നിങ്ങള്‍ക്കോര്‍മ്മയുണ്ടോ, 2014 മെയ് പതിനാറിന് മുമ്പ് പശു ഒരു പാവം ജീവിയായിരുന്നു. അതിന് അഖ്‌ലാക്കിനെയോ സുബോധ് കുമാറിനെയോ കൊല്ലാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല

സോഷ്യലിസ്റ്റ്
മാധ്യമപ്രവര്‍ത്തകന്‍
Posted on: December 6, 2018 9:14 pm | Last updated: December 6, 2018 at 9:14 pm

രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന്റെ വാപ്പയായിരുന്നു മുഹമ്മദ് അഖ്‌ലാഖ്. അമ്പത്തിരണ്ടുകാരനായ അഖ്‌ലാക്കിനെ വട്ടമിട്ട് , ഇഞ്ചിഞ്ചായി വടികളും ഇഷ്ടികയും വെച്ച് തല്ലിയും, ചവിട്ടിയുമാണ് അക്കൂട്ടര്‍ കൊന്ന് കളഞ്ഞത്. ആവശ്യത്തിനും അനാവശ്യത്തിനും പട്ടാളക്കാരസെന്റി അടിക്കുന്ന രാഷ്ട്രീയകൂട്ടത്തിന്റെ ഭരണമൊതലാളീസംഘം അഖ്‌ലാക്കിന്റെ കൊലപാതകത്തെ പേരിന് പോലും അപലപിച്ചില്ല എന്ന് നമ്മള്‍ ഓര്‍ക്കുന്നു.

അഖ്‌ലാക്കിനെ കൊന്ന സംഘത്തിലെ രവി സിസോദിയ എന്ന ഒരുത്തന്‍ ജയിലില്‍ കിഡ്‌നി രോഗത്താല്‍ മരിച്ചു. ആ രാഷ്ട്രീയസംഘത്തില്‍ പെട്ടവര്‍ ശവം കുഴിച്ചിടും മുമ്പ് അതിനെ ദേശീയപതാകയില്‍ പൊതിഞ്ഞ് ആദരിച്ചു.അയാളുടെ കുടുംബത്തിന് ആ സംഘം ബന്ധപ്പെട്ടവരില്‍ നിന്ന സാമ്പത്തികസഹായം വാങ്ങിക്കൊടുത്തു.

അഖ്‌ലാക്കിനെ കൊന്ന കൂട്ടത്തിലെ മറ്റ് രണ്ട് പേര്‍ക്ക് , ശ്രീറാം,സൗരഭ് എന്നിവര്‍ക്ക് അവരുടെ സംഘത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് എന്‍ടിപിസിയില്‍ സര്‍ക്കാര്‍ ജോലി കിട്ടി.

അഖ്‌ലാക്കിനെ കൊന്ന സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ സുബോധ് കുമാറിനെ ഇക്കഴിഞ്ഞ ദിവസം ആ രാഷ്ട്രീയസംഘം വെടി വെച്ച് കൊന്നു. അതിനായി അക്കൂട്ടര്‍ ഒരു കലാപം തന്നെയും സൃഷ്ടിച്ചെടുത്തു. പൊലീസ് ജീപ്പിനെ പിന്തുടര്‍ന്ന് കല്ലെറിഞ്ഞും തല്ലിയും താഴെ വീഴ്ത്തി അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥനെ കൊന്ന സംഘത്തിന് നേതൃത്വം നല്‍കിയത് ബജ്രംഗ്ദളിന്റെ ജില്ലാ തലവനാണ്. യോഗേഷ് രാജ് എന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബജ്രംഗ് ദള്‍ എന്നാല്‍ വിശ്വഹിന്ദു പരിഷത്തിന്റെ യുവസംഘടന. ആര്‍എസ്എസിന് കീഴിലുള്ള പല സംഘങ്ങളിലൊന്ന്. ആര്‍എസ്എസ് എന്നാല്‍ രാജ്യം ഭരിക്കുന്ന ബിജെപി കൂടെ ഉള്‍പ്പെടുന്ന അംബ്രല്ലാ ഓര്‍ഗനൈസേഷന്‍. നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ സഹോദരസംഘത്തിന്റെ ജില്ലാ തലവന്‍ നേതൃത്വം നല്‍കിയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആസൂത്രണം ചെയ്ത് പിന്നാലെ നടന്ന് കലാപമുണ്ടാക്കി അതിന്റെ മറവില്‍ കൊല ചെയ്തിരിക്കുന്നത്.

നിങ്ങള്‍ക്കോര്‍മ്മയുണ്ടോ, 2014 മെയ് പതിനാറിന് മുമ്പ് പശു ഒരു പാവം ജീവിയായിരുന്നു. അതിന് അഖ്‌ലാക്കിനെയോ സുബോധ് കുമാറിനെയോ കൊല്ലാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ..

പശു പാവം ജീവിയായിരുന്ന ആ കാലം ഓര്‍മ്മയുണ്ടോ.