57 ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോള്‍ വില കൂടി

Posted on: December 13, 2018 11:07 am | Last updated: December 13, 2018 at 4:09 pm

കൊച്ചി: 57 ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിന് ശേഷം പെട്രോള്‍ വില ഉയര്‍ന്നു. ഇന്ന് ലിറ്ററിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ 72.03 രൂപ വരെ കുറഞ്ഞ പെട്രോള്‍ വില ഇന്ന് 72.14 രൂപയായി. 68.22 രൂപയാണ് നഗരത്തിലെ ഡീസല്‍ വില.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. തുടര്‍ച്ചയായുള്ള വര്‍ധനവിനെ തുടര്‍ന്ന് കൊച്ചിയില്‍ പെട്രോളിന് 85 രൂപക്ക് മുകളിലെത്തിയിരുന്നു. ഇതാണ് പടിപടിയായി കുറഞ്ഞ് 72ല്‍ എത്തിയത്. ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 70.29 രൂപയും ഡീസലിന് 64.66 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 75.80ഉം ഡീസലിന് 67.66 രൂപയുമായി. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത.