രാഹുലും കോണ്‍ഗ്രസും ആലിബാബയെയും നാല്‍പതു കള്ളന്മാരെയും പോലെ: ബി ജെ പി

Posted on: December 10, 2018 4:44 pm | Last updated: December 10, 2018 at 4:44 pm

ന്യൂഡല്‍ഹി: അഴിമതിയുടെ കാര്യത്തില്‍ അറബിക്കഥയിലെ ആലിബാബയുടെയും നാല്‍പതു കള്ളന്മാരുടെയും സമാന സ്ഥിതിയാണ് രാഹുല്‍ ഗാന്ധിയുടെതും കോണ്‍ഗ്രസിന്റെതുമെന്ന് ബി ജെ പി. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ സ്ഥാപനത്തിന് നാലര ഏക്കറിലധികം വരുന്ന ഫാം ഹൗസ് 6,70000 രൂപക്ക് മാസ വാടകക്ക് രാഹുലും സഹോദരി പ്രിയങ്കയും ചേര്‍ന്ന് നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് ബി ജെ പി വക്താവ് സമ്പിത് പത്രയുടെ പരിഹാസം.

നിരവധി അഴിമതി ആരോപണങ്ങളില്‍ സ്വയം കുടുങ്ങിക്കിടക്കുന്നതിനിടെയാണ് രാഹുലും കൂട്ടരും പ്രധാന മന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സമ്പിത് പത്ര പറഞ്ഞു. അഴിമതിക്കേസുകളില്‍ തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റുള്ളവര്‍ക്കു നേരെ ആരോപണമുന്നയിക്കുന്നത് കോണ്‍ഗ്രസിന്റെ സ്ഥിരംപരിപാടിയാണെന്ന് മറ്റൊരു വക്താവ് ഷാനവാസ് ഹുസൈനും പറഞ്ഞു.