Connect with us

Sports

അവരെ സന്തോഷിപ്പിക്കൂ, സ്റ്റേഡിയം നിറയ്ക്കൂ; മഞ്ഞപ്പട തെറ്റ് തിരുത്തുന്നു

Published

|

Last Updated

കൊച്ചി: ജംഷഡ്പൂരിനെതിരായ മല്‍സരം ഉപേക്ഷിക്കാന്‍ കാണികളോട് ആഹ്വാനം ചെയ്ത് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടക്കുനേരെ വന്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പൂനെക്കെതിരെയുള്ള കളിയില്‍ സ്റ്റേഡിയം നിറക്കാന്‍ മഞ്ഞപ്പട ആഹ്വാനം ചെയ്തു. വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നതോടെ പൂനെക്കെതിരെ നടക്കുന്ന വെള്ളിയാഴ്ചത്തെ മല്‍സരത്തില്‍ സ്റ്റേഡിയം നിറക്കാന്‍ മഞ്ഞപ്പട ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. “മെയ്ക്ക് ദം ഹാപ്പി”, “ഫില്‍ ദ സ്റ്റേഡിയം” എന്ന പേരിലാണ് ക്യാമ്പെയില്‍ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ആരാധകരില്‍ നിന്നും തണുത്ത പ്രതികരണം മാത്രമാണ് ഉണ്ടായിട്ടുള്ളത്.

കളിജയിച്ചാല്‍ മാത്രമേ ഇനി സ്റ്റേഡിയത്തിലേക്കുള്ളു എന്നാണ് പലരും പ്രതികരിക്കുന്നത്. മഞ്ഞപ്പട ആരാധകരെവച്ച് മാനേജ്‌മെന്റിനോട് വിലപേശല്‍ നടത്തുകയാണന്നും ആരോപണമുയരുന്നുമുണ്ട്. ജംഷഡ്പൂര്‍ കോച്ച് തന്നെ മല്‍സരശേഷം ആരാധകരുടെ നടപടിയെ വിമര്‍ശിച്ചു. ക്ലബ്ബിനെ കുടുംബമായി കാണണമെന്നും കുടുംബത്തെ എല്ലാവരും സഹായിക്കുകയാണ് വേണ്ടതെന്നും ജംഷഡ്പൂര്‍ എഫ് സി കോച്ച് സീസര്‍ ഫെറാണ്ടോ പറഞ്ഞു. മല്‍സരം തോറ്റാല്‍ വിമര്‍ശിക്കണം എന്നാല്‍ മല്‍സരം ഉപേക്ഷിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മന്‍ ഇതിഹാസം മത്തേയസ് കൊച്ചിയില്‍ ആദ്യമായി കളികാണാന്‍ എത്തിയ മല്‍സരമെന്ന പ്രത്യേകതകൂടി ജംഷഡ്പൂരിനെതിരെ നടന്ന കളിക്കുണ്ടായിരുന്നു. ഒഴിഞ്ഞ ഗാലറികളാണ് കൊച്ചിയില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

10 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒരു ജയം മാത്രമാണ് അക്കൗണ്ടിലുള്ളത്. ഇനി എട്ടുമല്‍സരങ്ങള്‍ ബാക്കിയിരിക്കെ ബ്ലാസ്റ്റേഴ്‌സിന് പുതിയ അടവുകള്‍ പുറത്തെടുത്താല്‍ മാത്രമേ മുന്നേറാനാകു. ആറു സമനിലയും മൂന്ന് തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സ് പോയന്റുനിലയിലും രണ്ടക്കം കടന്നട്ടില്ല.