കരിപ്പൂര്‍: ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും കളിയാക്കി സി പി എം ഫ്‌ളക്‌സ്

Posted on: December 5, 2018 10:07 am | Last updated: December 5, 2018 at 10:07 am

കൊണ്ടോട്ടി: കരിപ്പൂരില്‍ ഇന്ന് മുതല്‍ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ ക്രെഡിറ്റ് കുഞ്ഞാലിക്കുട്ടിക്ക് ചാര്‍ത്തി നല്‍കി ഫ്‌ളക്‌സ് ബോര്‍ഡിറക്കിയ യൂത്ത് ലീഗിനെ കളിയാക്കി സി പി എമ്മും അനുഭാവ സംഘടനകളും രംഗത്ത്. ‘എട്ടുകാലി മമ്മൂഞ്ഞിന്റെ പണി എടുക്കല്ലേ ലീഗേ’ എന്ന തലക്കെട്ടിലാണ് ലീഗിനേയും കുഞ്ഞാലിക്കുട്ടിയേയും പരിഹസിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കുഞ്ഞാലിക്കുട്ടി മന്ത്രിയായ സമയത്ത്, ഹജ്ജ് എംബാര്‍ക്കേഷന്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്ത്, അന്ന് ഹജ്ജ് മന്ത്രി കുഞ്ഞാലികുട്ടി, കോടികള്‍ മുടക്കി ഹജ്ജ് ഹൗസ് പണിതത് പാലോളി ഹജ്ജ് മന്ത്രിയായ സമയത്ത്, ഹജ്ജ് ഹൗസ് കല്യാണ മണ്ഡപമാക്കി മാറ്റിയത് യു ഡി എഫിന്റെ ഭരണകാലത്ത്, ജില്ലയെ പ്രതിനിധീകരിച്ച് മൂന്ന് എം പിമാര്‍ ഉണ്ടായിട്ടും പാര്‍ലിമെന്റില്‍ എന്തേ വായ തുറക്കാതിരുന്നത്, ഇപ്പോള്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയായത് മുഖ്യമന്ത്രിയുടെയും ഹജ്ജ് കാര്യമന്ത്രി കെ ടി ജലീലിന്റെയും ഇടപെടല്‍ മൂലമെന്നുമൊക്കെയാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നത്. ഫഌക്‌സ് ബോര്‍ഡ് സംബന്ധമായ സിറാജ് വാര്‍ത്തയാണ് മറുപടി ഫ്‌ളക്‌സ് ഇറക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്.