കാട്ടാനകളുടെ സാന്നിധ്യം; കരിമലപാതയില്‍ യാത്രാ നിയന്ത്രണം

Posted on: December 9, 2018 9:48 pm | Last updated: December 10, 2018 at 9:53 am

ശബരിമല: കരിമലപാതയില്‍ കാട്ടാനകളുടെ സാന്നിധ്യത്തെത്തുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് ഇതുവഴി സന്ധ്യക്ക് ശേഷമുളള യാത്ര നിരോധിച്ചു. ഇലവുങ്കലും നില്ക്കലും ഇറങ്ങുന്ന കാട്ടാനകള്‍ ഉപദ്രവകാരികളായതിനാല്‍ ജാഗ്രതപുലര്‍ത്തണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.

സന്നിധാനത്തില്‍ ഉരക്കുഴി, പാണ്ടിത്താവളം, പമ്പയ്ക്കും നിലയ്ക്കലിനും മധ്യേ പ്ലാന്തോട്, ഇലവുങ്കല്‍, പ്ലാപ്പള്ളി, ളാഹ, പുല്ലുമേട്, കരിമല പാതയില്‍ വലിയാനവട്ടം എന്നിവിടങ്ങളിലാണു കാട്ടാനകളുടെ സാന്നിധ്യം.തീര്‍ഥാടകരുടെ പ്രധാനപാതയായ മണ്ണാരക്കുളഞ്ഞി പമ്പ റോഡില്‍ നിലക്കലിനും ളാഹയ്ക്കും മധ്യേയാണു കാട്ടാനകളെ ഏറെ കാണുന്നത്. പലപ്പോഴും ഇവ റോഡില്‍ ഇറങ്ങി നില്‍ക്കുന്നു. വളവുകളിലാണെങ്കില്‍ വാഹനം തൊട്ടുമുന്‍പില്‍ എത്തിയാലേ കാണാന്‍ കഴിയൂ എന്നതും ഭക്തരെ ഭയപ്പെടുത്തുന്നുണ്ട്.