Connect with us

Ongoing News

വികസനത്തിന്റെ റണ്‍വേയില്‍ വിസില്‍ മുഴങ്ങുന്നു

Published

|

Last Updated

വികസനത്തിന്റെ റണ്‍വേയില്‍ ഇന്ന് വിസില്‍ മുഴങ്ങുന്നു.അറക്കലിന്റെയും ചിറക്കലിന്റെയും കഥ പറഞ്ഞു തന്ന കണ്ണൂര്‍ സ്വപ്‌നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ ചിറകിലേറി ഇനി ആകാശം മുട്ടെ പറക്കും. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ അതിജയിച്ചിരുന്ന പോയ കാലത്തിന്റെ പോരിശയും പറഞ്ഞ് ആകാശയാത്രകളുടെ ചരിത്രത്തില്‍ അഭിമാനത്തോടെ ഇടം പിടിക്കും. തറികളുടെയും തിറകളുടെയും നാട്ടിന് ഇതൊരു തിലകച്ചാര്‍ത്താകും.
കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിന്റെ ഉദ്ഘാടനാരവങ്ങള്‍ നിറഞ്ഞ് നാടും നഗരവും ഉത്സവത്തിലാണ്. സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിറവില്‍ ഒരു നാട് ഒന്നിച്ചൊഴുകി മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പിന്റെ മുറ്റത്ത്
ഒത്തുകൂടുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സ് നിറയുകയാണ്.തിരുവനന്തപുരവും വഴി നെടുമ്പാശ്ശേരിയിലൂടെ കരിപ്പൂര്‍ കടന്ന് കണ്ണൂരിലെത്തുമ്പോള്‍ മലയാളിയുടെ അതിരില്ലാത്ത ആഗ്രഹങ്ങളാണ് ഇന്നിവിടെ പൂവണിയുന്നത്.

കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ വിശാല വാതിലുകളാണ് തുറന്നിടുന്നത്. മലബാറിന്റെ വാണിജ്യവും കുടകിന്റെ കാര്‍ഷികവും വടക്കിന്റെ വ്യവഹാരവുമെല്ലാം കരുത്താര്‍ജ്ജിക്കും.ഇത് വഴി വടക്കന്‍ കേരളത്തിന്റെ സാമൂഹികാവസ്ഥയില്‍ സമൂലമായ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. കണ്ണൂരിന്റെയും കാസര്‍ഗോഡിന്റെയും പരമ്പരാഗത വ്യവസായങ്ങളായ കൈത്തറിയും ഉരുവും ദിശമാറിയൊഴുകും. ഇത് പുതിയ വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വഴി തുറക്കം. കടല്‍ കടന്നും കരമാറിയും സംരംഭങ്ങളും സംസ്‌കാരങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സാധാരണ ജീവിതത്തിന്റെ ചിത്രങ്ങളാണ് ഇവിടെ മാറ്റി വരക്കാനിരിക്കുന്നത്.

വടക്കേ മലബാറിന്റെ ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിന് നിറയെ സാധ്യതകളാണ് ഇതിലൂടെ തെളിഞ്ഞു വരുന്നത്. കണ്ണൂര്‍ ബേക്കല്‍ കോട്ടകള്‍, പയ്യാമ്പലം, മുഴപ്പിലങ്ങാട് ബേക്കല്‍ ബീച്ചുകള്‍ തുടങ്ങിയവ നമ്മുടെ കാഴ്ചകള്‍ക്ക് കൂടുതല്‍ സുഖം തരും. അറക്കല്‍ മ്യൂസിയവും ചിറക്കല്‍ കൊട്ടാരവും ഏഴിമല നാവിക അക്കാദമിയുമെല്ലാം സന്ദര്‍ശന കേന്ദ്രങ്ങളില്‍ ശ്രദ്ധേയമാകും. വളപട്ടണം ചന്ദ്രഗിരി പുഴകള്‍ കാണാനെത്തുന്നവരുടെ മനസ്സിലൂടെ ശാന്തമായൊഴുകും. നിറയെ കാഴ്ചകളും അനുഭവങ്ങളുടെ വൈവിധ്യവും കണ്ണൂരിലെത്തുന്ന സഞ്ചാരികളെ ശരിക്കും കാത്തിരിക്കുന്നു.

ഗള്‍ഫ് പ്രവാസികള്‍ക്കാണ് തന്നെയാണ് എന്തെന്നില്ലാത്ത സന്തോഷം. ഗള്‍ഫ് മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന പാനൂര്‍-നാദാപുരം, മാട്ടൂല്‍-പഴയങ്ങാടി, പടന്ന-കാസര്‍കോട് ദേശങ്ങള്‍ കൂടുതല്‍ ഉണരാനിരിക്കുന്നു. ഇത് ഈ മേഖലയിലെ സമ്പദ്ഘടനയ്ക്ക് ഏറെ ഗുണം ചെയ്യും. ഇവരുടെ പിന്തുണയില്‍ കൂടുതല്‍ വ്യവസായിക വാണിജ്യ ഇടപാടുകള്‍ തുടങ്ങുന്നതോടെ സമഗ്രമായ പുരോഗതി കൈവരും.ഓരോ പ്രവാസിയും കാത്തിരിപ്പും കണ്ണീരും മറന്ന് കര്‍മ്മനിരതയോടെ അതിനായ് പ്രവര്‍ത്തിക്കും.

പായല്‍ കപ്പലിലൂടെയും ഉരുവിലേറിയുമുള്ള പഴയ കാല വിദേശയാത്രകള്‍ നമുക്ക് ഓര്‍മകള്‍ മാത്രമാവുകയാണ്. കണ്ണൂരിന്റ ആകാശത്ത് ഇനി ദൂരങ്ങള്‍ കുറയും. അകലങ്ങള്‍ ഇല്ലാതെയാവും. ജീവിത സാഹചര്യങ്ങളുടെ തിക്ക് തിരക്കുകള്‍ യാത്ര പറഞ്ഞും ചോദിച്ചും കൂടിക്കൊണ്ടിരിക്കും. ഈ നാടിന്റെ പ്രൗഢിയും പൊലിമയും ആവേശത്തോടെ അകലങ്ങളിലേക്ക് വിമാനം കയറും. പകരം വിവിധ സംസ്‌കാരങ്ങളുടെ സാഹചര്യങ്ങള്‍ വാണിജ്യ വ്യവഹാരങ്ങളിലേറി ഇങ്ങോട്ടേക്ക് ഇറങ്ങി വരും. അപ്പോഴും നമ്മള്‍, കണ്ണൂരുകാര്‍ പോരാട്ടങ്ങളില്‍ കുരുത്ത, കൊണ്ടും കൊടുത്തും ശീലിച്ച സ്വന്തം സംസ്‌കൃതിക്ക് കരുതലോടെ കാവലിരിക്കും.