Connect with us

Articles

കിസാന്‍ മുക്തി മാര്‍ച്ചും ഇന്ത്യന്‍ കര്‍ഷകരും

Published

|

Last Updated

മഹാരാഷ്ട്രയില്‍ നിന്നുള്ള ഖണ്ഡു എന്ന കര്‍ഷകന്റെ ദൈന്യതയും ആകുലതകളും ഇന്ത്യന്‍ കര്‍ഷകര്‍ ഇന്നനുഭവിക്കുന്ന ദുരിതപര്‍വത്തിന്റെ നേര്‍ചിത്രമാണ്. ഏഴേക്കര്‍ കൃഷിയിടം ആ മധ്യവര്‍ഗ കര്‍ഷകനുണ്ടെങ്കിലും ഇന്നയാള്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യയിലേക്ക് എടുത്തുചാടാന്‍ നോക്കുകയാണ്. ഇത് ഒരു മധ്യവര്‍ഗ കര്‍ഷകന്റെ അവസ്ഥയാണെങ്കില്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ലക്ഷക്കണക്കിന് കര്‍ഷകരുടെ ഗതിയെന്താണ്? പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഈ മണ്ണില്‍ കൃഷി ചെയ്താലും ഗത്യന്തരമില്ലാത്ത അവസ്ഥയിലാണ് പലരുമിന്ന്. മോദി അധികാരമേറ്റതിനു ശേഷം ഇന്ത്യന്‍ കടക്കെണിയില്‍പെട്ട് മരിച്ച കര്‍ഷകര്‍ ആയിരങ്ങളത്രെ! കാര്‍ഷിക പ്രശ്‌നം കത്തിനില്‍ക്കുന്ന സമയത്താണ് മോദി നോട്ടുനിരോധനം കൊണ്ട് ഇന്ത്യന്‍ കര്‍ഷകരെ ഒന്നുകൂടി പരീക്ഷിച്ചത്. കിസാന്‍ മുക്തി മാര്‍ച്ച്, രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച മഹാറാലി ഇന്ത്യന്‍ കര്‍ഷകരുടെ നോവിന്റെ ആത്മാവിഷ്‌കാരമായി മാറുന്നുണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും രാംലീല മൈതാനത്തേക്ക് ഇരമ്പിയെത്തിയ കര്‍ഷക ലക്ഷങ്ങള്‍ മോദിയുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട; ഒരു പൊതുതിരഞ്ഞെടുപ്പ് ആഗതമായ സ്ഥിതിക്ക് പ്രത്യേകിച്ച്.
മോദിയുടെ അധികാരാനന്തരമുള്ള നാല് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനത്തില്‍ സംഭവിച്ച ഇടിവ്, അവരെ ദുരിതക്കയത്തില്‍ എത്തിച്ചിരിക്കുന്നു.

അധികാരമേല്‍ക്കുമ്പോള്‍, കര്‍ഷകരുടെ വരുമാനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കുമെന്നായിരുന്നു മോദിയുടെ സുന്ദരമായ വാഗ്ദാനങ്ങളില്‍ ഒന്ന്. ആ സുന്ദര വാഗ്ദാനത്തിന്റെ മായാവലയത്തില്‍ പെട്ടാണ് കര്‍ഷകര്‍ മോദിയെ അധികാരത്തിലേറ്റിയത്. ഇന്ത്യന്‍ കാര്‍ഷിക സമ്പദ്ഘടനയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ഡോ. വികാസ് റാവലിനെ പോലുള്ളവര്‍ പറയുന്നത്, മോദി ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ കര്‍ഷകരോ കാര്‍ഷിക വൃത്തിയോ നിലവില്‍ ഉണ്ടാവില്ല എന്നാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഒരു കര്‍ഷകന്റെ നിലനില്‍പ്പ്ആശ്രയിക്കുന്നത് വിളകള്‍ക്കു ലഭിക്കുന്ന വിലയെയും ഉത്പാദന ക്ഷമതയെയും ആശ്രയിച്ചാണ്. ഉത്പാദനച്ചെലവ് മറ്റൊരു ഘടകമായി വരുന്നുണ്ട്. ഇന്ത്യയില്‍ സംഭവിക്കുന്നത് ഉത്പാദനച്ചെലവ് കൂടുകയും വിളകള്‍ക്ക് ലഭിക്കുന്ന വിലയില്‍ ഇടിവ് സംഭവിക്കുകയും ചെയ്യുന്നുവെന്നതാണ്. നാല് വര്‍ഷത്തിനിടയില്‍ കര്‍ഷകരുടെ എല്ലാ വിളകള്‍ക്കും സംഭരണ വിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് 15 ശതമാനമായിരുന്നു നെല്ലിന്റെ സംഭരണ വിലയെങ്കില്‍ മോദിയുടെ കാലത്ത് അത് കുത്തനെ താഴോട്ട് പോയി. കൂനിന്മേല്‍ കുരുവെന്നതുപോലെ പണപ്പെരുപ്പവും, നോട്ട് നിരോധനവും ഒന്നിച്ചു വന്നപ്പോള്‍ കാര്‍ഷിക വൃത്തി ഏറ്റവും പരിതാപകരമായി.

കഴിഞ്ഞ കുറെ കാലമായി ഇന്ത്യന്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ഒരു വലിയ പ്രശ്‌നമാണ് ഉത്പാദനച്ചെലവിലെ മാന്ദ്യം. കര്‍ഷകര്‍ കാലാവസ്ഥ മനസ്സിലാക്കി കൃഷി ചെയ്യുന്നവരും വിളവെടുക്കുന്നവരുമാണ്. അതൊരു പാരമ്പര്യമാണ്. നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുടെ ഒരു ഭാഗമെന്ന് വേണമെങ്കില്‍ പറയാം. 2016-2017 കാലയളവില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സംഭവിച്ച അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കര്‍ഷകരെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. മോദി സര്‍ക്കാറിന്റെ സത്വര ശ്രദ്ധ പതിയേണ്ട ഈ അടിയന്തിര ഘട്ടത്തില്‍, അവര്‍ക്ക് ആശ്വാസമാകുന്നതിന് പകരം പലതരം തലതിരിഞ്ഞ നയനിലപാടുകള്‍ കൊണ്ട് അവരെ കൂടുതല്‍ ദ്രോഹിക്കുകയാണ് മോദി ചെയ്തത്. ബേങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് സഹായം കിട്ടിയില്ലെന്നത് പോകട്ടെ, എടുത്ത വായ്പകളില്‍ ബേങ്ക് അമിത പലിശ ഈടാക്കി കര്‍ഷകരെ കൊള്ളയടിച്ചു. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ വായ്പാ കുടിശ്ശികകള്‍ നിര്‍ലോഭം തള്ളാന്‍ മോദി സഹായിച്ചെങ്കിലും കര്‍ഷകരുടെ പ്രശ്‌നം വന്നപ്പോള്‍ മൗനം ഭുജിച്ചു. മല്യമാരെ പോലുള്ളവര്‍ ബേങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടി വിദേശരാജ്യങ്ങളില്‍ അഭയം തേടുകയും ചെയ്തു. ഈ പരിതസ്ഥിതിയിലാണ് കാല്‍ നൂറ്റാണ്ടിനുള്ളില്‍ തന്നെ മൂന്ന് ലക്ഷം കര്‍ഷകര്‍ ഇവിടെ ആത്മഹത്യ ചെയ്തത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍ സി ആര്‍ ബി) കഴിഞ്ഞ രണ്ട് വര്‍ഷമായി കര്‍ഷകരുടെ ആത്മഹത്യാ കണക്ക് പുറത്ത് വിടാത്തത് തന്നെ ഇന്ത്യയിലെ ജനരോഷം ഭയന്നോ മോദിയുടെ ആജ്ഞ പ്രാകരമോ ആാണെന്ന് അറിയാത്തവരല്ല നാം.
കര്‍ഷകരുടെ ആത്മഹത്യകളെ ചില മുന്‍വിധികളോടെയാണ് നാം സമീപിക്കുന്നത്. പല ആത്മഹത്യകളും കര്‍ഷക ആത്മഹത്യകളുടെ പട്ടികയിലല്ല ഉള്‍പ്പെടുത്തുന്നത്. പ്രാഥമിക അന്വേഷണങ്ങള്‍ നടത്തുന്ന പോലീസുകാര്‍ ഇത്തരം ആത്മഹത്യകളെ മറ്റു പല കാരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിസാരവത്കരിക്കുന്ന പതിവുണ്ട്. ഒരു ആദിവാസി ആത്മഹത്യ ചെയ്താല്‍ അത് കാര്‍ഷിക ആത്മഹത്യയിലല്ല പെടുത്താറ്. ആ ദരിദ്രനാരായണന്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്‌തെങ്കില്‍ അതെങ്ങനെ മറ്റൊരു ലേബലില്‍ പെടും? ഇങ്ങനെ ധാരാളം കേസുകള്‍ തള്ളപ്പെട്ടു പോയിട്ടുണ്ട്. സ്ത്രീ ആത്മഹത്യയുടെ കാര്യത്തിലും ഇതേ നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നത്. ഇന്ത്യയില്‍ സ്ത്രീകളെ കര്‍ഷകരായി ഗണിക്കപ്പെടുന്നില്ല. സ്വന്തമായി ഭൂമിയുള്ളവരെയാണ് കര്‍ഷകരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ സ്ത്രീകള്‍ കൃഷി ചെയ്യുന്നുമുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ലോക്‌സഭയില്‍ വെച്ച് ഒരു ചോദ്യത്തിന് മറുപടിയായി കൃഷിമന്ത്രി പറഞ്ഞത്; സ്ത്രീകളെ കര്‍ഷകരായി പരിഗണിക്കാന്‍ വയ്യെന്നാണ്. 2011-ലെ സെന്‍സസ് പ്രകാരം 3.60 കോടി സ്ത്രീ കര്‍ഷകര്‍ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ എന്ന് ഓര്‍ക്കണം.

ഇന്ത്യയിലെ സ്ത്രീ കര്‍ഷകരെ കുറിച്ച് പഠിക്കുന്ന റിത്തു ദെവാന്റെ കണക്കുകള്‍ ഈ കാലത്ത് പ്രസക്തമാണ്. കൃഷിയിടത്തില്‍ തൊഴില്‍ നോക്കുന്ന സ്ത്രീ കര്‍ഷകര്‍ക്ക് ഭൂമിക്കു മീതെ അവകാശങ്ങള്‍ വെച്ചുകൊടുക്കണമെന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ അദ്ദേഹം ഊന്നി പറയുന്നു. അപ്പോള്‍ മാത്രമേ, തൊഴിലിടങ്ങളിലെ സ്ത്രീ ചൂഷണങ്ങള്‍ക്ക് ഒരറുതി വരുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ആധാര്‍ പോലെയുള്ള കാര്‍ഡുകള്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിച്ചതുകൊണ്ട് തീരുന്നതല്ല ഇവിടുത്തെ സ്ത്രീ കര്‍ഷകരുടെയും പുരുഷ കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍. പുരുഷന്മാരെ പോലെത്തന്നെ ഭൂമിക്കു മീതെ അവകാശം സ്ത്രീകള്‍ക്കും വെച്ചുകൊടുക്കുമ്പോഴേ ലിംഗ സമത്വമെന്ന ആശയം സമ്പൂര്‍ണമാകൂ എന്നദ്ദേഹം പറയുന്നു. ഭൂമിയില്ലാത്തതാണ് ഇന്ത്യന്‍ കര്‍ഷക സ്ത്രീകള്‍ അനുഭവിക്കുന്ന പാര്‍ശ്വവത്കരണത്തിന് ഒരു മുഖ്യ കാരണമെന്ന് ബീനാ അഗര്‍വാള്‍ 1994-ല്‍ എഴുതിയ തന്റെ “സ്വന്തം ഭൂമി” എന്ന കൃതിയില്‍ അടിവരയിടുന്നുണ്ട്. ഇന്ന്, 87 ശതമാനം സ്ത്രീകള്‍ക്കും സ്വന്തമായി ഇന്ത്യയില്‍ മണ്ണില്ല. ഭര്‍ത്താവിന്റേതായാലും അന്യന്റേതായാലും മറ്റൊരാളുടെ മണ്ണിലാണ് അവള്‍ അദ്ധ്വാനിക്കുന്നത്. സ്ത്രീകളെ കര്‍ഷകരായി അംഗീകരിക്കാത്ത ഒരു രാജ്യം കൂടിയാണ് ഇന്ത്യ എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ദുരന്ത മുനമ്പില്‍ നിന്ന് ഇന്ത്യന്‍ കര്‍ഷകരെ ആര് രക്ഷിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമായി കിസാന്‍ മുക്തി മാര്‍ച്ച് മാറുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്. 21 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഒരു ഐതിഹാസിക സമരം ഫലം കണ്ടാല്‍ മറ്റൊരു ഇന്ത്യ നമുക്ക് സ്വപ്‌നം കാണാം. രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുടെയും തൊഴില്‍ രഹിതരുടെയും ന്യൂനപക്ഷ-പിന്നോക്ക സമുദായങ്ങളുടെയും അസ്വസ്ഥതയും രോഷവും ഒരു പോരാട്ടത്തിനുള്ള മാനസികാവസ്ഥയെ സൂചിപ്പിക്കുന്നുണ്ട്. പൊടിപിടിച്ചു കിടക്കുന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒന്ന് നടപ്പാക്കിക്കിട്ടിയാല്‍ മരണക്കിടക്കയില്‍ നിരാലംബരായി കഴിയുന്ന കര്‍ഷകര്‍ക്ക് ഒരു തുള്ളി വെള്ളമായി മാറും. അതിനുള്ള സമര സംഗമ ഭൂമിയായി രാംലീല മൈതാന്‍ മാറിയെങ്കില്‍ എന്ന് ആശ്വസിക്കാനേ നമുക്ക് കഴിയൂ.

Latest