ഗാന്ധിജി രാഹുലിന്റെ മുതുമുത്തച്ഛന്‍; അബദ്ധ പരാമര്‍ശത്തില്‍ ‘ചരിത്രം തിരുത്തി’ പി കെ ഫിറോസ്

Posted on: December 12, 2018 4:39 pm | Last updated: December 12, 2018 at 8:43 pm

കോഴിക്കോട്: നേതാക്കന്മാരുടെ അബദ്ധ പരാമര്‍ശങ്ങളില്‍ ചരിത്രം തിരുത്തി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മ ഗാന്ധി, മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണ് എന്നും മറ്റുമുള്ള ഭീമാബദ്ധങ്ങളാണ് യൂത്ത് ലീഗ് പൊതു പരിപാടിയില്‍ പ്രസംഗിക്കവെ ഫിറോസ് എഴുന്നള്ളിച്ചത്.

നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാരാണ് നമുക്കുള്ളത്. രാജ്യത്തെ മത സൗഹാര്‍ദത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍ എസ് എസുകാരന്റെ വെടിയേറ്റു മരിച്ച തന്റെ മുതു മുത്തച്ഛനായ മഹാത്മ ഗാന്ധിയുടെ കഥകള്‍ കേട്ടു വളര്‍ന്ന രാഹുലിനെയല്ലാതെ ആരെയാണ് നമ്മള്‍ പിന്തുണക്കുക. സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ ചിന്നി ചിതറിയപ്പോള്‍ കണ്ണീരൊലിപ്പിച്ചു മൃതദേഹം കണ്ടുനില്‍ക്കേണ്ടി വന്ന ചെറുപ്പക്കാരനാണ് രാഹുല്‍ ഗാന്ധി. എന്നിങ്ങനെയാണ് ഫിറോസ് ചരിത്രാബദ്ധങ്ങള്‍ വിളിച്ചു പറഞ്ഞത്.

നെഹ്‌റു കുടുംബത്തില്‍ ജനിച്ച രാഹുലിനെയാണ് പേരില്‍ ഗാന്ധിയുള്ളതു കൊണ്ട് മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെടുത്തിയത്. ഇന്ദിര ഗാന്ധി- ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തച്ഛനും മുത്തശ്ശിയും. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഥലം ശ്രീപെരുംപുത്തൂരാണ്. ഇതാണ് ഫിറോസ് കോയമ്പത്തൂരാക്കിയത്. ഇത്രയും വലിയ അബദ്ധം പ്രസംഗിച്ചിട്ടും അണികള്‍ കൈയടിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.