Connect with us

Kerala

പ്രളയം മറന്നു; ആലപ്പുഴയില്‍ കലയുടെ ആരവമുയര്‍ന്നു

Published

|

Last Updated

ആലപ്പുഴ: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കിഴക്കിന്റെ വെനീസില്‍ തിരിതെളിഞ്ഞു.സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് വേദികള്‍ ഉണര്‍ന്നത്. പരിപാടികള്‍ക്ക് തുടക്കം കുറിച്ച് 59 കലാകാരന്മാര്‍ മണ്‍ചിരാത് തെളിയിച്ചു. തുടര്‍ന്ന് അതിജീവനത്തിന്റെ സ്വരമുള്ള സ്വാഗതഗാനത്തോടെ വേദികള്‍ സജീവമായി. കേരളനടനമാണ് വേദി ഒന്നിലെ ആദ്യ ഇനം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 30 വേദികളിലായി 12000 കലാപ്രതിഭകള്‍ മാറ്റുരക്കും.

15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആലപ്പുഴ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നതെങ്കിലും പ്രളയം എല്ലാം തകര്‍ത്ത മണ്ണില്‍ കലോത്സവം നടക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ആശങ്കകളെയെല്ലാം അസ്ഥാനത്താക്കിയുള്ള ഒരുക്കങ്ങളാണ് അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനായി കിഴക്കിന്റെ വെനീസ് നടത്തിയിരിക്കുന്നത്. കലോത്സവ ചരിത്രത്തിലെ ഏറ്റവും ചെലവ് ചുരുങ്ങിയ മേളയായി ഇത്തവണത്തെ മേള മാറുമെന്ന് സംഘാടകര്‍ കണക്കുകൂട്ടുന്നു.

ഒന്നാം വേദിയായ ലിയോതെര്‍ട്ടീന്ത് എച്ച് എസ് എസ് അങ്കണത്തില്‍ പണിതുയര്‍ത്തിയ കൂറ്റന്‍ പന്തലില്‍ മൂവായിരത്തോളം പേര്‍ക്ക് ഇരുന്ന കലാമത്സരം ആസ്വദിക്കാം.1971, 74, 90, 2003 എന്നീ വര്‍ഷങ്ങളിലാണ് നേരത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടന്നത്. സാധാരണ ഒരാഴ്ച കൊണ്ട് നടക്കുന്ന കലോത്സവം ഇത്തവണ മൂന്ന് ദിവസമായി ചുരുക്കിയെങ്കിലും വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗവാസനകള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടില്ലെന്നതാണ് പ്രത്യേകത. 188 സ്‌റ്റേജ് ഇനങ്ങളാണ് ഇത്തവണയുള്ളത്. യു പി വിഭാഗത്തിന്റെ മത്സരം ജില്ലകളില്‍ അവസാനിപ്പിച്ച് ഗ്രേസ് മാര്‍ക്ക് പ്രതീക്ഷയിലുള്ള എച്ച് എസ്, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് മാത്രമായി സംസ്ഥാന കലോത്സവം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

രാത്രി 12 മണി കഴിഞ്ഞാലും പരിപാടികള്‍ അവസാനിപ്പിക്കാന്‍ കഴിയുമോയെന്ന ആശങ്ക സംഘാടകര്‍ക്കുണ്ട്.സംസ്ഥാന കലോത്സവം നടക്കുന്നതിനു മുന്നോടിയായി നടക്കേണ്ട ആഘോഷങ്ങളൊന്നും ഇക്കുറിയില്ല.ഉദ്ഘാടന, സമാപന സമ്മേളനങ്ങളും സാംസ്‌കാരിക ഘോഷയാത്രയുമൊന്നും ഇക്കുറിയില്ല.1962 ല്‍ ചങ്ങനാശ്ശേരിയില്‍ നടന്ന ആറാമത് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിലാണ് ആലപ്പുഴ ആദ്യമായി ചാമ്പ്യന്മാരായത്.1964, 65, 68 എന്നീ വര്‍ഷങ്ങളിലും ആലപ്പുഴക്കു തന്നെയായിരുന്നു കപ്പ്.

---- facebook comment plugin here -----

Latest