National
മധ്യപ്രദേശില്‍ ബിഎസ്പി , എസ്പി പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ് ഇന്ന് ഗവര്‍ണറെ സമീപിക്കും .അര്‍ധരാത്രിവരെ നീണ്ടുനിന്ന അനശ്ചിതങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് മേല്‍ക്കൈ നേടിയത്. 230 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 114 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപി 109 സീറ്റില്‍ ഒതുങ്ങി. ബിഎസ്പി രണ്ട് സീറ്റും മറ്റുള്ളവര്‍ അഞ്ച് സീറ്റിലും വിജയമുറപ്പിച്ചു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് ബിഎസ്പിയുടെയും എസ്പിയുടേയും രണ്ട് സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ നയിച്ച മുതിര്‍ന്ന നേതാവ് കമല്‍നാഥ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോതിരാദിത്യ സിന്ധ്യെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും കമല്‍നാഥിന് തന്നെയാണ് മുന്‍തൂക്കം എന്നാണറിയുന്നത്. അതേ സമയം ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം നിര്‍ണായകമാകും.