കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി ; വന്‍ സ്വീകരണമൊരുക്കി ബിജെപി

Posted on: December 8, 2018 11:29 am | Last updated: December 8, 2018 at 6:19 pm

തിരുവനന്തപുരം: ശബരിമലയില്‍ 52കാരിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ജാമ്യം ലഭിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് മോചനം. സുരേന്ദ്രനെ സ്വീകരിക്കാനായി പുറത്ത് വലിയ ഒരുക്കങ്ങളാണ് ബിജെപി ഒരുക്കിയിരുന്നത്. ബിജെപി ഒറ്റക്കെട്ടായാണ് സമരവുമായി മുന്നോട്ട് പോയതെന്ന് പുറത്തിറങ്ങിയ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ ആചാര ലംഘനം നടക്കുമോയെന്ന ആശങ്കമാത്രമാണ് ജയിലില്‍ കിടക്കുമ്പോള്‍ തനിക്കുണ്ടായ ആശങ്ക. ഇരുമുടിക്കെട്ടിന്റെ പവിത്രത നശിക്കാതിരിക്കാനാണ് താന്‍ അവിടെ ശ്രമിച്ചത്. തനിക്കെതിരായ മറ്റ് ആരോപണങ്ങളെല്ലാം വാസതവവിരുദ്ധമാണ്. ജനാധിപത്യരീതിയില്‍ പാര്‍ട്ടി നടത്തുന്ന ഇത്തരത്തിലുള്ള സമരങ്ങളുമായി ഇനിയും മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അറസ്റ്റ് ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്ന ഇരുമുടിക്കെട്ടുമായാണ് സുരേന്ദ്രന്‍ ജയിലില്‍നിന്നിറങ്ങിയത്. സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയടക്കമുള്ള നേതാക്കള്‍ സുരേന്ദ്രനെ സ്വീകരിക്കാനെത്തിയിരുന്നു.പത്തനംതിട്ട ജയിലില്‍ പ്രവേശിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്.