമ്പ്രദായികതകളെയും വെല്ലുവിളിക്കാനും തന്റെ നിലപാടുകള്‍ക്ക് ആത്മാവും കാലത്തെ അതിജയിക്കാനുള്ള ശേഷിയുമുണ്ടെന്നും ബോധ്യപ്പെടുത്തിയ പണ്ഡിതനാണ് അദ്ദേഹം. വൈവിധ്യങ്ങളുടെ നിറക്കൂട്ടില്‍ വസന്തം വിരിയിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. മഅ്ദിന്‍ സ്ഥാപനങ്ങളെ നിരീക്ഷിക്കുമ്പോഴാണ് ഈ പ്രസ്താവനയുടെ തികവ് ബോധ്യപ്പെടുക. അരക്ഷിത ബോധത്താല്‍ പുറംതള്ളപ്പെട്ട ഒരു വിഭാഗം ഖലീല്‍ അല്‍ ബുഖാരിയില്‍ അഭയത്തേയും ഒരു രക്ഷകനേയും കണ്ടു എന്ന് തീര്‍ച്ചയായും ഈ ഘട്ടം തോന്നിപ്പിക്കുന്നുണ്ട്. ദിനംപ്രതി വിപുലപ്പെട്ടുവന്ന സ്വലാത്തിന്റെ സദസ്സുകളില്‍ നിന്ന് ലഭിച്ച പ്രചോദനമാണ് യതീംഖാന എന്ന ആശയത്തിലേക്ക് എത്തിയത്. ഖലീല്‍ അല്‍ ബുഖാരിയുടെ ക്രാന്തദര്‍ശനങ്ങളെയും ഇരുത്തം വന്ന കാഴ്ചപ്പാടുകളെയും കണ്‍തുറന്ന് കാണുന്നതിന് കാലം പിന്നെയും സാക്ഷിയായി. ജനങ്ങളുടെ ശ്രദ്ധ പതിയാതെ പോവുകയോ ഏറ്റെടുക്കാനാളില്ലാതെ വരികയോ ചെയ്തവരാണ് അന്ധരും ബധിരരും മൂകരുമെല്ലാം. അവരില്‍ അന്തര്‍ലീനമായ ഭിന്നശേഷികളെ മഅ്ദിന്‍ തിരഞ്ഞ് പിടിച്ചു. അറിയാനും ഇഴുകി ജീവിക്കാനുമുള്ള അവരുടെ സ്വതന്ത്ര ജീവിതത്തിന് പച്ചക്കൊടി കാണിച്ചു. ഉമ്മ മരിച്ച് അഞ്ചാം വയസ്സിലാണ് അന്ധയായ റുഫൈദ മഅ്ദിനിലെത്തുന്നത്. ബ്രൈന്‍ ലിപി വഴി എഴുത്തും വായനയും സ്വായത്തമാക്കി. ഒടുവില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രി ഒന്നാം റാങ്ക് പട്ടം ചൂടി റുഫൈദ ജെ ആര്‍ എഫും നേടി അന്ധതയെ തോല്‍പ്പിച്ചിരിക്കുകയാണ്. പാര്‍ശ്വവത്കരണത്തിന്റെ കൂട്ടിയിട്ട കരിയിലകള്‍ക്കിടയില്‍ നിന്നും സര്‍ഗശേഷികളെ വലിച്ചെടുക്കാന്‍ നിമിത്തമായത് ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ കാഴ്ച്ചപ്പാടുകളാണ്. മാനവ വിഭവ ശേഷിയെ ഇത്ര വിദഗ്ധമായി രാജ്യത്തിനുപയോഗപ്പെടുത്താന്‍ ഒരു പണ്ഡിതന്‍ നടത്തിയ ശ്രമങ്ങള്‍ കേരളീയ ഉലമാ ആക്ടിവിസത്തിന്റെ താളുകളില്‍ രേഖപ്പെടുത്തപ്പെടും.
ആത്മീയ പ്രവാഹത്തെ വെട്ടിപ്പരുക്കേല്‍പിച്ച് ഒരു തരം ഇടുങ്ങിയ ഇസ്ലാമിനെ കേരളീയ ഭൂപടത്തില്‍ വിന്യസിക്കാനുള്ള നീചശ്രമങ്ങളെ മഅ്ദിന്‍ പ്രതിരോധിച്ചു. മൗലിദുകളും ആണ്ടും മുഹര്‍റവും ഫെസ്റ്റ് ഓഫ് റജബും റമസാന്‍ ഇരുപത്തിയേഴാം രാവുമെല്ലാം കാലങ്ങള്‍ക്ക് മുമ്പേ വിസ്മൃതിയിലാണ്ട ഒരു സംസ്‌കാരത്തെ മനോഹരമായി തിരിച്ചുപിടിക്കലായി. റമസാനിന്റെ ഇരവുകളെ ആരാധനയാല്‍ ധന്യമാക്കാന്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലെത്തിയ യുവതലമുറയെ കണ്ട് മുഖത്ത് ചുളിവ് വീണ കാരണവന്‍മാര്‍ ചിരിച്ചു. അവരും ഇത്തരം കാഴ്ചകള്‍ പഴയകാലത്ത് ഏറെ കണ്ടവരായിരുന്നു.
ജേര്‍ണലിസ്റ്റുകളെ രൂപപ്പെടുത്തുക എന്നതിലേറെ മുസ് ലിം സമുദായത്തിനിടയില്‍ അതി ശക്തമായ മാധ്യമ സാക്ഷരത ആഴത്തില്‍ രൂപപ്പെടുത്തിയെടുക്കാനാണ് മഅ്ദിന്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമാണ് ജേര്‍ണലിസം സെന്റര്‍. മലപ്പുറം ഗവണ്‍മെന്റ് കോളജ് ആയിരുന്നു മലപ്പുറം പട്ടണത്തിലെയും പരിസരങ്ങളിലയും വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനായി ആശ്രയിക്കാവുന്ന ഏക സ്ഥാപനം. എന്നാല്‍ പല കാരണങ്ങളാലും അവിടെ പ്രവേശനം ലഭിക്കാതിരിക്കുന്ന വിദ്യാര്‍ഥികള്‍ തീരെ നിലവാരമില്ലാത്ത ട്യൂട്ടോറിയല്‍ കോളജുകളില്‍ അഡ്മിഷന്‍ നേടുന്നത് കണ്ട് മനസ്സ് വേദനിച്ചപ്പോയാണ് മഅ്ദിന്‍ ആര്‍ട്‌സ് കോളജ് പിറവിയെടുക്കുന്നത്.

മദ്‌റസാ പഠനം മലപ്പുറത്ത് നിന്നും ഇല്ലായ്മ ചെയ്യാനുള്ള ചില കോണുകളില്‍ നിന്നുയര്‍ന്ന ശ്രമങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍. ഇന്ന് കേരളത്തില്‍ തന്നെ മതഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന പഠനനിലവാരവും അച്ചടക്കവും കൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് ഈ സ്ഥാപനം
ആത്മീയതയുടെ അറിവും കനിവുമായി നന്മയുടെ വ്യാഴവട്ടത്തിലേക്ക് മഅ്ദിന്‍ പ്രവേശിച്ചതിന്റെ ആഘോഷമായിരുന്നു പുതിയ സമ്മേളന സംസ്‌കാരത്തെ കേരളീയ മുസ്ലിം മണ്ഡലത്തില്‍ പരിചയപ്പെടുത്തിയ 2019 ല്‍ നടന്ന എന്‍കൗമിയം സമ്മേളനം. എന്‍കൗമിയത്തോടെ മഅ്ദിനിന്റെ വളര്‍ച്ച ഒരു പ്രത്യേക ദിശയിലേക്ക് മാറുന്നത് നമുക്ക് കാണാം. ആധുനികതയിലേക്ക് മഅ്ദിന്‍ ഏറെ കുതിച്ച ഘട്ടമായിരുന്നു ഇത്. അപ്പോഴും ഇസ്ലാമിന്റെ പാരമ്പര്യമുഖവും കാരുണ്യതലവും കൂടുതല്‍ ശോഭയോടെ പ്രകാശനം ചെയ്യാനും മഅ്ദിനിന് സാധിച്ചു എന്നതാണ് വിസ്മയാവഹം. മഖ്ദൂമി പാരമ്പര്യത്തെ അനുധാവനം ചെയ്ത് അറുപതോളം രാഷ്ട്രങ്ങളിലേക്ക് ഖലീല്‍ അല്‍ ബുഖാരി നടത്തിയ യാത്രകള്‍ തന്നെയായിരുന്നു നവമാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ലോകത്ത് കേവലം 3.5 കോടി ജനങ്ങള്‍ മാത്രമേ മലയാളം സംസാരിക്കുന്നുള്ളൂ. 54 രാഷ്ട്രങ്ങളില്‍ സംസാരിക്കുകയും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള നാലാമത്തെ ഭാഷയുമാണ് അറബി. ജര്‍മനി, ബെല്‍ജിയം, ഹോളണ്ട്, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കുള്ള സഞ്ചാരങ്ങളില്‍ നിന്ന് നവംനവങ്ങളായ നിരവധി കാഴ്ച്ചപ്പാടുകളാണ് ഖലീലുല്‍ ബുഖാരി തങ്ങള്‍ സ്വാംശ്ീകരിച്ചത്. അവിടെയുള്ളവര്‍ ഭൂരിഭാഗവും ഗവേഷണം ഒരു സംസ്‌കാരമായി സ്വീകരിച്ചവരാണ്. അവിടങ്ങളിലെല്ലാം നിരവധി തൊഴില്‍ സാധ്യതകള്‍ ഭാഷാ നൈപുണ്യമുളളവരെ കാത്തിരിക്കുന്നൂണ്ട്. ഈ സാഹചര്യത്തില്‍ വിദേശഭാഷ എന്നത് ഇംഗ്ലീഷ് മാത്രമല്ലെന്ന് കൈരളിയെ പഠിപ്പിച്ചത് മഅ്ദിനാണ്. ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, ജെര്‍മന്‍, സ്പാനിഷ്, മലായ്, അറബി തുടങ്ങിയ ഭാഷകള്‍ക്ക് പ്രത്യേക സെന്ററുകള്‍ മഅ്ദിന്‍ ആരംഭിക്കുന്നത് ഇത്തരം കാഴ്ച്ചപ്പാടുകളില്‍ നിന്നാണ്. കേരളത്തില്‍ തന്നെ അപൂര്‍വമായ ഹൈടെക് ലൈബ്രറിയും പുതുതായി ആരംഭിച്ച അറബിക് അക്കാദമിയും ഇതിന്റെ തുടര്‍ച്ചകളാണ്. അറബി മാത്രം സംസാരിക്കുന്ന അക്കാദമി മഅ്ദിനിന് അന്താരാഷ്ട്ര മുഖം നേടിക്കൊടുക്കുന്നതില്‍ പ്രധാന ഘടകമാണ്. ഇതിനകം അന്താരാഷ്ട്രനിലവാരമുള്ള ഒമ്പതോളം യൂനിവേഴ്‌സിറ്റികളുമായി വിദ്യാഭ്യാസ വിനിമയ കരാറുകളില്‍ ധാരണയാകാനും മഅ്ദിനിന് അപൂര്‍വനേട്ടം സിദ്ധിച്ചു.

കേരളത്തില്‍ ആദ്യമായി മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് വീല്‍ചെയര്‍ ഫ്രണ്ട്‌ലി ആയി മാറിയതിനെ എത്ര രോമാഞ്ചത്തോടെയായിരിക്കും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടാവുക? ഭിന്നശേഷിക്കാരുടെ മുന്നേറ്റത്തിനായി ഏബ്ള്‍ വേള്‍ഡ് എന്ന സ്ഥാപനത്തിന് ശിലയിടാനും മഅ്ദിനിന് സാധിച്ചു. മനുഷ്യ സ്നേഹിയും ലോകരാജ്യങ്ങള്‍ക്കിടയില്‍ മലയാളിക്കഭിമാനവുമായ എം എ യൂസുഫലിയാണ് ആ കര്‍മം നിര്‍വഹിച്ചത്.

സര്‍വ തിന്മകളുടെയും താക്കോല്‍ എന്നാണ് മദ്യത്തെ നബി (സ) വിശേഷിപ്പിച്ചത്. മദ്യപാനികളില്‍ അധികപേരും ചതി വലകണ്ണികളില്‍ പെട്ടവരായിരിക്കും. പലരും പെട്ടു പോയവരാണ്, നന്മ പറഞ്ഞുപദേശിക്കാന്‍ ഒരാള്‍ ഉണ്ടായെങ്കില്‍ എന്ന് കൊതിക്കുന്നവരാണ് ലഹരി ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനവും. അവരുടെ ആഗ്രഹങ്ങള്‍ക്ക് ഉത്തരമാണ് മഅ്ദിന്‍ മിംഹാര്‍.
ക്യാമ്പസുകളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ ഇസലാമിക സ്വത്വം സംരക്ഷിച്ചു കൊണ്ടുള്ള പഠനം അസാധ്യമായപ്പോഴാണ് സ്ത്രീ വിദ്യാഭ്യാസരംഗത്ത് വ്യതിരിക്തമായ കാല്‍വെപ്പുകള്‍ നടത്താന്‍ തീരുമാനിച്ചത്. അവരുടെ വിദ്യാഭ്യാസം ഒരു തലമുറയുടെ ഭാവിയാണ് ഭാസുരമാക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഹാഫിളത്തുകളും ഉയര്‍ന്ന മത ജ്ഞാനം കരഗതമാക്കിയവരും ഒപ്പം ആധുനിക വിദ്യാഭ്യാസവും കരസ്ഥമാക്കിയ കുടുംബനാഥകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷീ ക്യാമ്പസും ക്യൂ ലാന്റുമൊക്കെ ആരംഭിക്കുന്നത്.

ജ്ഞാന സമൃദ്ധിയുടെ ഇരുപതാണ്ടുകള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ മഅ്ദിനിന് ഏറെ അഭിമാനിക്കാം. ഇസ്‌ലാമിക നാഗരികത സാധ്യമാക്കിയ ഘടകങ്ങളെ ചരിത്ര തത്വചിന്താ വിശാരദനായ വില്‍ ഡ്യൂറന്റ് നിരീക്ഷിക്കുന്നുണ്ട്. സൂക്ഷ്മമായ ആത്മീയത, നൈതികമായ കാഴ്ചപ്പാട്, ഭദ്രമായ മൂല്യസമീപനങ്ങള്‍ എന്നിവയാണവ. ഇവ മഅ്ദിനിലും അതിന്റെ സാരഥിയിലും ആദ്യാന്തം സജീവമായി നിലനില്‍ക്കുന്നത് നമുക്ക് നിരീക്ഷിക്കാനാവും. മഅ്ദിന്‍ സ്ഥാപനങ്ങള്‍ കേവലം എടുപ്പുകള്‍ മാത്രമല്ല, ദുര്‍ബലര്‍ സമൂഹത്തിലെ നിര്‍ണായക ശക്തികളായതെങ്ങനെ എന്നുകൂടി അവ നമ്മെ പഠിപ്പിക്കുന്നുണ്ട്. നിന്നേടത്ത് നിന്നു തന്നെ കാര്യങ്ങള്‍ സാധ്യമാക്കാമെന്ന സ്ഥിതിയിലേക്ക് മലപ്പുറത്തെ മാറ്റിവരക്കുന്നതില്‍ മഅ്ദിന്‍ പ്രഥമ സ്ഥാനം വഹിച്ചു. ഇന്ന് മലപ്പുറം വിദ്യാഭ്യാസ നഗരമാണ്. ചേറിലും പാടങ്ങളിലും രാവന്തി കഴിച്ചിരുന്ന മാപ്പിളമാര്‍ ആത്മവിശ്വാസമുള്ളവരായി മാറിയിരിക്കുന്നു. ഒരു ജനതയെ വിശേഷിച്ചും പതിത സമൂഹത്തെ കുറഞ്ഞ കാലംകൊണ്ട് ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയെന്ന അത്യധികം ക്ലേശകരമായ ദൗത്യത്തിന് മുന്നില്‍ നിന്നു എന്നതാണ് മഅ്ദിന്‍ അക്കാദമിയുടെ മഹത്വം. ഒപ്പം, സ്വലാത്ത് നഗര്‍ ഒരു വലിയ ദേശം ആയി പരിണമിച്ചിരിക്കുന്നു. ഇസ്‌ലാമിലെ ഒരനുഷ്ഠാനത്തിന്റെ നാമത്തില്‍ ഒരു ദേശം അറിയപ്പെട്ടതിനെ ചെറിയൊരു ഇലയനക്കമായിട്ടൊന്നുമായിരിക്കില്ല ചരിത്രം അടയാളപ്പെടുത്തുക.