ഉമ്മന്‍ചാണ്ടിക്കും വിഎസിനും ക്ഷണമില്ല; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും

Posted on: December 7, 2018 12:42 pm | Last updated: December 7, 2018 at 6:26 pm

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയേയും വിഎസ് അച്യുതാനന്ദനേയും ചടങ്ങിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതിന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചവരാണ് ഇരുവരുമെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വരുംമുമ്പ് വിമാനത്താവളത്തിന്റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായിരുന്നു. സര്‍ക്കാര്‍ അല്‍പ്പത്തരമാണ് കാണിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ നിരോധനാജ്ഞ അവസാനിപ്പിക്കുംവരെ നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരം തുടരും. ഭാവി പരിപാടികള്‍ തിങ്കളാഴ്ച തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.