അംബാനിയുടെ മകളുടെ വിവാഹത്തിന് ആഡംബര പൂര്‍ണമായ ചടങ്ങുകള്‍

Posted on: December 4, 2018 1:32 pm | Last updated: December 4, 2018 at 1:32 pm

മുംബൈ: കോര്‍പറേറ്റ് വ്യവസായി മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തിന് ആഡംബരപൂര്‍ണമായ ചടങ്ങുകള്‍. ഡിസം: 12നാണ് അംബാനിയുടെ മകള്‍ ഇഷയും പിരമല്‍ കുടുംബത്തിലെ ആനന്ദ് പിരമലും തമ്മില്‍ മുബൈയില്‍ വിവാഹിതരാകുന്നത്.

വിവാഹ ചടങ്ങിനു മുന്നോടിയായി ഡിസം: എട്ട്, ഒമ്പത്തീയതികളില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചടങ്ങുകള്‍ക്കായി അമ്പതോളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇവിടുത്തെ വിമാനത്താവളത്തിലെത്തും. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കാണ് അംബാനി ഈ സൗകര്യമൊരുക്കിയിട്ടുള്ളത്. ഡിസം: ഏഴിനു തിരഞ്ഞെടുപ്പു കൂടി നടക്കുന്നതിനാല്‍ 200 ഓളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉദയ്പൂര്‍ വിമാനത്താവളത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 19 വിമാനങ്ങളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്.

വിവാഹത്തിനെത്തുന്നവര്‍ക്ക് താമസിക്കാനായി നഗരത്തിലെ എല്ലാ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറികളും നിരവധി ആഡംബര കാറുകളും ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്.