അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ചു ദിവസത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു

Posted on: December 5, 2018 6:53 pm | Last updated: December 5, 2018 at 10:45 pm

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ചു ദിവസത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ട് പ്രത്യേക സി ബി ഐ കോടതി ഉത്തരവായി. ഇന്നലെ രാത്രിയാണ് മിഷേലിനെ ദുബൈയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത്. ഉടനെത്തന്നെ ഇയാളെ ചോദ്യം ചെയ്യുന്നതിനായി സി ബി ഐ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കുകയായിരുന്നു.

യു പി എ സര്‍ക്കാറിന്റെ കാലത്ത് ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയില്‍ നിന്ന് 3600 കോടി രൂപക്ക് 12 ഹെലികോപ്റ്ററുകള്‍ വാങ്ങിയതില്‍ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും കോഴ വാങ്ങിയെന്നാണ് കേസ്. 54കാരനായ മിഷേലാണ് ഇടപാടില്‍ ഇടനിലക്കാരനായത്. 2010 ഫെബ്രു: എട്ടിനു ഒപ്പിട്ട കരാറില്‍ 2,666 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി ബി ഐ ആരോപിക്കുന്നത്.