ബുലന്ദ്ശഹര്‍: മുഖ്യ പ്രതി അറസ്റ്റില്‍

Posted on: December 6, 2018 12:36 pm | Last updated: December 6, 2018 at 4:25 pm

ലക്‌നൗ: ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ചു നടന്ന കലാപത്തിനിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ബജ്‌രംഗ് ദള്‍ നേതാവ് യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.

പ്രതിഷേധം നടക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും തന്നെ മോശമായി ചിത്രീകരിക്കാന്‍ യു പി പോലീസ് ശ്രമിക്കുകയാണെന്നും ഒളിവില്‍ കഴിയുന്നതിനിടെ പുറത്തുവിട്ട വീഡിയോയില്‍ യോഗേഷ് രാജ് അവകാശപ്പെട്ടിരുന്നു.

പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സുബോധ് കുമാറിന്റെ കുടുംബം ഇന്ന് രാവിലെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചിരുന്നു. സുബോധിന്റെ ഭാര്യ, രണ്ടു മക്കള്‍, സഹോദരി എന്നിവര്‍ ആദിത്യനാഥിനെ ലക്നൗവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുകയായിരുന്നു. ഡി ജി പി. ഒ പി സിംഗും ഇവരോടൊത്തുണ്ടായിരുന്നു.

സുബോധിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ ഭരണകൂടം നിസ്സംഗ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഗോവധത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത് വിവാദമായിരുന്നു.