ടോങ്കില്‍ സച്ചിന്‍ പൈലറ്റിന് വിജയം

Posted on: December 11, 2018 10:57 am | Last updated: December 11, 2018 at 10:57 am

ടോങ്ക് (രാജസ്ഥാന്‍): പതിവ് സമവാക്യങ്ങള്‍ തെറ്റിച്ച് ടോങ്കിലെ ജനത വിധിയെഴുത്ത് നടത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സച്ചിന്‍ പൈലറ്റിന് വിജയം. ഇരുപത്തിയഞ്ച് ശതമാനം മുസ്്‌ലിം വോട്ടര്‍മാരുള്ള ഇവിടെ പതിവ് രീതികള്‍ മാറ്റവെച്ചാണ് മുസ്്‌ലിം സ്ഥാനാര്‍ഥിയല്ലാത്ത ഒരാളെ കോണ്‍ഗ്രസ് ഇവിടെ നിര്‍ത്തുന്നത്.

നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്നൊക്കെയാണ് സച്ചിന്‍ പൈലറ്റിനെതിരെ ബിജെപി ആരോപണമുന്നയിച്ചത്. എന്നാല്‍ ഇതൊന്നും വോട്ടര്‍മാരെ സ്വാധീനിച്ചില്ലെന്നാണ് സച്ചിന്‍ പൈലറ്റിന്റെ വിജയം തെളിയിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രിയും പിസിസി അധ്യക്ഷനുമായ പൈലറ്റ് ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരായ ജനവികാരത്തില്‍ ബിജെപി സ്ഥാനാര്‍ഥി യൂനസ് ഖാന് ഇവിടെ അടിപതറി.

1985 മുതല്‍ മുസ്്‌ലിം വനിതാ സ്ഥാനാര്‍ഥിയായ സാക്കിയ ആയിരുന്നു ടോങ്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇവരെ മാറ്റി സച്ചിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പാര്‍ട്ടിയില്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നുവെങ്കിലും സച്ചിന്റെ വിജയത്തോടെ തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയായി ആദ്യം തീരുമാനിച്ചിരുന്നത് അജിത്ത് സിംഗ് മേത്തയെ ആയിരുന്നുവെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സച്ചിന്‍ പൈലറ്റാണെന്നറിഞ്ഞതോടെ യൂനസ് ഖാനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. എന്നാല്‍ പതിവ് സമവാക്യങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് ടോങ്കിലെ ജനങ്ങള്‍ വിധിയെഴുത്ത് നടത്തുകയായിരുന്നു.