കോണ്‍ഗ്രസ്, ബി ജെ പി ഇതര മുന്നണിക്ക് കരുക്കള്‍ നീക്കി ചന്ദ്രശേഖര റാവു

Posted on: December 3, 2018 3:52 pm | Last updated: December 3, 2018 at 3:52 pm

ഹൈദരാബാദ്: കോണ്‍ഗ്രസ്, ബി ജെ പി ഇതര മുന്നണി രൂപവത്കരിച്ച് അടുത്ത വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വിഷയത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടല്ല, രാജ്യത്ത് മാറ്റം കൊണ്ടുവരണമെന്ന താത്പര്യത്തിന്റെ ഭാഗമായാണ് പുതിയ മുന്നണിക്കായി മുന്‍കൈയെടുക്കുന്നത്. താന്‍ യാചകനല്ല, പോരാളിയാണെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.

കോണ്‍ഗ്രസ്, ബി ജെ പി പാര്‍ട്ടികള്‍ അധികാര കേന്ദ്രീകരണത്തിനാണ് ശ്രമിക്കുന്നതെന്നും രാജ്യത്തിന് ആവശ്യമായതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുമായി സഖ്യമുണ്ടാക്കാനാകില്ല.

വികസന കാര്യങ്ങള്‍ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമില്ലാത്തതു കൊണ്ടാണ് ചന്ദ്രശേഖര റാവു തങ്ങള്‍ക്കെതിരെ ആക്ഷേപമുന്നയിക്കുകയും മറ്റു പാര്‍ട്ടികളെ ചേര്‍ത്ത് മുന്നണിയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതെന്ന് ബി ജെ പി ആരോപിച്ചപ്പോള്‍ ബി ജെ പിയുടെ ബി ടീമാണ് തെലുങ്കാന രാഷ്ട്ര സമിതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.