National
വിശാല പ്രതിപക്ഷത്തിന്റെ സുപ്രധാന യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല സഖ്യം വിപുലീകരിക്കാനും ശക്തിപ്പെടുത്തുന്നതിനുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രചാരണ പരിപാടികളും ചര്‍ച്ചയാകുന്ന യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പങ്കെടുക്കും.
ചൊവ്വാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്‍രെ ശീതകാല സമ്മേളനത്തില്‍ എടുക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് വരാനിരിക്കെയാണ് യോഗം. യോഗത്തിലേക്ക് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും വിട്ട് നില്‍ക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം വേണ്ടെന്ന് നിലപാടാണ് നവീന്‍ പട്‌നായികിന്റെ ബിജെഡിയുടേത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.