Connect with us

National

ഇന്റര്‍നെറ്റ് വേഗത ഇനി കുതിച്ചുയരും; ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു

Published

|

Last Updated

ബെംഗളൂരു: ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹമായ ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൂവില്‍ നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 2.07നായിരുന്നു വിക്ഷേപണം. ഫ്രാന്‍സിന്റെ ശക്തികൂടിയ വിക്ഷേപണ വാഹനമായ എരിയന്‍ 5 റോക്കറ്റിലൂടെയായിരുന്നു വിക്ഷേപണം.

വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന് 5,845 കിലോഗ്രാം ഭാരമുണ്ട്. രാജ്യത്ത് 16 ജിബിപിഎസ് വേഗത്തില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജിസാറ്റ്-11ന് വിക്ഷേപിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ക്ക് വേഗത കൈവരിക്കാനും ഇതുവഴി കഴിയും. 15 വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന് 12,00 കോടി രൂപയാണ് ചെലവ്.

റേഡിയോ സിഗ്നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ഈ ശ്രേണിയില്‍ പെടുന്ന ജിസാറ്റ്-19, ജിസാറ്റ്-29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. ജിസാറ്റ്-20 അടുത്ത വര്‍ഷം വിക്ഷേപിക്കും. ഇതോടെ, നാല് ഉപഗ്രഹങ്ങളുടെ സഹായത്താല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സേവന വേഗത 100 ജിബിപിഎസ് ആക്കി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ജിസാറ്റ് 11 മേയില്‍ വിക്ഷേപിക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ലക്ഷ്യമിട്ടിരുന്നതെങ്കിലും ചില തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉപഗ്രഹം തിരിച്ചുവിളിച്ചു. ഉപഗ്രഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണം നടത്തിയത്.

Latest