തിരഞ്ഞെടുപ്പു നേട്ടത്തിനായി ബി ജെ പി മത രാഷ്ട്രീയം കളിക്കുന്നു: രാജ് താക്കറെ

Posted on: December 4, 2018 3:43 pm | Last updated: December 4, 2018 at 3:43 pm

മുംബൈ: തിരഞ്ഞെടുപ്പ് നേട്ടത്തിനായി മത രാഷ്ട്രീയം കളിക്കുകയാണ് ബി ജെ പിയെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്) തലവന്‍ രാജ് താക്കറെ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ സര്‍ക്കാറിന് മറ്റൊരു വിഷയവും സംസാരിക്കാനില്ലാത്തതിനാല്‍ വോട്ടു നേടുന്നതിന് ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയാണ്. രാമക്ഷേത്ര വിഷയത്തില്‍ കലാപമുണ്ടാകാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് കാരണമായേക്കും. രാമക്ഷേത്രം നിര്‍മിക്കുക തന്നെ വേണം. എന്നാല്‍ അത് തിരഞ്ഞെടുപ്പിനു മുമ്പു തന്നെ വേണമെന്ന് ശഠിക്കേണ്ട കാര്യമില്ല- താക്കറെ പറഞ്ഞു.

ഹനുമാന്‍ ദലിതനാണെന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയെയും അദ്ദേഹം അപലപിച്ചു. തൊഴിലവസരങ്ങളില്‍ ഉത്തരേന്ത്യക്കാരെയോ യു പി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരെയോ അല്ല, സംസ്ഥാനത്തെ യുവജനതക്കാണ് പരിഗണ നല്‍കേണ്ടതെന്നും താക്കറെ ആവര്‍ത്തിച്ചു പറഞ്ഞു.