അന്യഗ്രഹ ജീവികള്‍ നമ്മോടൊപ്പമുണ്ടാകാമെന്ന് നാസ ശാസ്ത്രജ്ഞന്‍

Posted on: December 8, 2018 9:48 am | Last updated: December 8, 2018 at 11:14 am

ലണ്ടന്‍ : അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ മനുഷ്യനോടൊപ്പം കാണാന്‍ സാധ്യതയുണ്ടെന്ന് നാസ ഗവേഷകന്‍ സില്‍വിയോ പി കോളമ്പാനയുടെ വെളിപ്പെടിുത്തല്‍. മനുഷ്യര്‍ സങ്കല്‍പിക്കുന്ന രൂപത്തിലല്ല, മറിച്ച് നാം തീരെ പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ഇവയെന്നതിനാല്‍ ഒരിക്കലും അവയെ തിരിച്ചറിയാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാസാ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനാണ് സില്‍വിയോ.

പ്രപഞ്ചത്തിലെ പരകോടി നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ഇടയിലുള്ള സഞ്ചാരം മനുഷ്യന് ഇപ്പോഴും ചിന്തിക്കാന്‍ കഴിയാത്ത സമസ്യയാണ്. എന്നാല്‍, അതിനുള്ള ശേഷി നേടിയവരാകാം അന്യഗ്രഹ ജീവികള്‍. ഭൂമിയില്‍ ശാസ്ത്രീയമായ വന്‍ മുന്നേറ്റങ്ങള്‍ തുടങ്ങിയിട്ട് 500 വര്‍ഷമേ ആകുന്നുള്ളൂ, അതിനും വളരെ മുന്‍പ് ശാസ്ത്ര പുരോഗതി നേടിയ സമൂഹമാകാം അന്യഗ്രഹ ജീവികളുടേത്. അവരെക്കുറിച്ചുള്ള കെട്ടുകഥകളും മനസ്സിലുറച്ച ധാരണകളും ഉപേക്ഷിച്ച് കൂടുതല്‍ പഠനം നടത്താന്‍ ശാസ്ത്ര ലോകം തയാറാകണമെന്നും കോളമ്പാനോ നിര്‍ദേശിച്ചു.പ്രഫസര്‍ കൂടിയായ കോളമ്പാനോയുടെ പ്രബന്ധം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, അന്യഗ്രഹ ജീവികള്‍ ഉണ്ടാകാനുള്ള സാധ്യത വിലയിരുത്തുക മാത്രമാണു താന്‍ ചെയ്തതെന്ന് കോളമ്പാനോ പിന്നീട് വിശദീകരിച്ചു. കോളമ്പാനോയുടെ ലേഖനത്തിന്റെ ലിങ്ക് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.