Connect with us

Kerala

നിറയെ യാത്രക്കാര്‍; കരിപ്പൂരില്‍ സഊദിയുടെ ജൈത്രയാത്ര

Published

|

Last Updated

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള സഊദി എയര്‍ലൈന്‍ സര്‍വീസ് വിജയകരമായി മുന്നേറുന്നു. ഒരാഴ്ച മുമ്പാണ് സര്‍വീസുകള്‍ തുടങ്ങിയത്. എതാണ്ട് നിറയെ യാത്രക്കാരുമായാണ് സര്‍വീസുകളെല്ലാം ഓപ്പറേറ്റ് ചെയ്തത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണ് സഊദിയയുടെ വലിയ വിമാനങ്ങളുടെ സര്‍വീസ്. സര്‍വീസുകള്‍ നല്ല നിലയില്‍ നടക്കുകയാണെന്നും ഡിസംബര്‍ മാസം 92 ശതമാനം സീറ്റുകളും ബുക്ക് ചെയ്തതായും സൗദിയ അധികൃതര്‍ പറഞ്ഞു. ആഴ്ചയില്‍ നാലു ദിവസം ജിദ്ദയിലേക്കും മൂന്നു ദിവസം റിയാദിലേക്കുമാണ് സര്‍വീസ്. ഇപ്പോഴത്തെ നിലയില്‍ ഷെഡ്യൂള്‍ മാറ്റമൊന്നും തീരുമാനിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു. അതേസമയം, കരിപ്പൂരില്‍ നിന്ന് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സജീവമായി.

കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് കാര്യങ്ങള്‍ സംബന്ധിച്ച നിവേദനം സമര്‍പ്പിച്ചതായി കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭാരവാഹികള്‍ അറിയിച്ചു. എയര്‍ഇന്ത്യ, എമിറേറ്റ്‌സ് തുടങ്ങിയ കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും മലേഷ്യ, സിംഗപ്പൂര്‍, കൊളംബോ സര്‍വീസുകളും ആരംഭിക്കുക, ഡല്‍ഹിയിലേക്ക് ഡയറക്ട് സര്‍വീസ് ആരംഭിക്കുക, വേണ്ടത്ര കസ്റ്റംസ് സ്റ്റാഫിനെ നിയോഗിച്ചു യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക, പുതിയ ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കാന്‍ നടപടിയെടുക്കുക, വിമാനത്താവളത്തിന് ആവശ്യമായ 152.25 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ അഭ്യര്‍ഥിച്ചതായി പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, ഹോ. സെക്രട്ടറി രാജേഷ് കുഞ്ഞപ്പന്‍ അറിയിച്ചു.

കോഴിക്കോട്- ദുബൈ സെക്ടറില്‍ ഫ്‌ളൈ ദുബൈ വിമാന സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്കു ഏറെ ഗുണകരമാകുമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ആഭ്യന്തര യാത്രക്കാര്‍ക്ക് ചുരുങ്ങിയ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതിനും വിമാനക്കമ്പനികളെ കോഴിക്കോട്ടേക്ക് ആകര്‍ഷിക്കുന്നതിനും, 10 വര്‍ഷത്തേക്ക് കണ്ണൂര്‍ വിമാനത്താവളത്തിന് അനുവദിച്ച ഇന്ധന (എ ടി എഫ്) നികുതിയിളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു

Latest