അമിത് ഷായുടെ രഥയാത്രക്ക് പൂട്ടിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

Posted on: December 6, 2018 7:26 pm | Last updated: December 7, 2018 at 11:48 am

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്ര പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. രഥയാത്ര വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കല്‍ക്കട്ട ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. നാളെ തുടങ്ങാനിരുന്ന യാത്രക്ക് കൂച്ച് ബെഹാര്‍ പോലീസ് സൂപ്രണ്ട് അനുമതി നല്‍കിയിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചു.

സമാധാനപരമായി രഥയാത്ര നടത്താമെന്ന ബിജെപിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനാണ് ബിജെപിയുടെ നീക്കം.

മൂന്നു ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്‌സഭ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനായിരുന്നു ബിജെപിയുടെ പരിപാടി. ആദ്യ ഘട്ടം ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍നിന്നും രണ്ടാം ഘട്ട യാത്ര ഒമ്പതിനു സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നും മൂന്നാം ഘട്ടം ബിര്‍മും ജില്ലയില്‍ നിന്നും നടത്താനായിരുന്നു തീരുമാനം. കൊല്‍ക്കത്തയില്‍ നടക്കുന്ന സമാപനപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു.