രാഷ്ട്രീയ ദിശാമാറ്റത്തിന്റെ സൂചന

Posted on: December 12, 2018 12:50 pm | Last updated: December 12, 2018 at 12:50 pm

കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞടുപ്പ് ഫലം. ഛത്തീസ്ഗഢില്‍ കേവല ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് രാജസ്ഥാനിലും മുന്നിലെത്തി. മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം 58 സീറ്റില്‍ ഒതുങ്ങിയിരുന്ന പാര്‍ട്ടി ഭരണത്തില്‍ തൊട്ടുനില്‍ക്കുന്നു. തെലങ്കാനയില്‍ പ്രതീക്ഷിച്ച പോലെ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടി ആര്‍ എസ് പ്രവചനങ്ങളെ മറികടന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുകയും ചെയ്തു. തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരിച്ച മിസോറാമില്‍ പക്ഷേ, കോണ്‍ഗ്രസ് വന്‍ തകര്‍ച്ച നേരിട്ടു. 2008ല്‍ 40 ല്‍ 32 സീറ്റും 2013ല്‍ 34 സീറ്റും നേടിയ കോണ്‍ഗ്രസിന് ഇത്തവണ അഞ്ച് സീറ്റാണ് ലഭിച്ചത്. 25 സീറ്റ് നേടി മിസോ നാഷനല്‍ ഫ്രണ്ട് (എം എന്‍ എഫ്) അധികാരം ഉറപ്പിച്ചു.

ഛത്തീസ്ഗഢില്‍ തിളക്കമാര്‍ന്ന വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ബി ജെ പി ഇവിടെ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അജിത് ജോഗി വിഘടിച്ചു പോയത് കോണ്‍ഗ്രസ് പാളയത്തില്‍ വിള്ളല്‍ ഉണ്ടാക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ജോഗിയെ വോട്ടര്‍മാര്‍ തള്ളി. രമണ്‍സിംഗ് എന്ന ജനകീയനായ നേതാവിന്റെ തകര്‍ച്ചയാണ് ഛത്തീസ്ഗഢില്‍ ബി ജെ പിക്ക് വലിയ തിരിച്ചടിയായത്. ഗോത്രവര്‍ഗ മേഖലയില്‍ ഒരു രൂപക്ക് അരി, സ്ത്രീകള്‍ക്ക് പ്രഷര്‍കുക്കര്‍ തുടങ്ങിയ പദ്ധതികളിലൂടെയും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തിയ വികാസ് യാത്രയിലൂടെയും ജനപിന്തുണ നിലനിര്‍ത്തി രമണ്‍സിംഗിന്റെ ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചിരുന്നു ബി ജെ പി നേതൃത്വം. മിക്ക എക്‌സിറ്റ് പോളുകളും ഇവിടെ ബി ജെ പിക്കായിരുന്നു മുന്‍തൂക്കം കണ്ടതും. ആ പ്രതീക്ഷകളെല്ലാം തകര്‍ന്നടിഞ്ഞു.
അടുത്ത പൊതുതിരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരാനിരിക്കുന്ന വന്‍ മാറ്റത്തിലേക്കുള്ള ചൂണ്ടുപലകയായി ഫലത്തെ നിരീക്ഷിക്കുന്നവരുണ്ട്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നന്നായി പിന്തുണച്ച സംസ്ഥാനങ്ങളാണ്. മൂന്നിടങ്ങളിലുമായി 65 ലോക്‌സഭാ സീറ്റില്‍ 63 ഉം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിയാണ് നേടിയിരുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലങ്ങളനുസരിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടുന്ന ലോക്‌സഭാ സീറ്റുകളുടെ എണ്ണം പകുതിയില്‍ താഴെ പോകും. ഈ തിരഞ്ഞെടുപ്പിലെ ജനവികാരം മറ്റു സംസ്ഥാനങ്ങളിലും പ്രതിഫലിക്കുന്നതോടെ യു പിയിലടക്കം ബി ജെ പിയുടെ സീറ്റുകള്‍ ഗണ്യമായി കുറയുകയും ചെയ്യും. മോദി തരംഗം അവസാനിച്ച് രാജ്യത്ത് രാഹുല്‍ തരംഗം ആഞ്ഞു വീശാനിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഹുല്‍ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് കൃത്യം ഒരു വര്‍ഷം തികയുമ്പോഴുള്ള നേട്ടം അദ്ദേഹം അതികായനായി വളരുന്നതിന്റെ സൂചന കൂടിയാണ്. പ്രതിപക്ഷത്തിന്റെ വിശാലസഖ്യം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ശക്തിപകരും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സമാജ് വാദി പാര്‍ട്ടിക്കും ബി എസ് പിക്കും പുനരാലോചനക്കും വിശാല സഖ്യവുമായി സഹകരിക്കാനും ഇത് പ്രചോദനവുമായേക്കാം.
സംസ്ഥാന സര്‍ക്കാറുകളുടെ പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെട്ടതെന്നും മോദി സര്‍ക്കാറിന്റെ പ്രതിഫലനമല്ലെന്നുമുള്ള പ്രസ്താവനയുമായി മോദിയുടെ മുഖം രക്ഷിക്കാനായി കേന്ദ്രആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് രംഗത്തുവന്നിട്ടുണ്ട്. അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബി ജെ പി അധികാരത്തിലെത്തുമെന്നും ഈ വിജയങ്ങള്‍ മോദിയുടെ ഔന്നിത്യം ഉയര്‍ത്തുകയും 2019ല്‍ മോദിയെ അതിശക്തനാക്കുകയും ചെയ്യുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ അവകാശപ്പെട്ടിരുന്നത്. മോദിയുടെ പ്രഭാവത്തിനേറ്റ മങ്ങല്‍, അദ്ദേഹത്തിന്റെ ഏകാധിപത്യത്തിനെതിരെ പാര്‍ട്ടിയില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന അസ്വാരസ്യം പുറത്തുവരാനിടയാക്കും. മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പി. എം പി സഞ്ജയ് കക്കഡെ മോദിയെ വിമര്‍ശിച്ച് രംഗത്തു വന്നു കഴിഞ്ഞു. വരും ദിനങ്ങള്‍ കൂടുതല്‍ പേര്‍ രംഗത്തുവരുമെന്നാണ് സൂചന.
ജനജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടച്ച് കേവല വാചകക്കസര്‍ത്തു കൊണ്ടും വര്‍ഗീയ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കിയും ഇന്ത്യന്‍ ജനതയെ പിടിച്ചു നിര്‍ത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന മുന്നറിയിപ്പ്. വികസന കാര്യങ്ങള്‍ മറന്ന് പ്രതിമാനിര്‍മാണം, സ്ഥലങ്ങളുടെ പേരുമാറ്റം, ഗോസംരക്ഷണത്തിന്റെ പേരില്‍ മതന്യൂനപക്ഷങ്ങളെയും ദളിതുകളെയും തല്ലിക്കൊല്ലല്‍ തുടങ്ങിയ വര്‍ഗീയ വിഷയങ്ങളിലായിരുന്നല്ലോ പാര്‍ട്ടിയുടെ മുഖ്യശ്രദ്ധ. ഇതിനിടയില്‍ കര്‍ഷകരെയും തൊഴിലില്ലാത്ത യുവാക്കളെയും പാര്‍ട്ടിയും സര്‍ക്കാറും മറന്നു. അതിന് ജനം തിരിച്ചടി നല്‍കുകയും ചെയ്തു.