ഗാഥ മുത്തശ്ശന്റെ കഥ പറഞ്ഞു; മുണ്ടൂര്‍ സേതുമാധവന്റെ ചെറുമകള്‍ക്കിത് ഹാട്രിക്

Posted on: December 7, 2018 8:15 pm | Last updated: December 7, 2018 at 8:15 pm

ആലപ്പുഴ: പ്രശസ്ത കഥാകാരന്‍ മുണ്ടൂര്‍ സേതുമാധവന്റെ ചെറുമകള്‍ കെ ഗാഥക്ക് പങ്കുവെക്കാനുള്ളത് ഹാട്രിക് വിജയഗാഥ. ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗ മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും എ ഗ്രേഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇ മിടുക്കി. മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് മഞ്ചേരി സ്വശേിനിയായ ഗാഥ.

മുണ്ടൂര്‍ സേതുമാധവന്‍ രചിച്ച ‘അമ്മ കൊയ്യുന്നു’ എന്ന കഥയാണ് ഗാഥ ഇത്തവണ അരങ്ങിലെത്തിച്ചത്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മത്സരിക്കാന്‍ എത്തുന്നതും ചിത്രരചനയില്‍ പങ്കെടുത്ത അവള്‍ അമ്മ പാടത്ത് പണിയെടുക്കുന്ന ചിത്രം വരച്ച് വിജയിക്കുന്നതുമാണ് ഇതിവൃത്തം. മുത്തശ്ശന്‍ രചിച്ച കഥ ഭാവാത്മകമായി ഗാഥ അരങ്ങിലെത്തിച്ചപ്പോള്‍ സദസ്സ് ഒരു നിമിഷം ശോകമൂകമായി. കനകരാജാണ് ഗാഥയെ പരിശീലിപ്പിക്കുന്നത്. ശാരിക, ശ്വേത, ഹൃദ്യ, പേള്‍ എന്നിവരാണ് ഓസ്‌കസ്ട്ര ടീം.