സര്‍ ജി ആരാണ് പപ്പുവെന്ന് ഇപ്പോള്‍ പറഞ്ഞു തരുമോ?

Posted on: December 13, 2018 9:51 am | Last updated: December 13, 2018 at 9:51 am

ന്യൂഡല്‍ഹി: ‘പഞ്ചാങ്ക’ വിധിക്ക് പിറകേ നരേന്ദ്ര മോദിയെ പരിഹസിച്ചും രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും ബി ജെ പി. എം പിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ആരാണ് പപ്പു എന്ന് ഇനി ഒന്നു പറഞ്ഞു തരാമോ എന്നും യഥാര്‍ഥത്തില്‍ ഇപ്പോള്‍ ഫേക്ക് ആയത് ആരാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റില്‍ ചോദിച്ചു.

‘സര്‍ ജി, ആരാണ് പപ്പു എന്ന് ഇനി ഞങ്ങള്‍ക്കൊന്ന് പറഞ്ഞു തരാമോ? യഥാര്‍ഥത്തില്‍ ഫേക്കു ആയത് ആരാണെന്നും പറയാമോ? ഊര്‍ജസ്വലനും ശക്തനും അതിലുപരി ഏവരുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്ത ഞങ്ങളുടെ സ്വന്തം രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തെളിയിച്ചിരിക്കുന്നുവെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.

‘രാഹുല്‍ ഗാന്ധിയുടെ മാതാവിനെ അങ്ങേയറ്റം അധാര്‍മികവും അപകീര്‍ത്തിപരവുമായി ‘വിധവ’ എന്ന വാക്കുപയോഗിച്ച് ആക്ഷേപിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? നിങ്ങളുടെ ആ പ്രയോഗത്തെ ആരും പിന്തുണച്ചില്ല. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിലെ എല്ലാവരെയും താന്‍ അഭിനന്ദിക്കുന്നുവെന്നും ജനാധിപത്യം നീണാള്‍ വാഴട്ടെ’യെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.