Connect with us

Kerala

ബെഹ്‌റക്കെതിരായ ആരോപണം; ന്യൂനപക്ഷങ്ങളിലേക്ക് പാലമിടാന്‍ മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം: ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉയര്‍ത്തി വിട്ട ആരോപണങ്ങള്‍ രാഷ്ട്രീയാന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നു. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടാണ് മുല്ലപ്പള്ളി ബെഹ്‌റക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. സംഘ്പരിവാര്‍ തോഴനാണെന്ന ആരോപണം നേരത്തെയും ബെഹ്‌റക്കെതിരെ ഉയര്‍ന്നിരുന്നെങ്കിലും പുതിയ വെളിപ്പെടുത്തലിന് പിന്നില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉന്നംവെച്ചുള്ള രാഷ്ട്രീയ നീക്കമാണെന്ന് വ്യക്തം. ആരോപണം ഉന്നയിക്കാന്‍ തിരഞ്ഞെടുത്ത വേദിയും സ്ഥലവും ഇതോട് ചേര്‍ത്ത് വായിക്കണം. അതേസമയം, മോദിയെയും അമിത്ഷായെയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് കണ്ടിട്ടും എന്ത്‌കൊണ്ട് നടപടിയുണ്ടായില്ലെന്ന മറുചോദ്യം മുല്ലപ്പള്ളിക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നായിരുന്നു ലോക്‌നാഥ് ബെഹ്‌റയുടെ പ്രതികരണം.

2004ല്‍ നടന്ന ഇശ്രത്ത് ജഹാന്‍, പ്രാണേഷ്‌കുമാര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ ബെഹ്‌റ ഇടപെട്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍. ഇരുവരെയും വെള്ളപൂശി നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിയായിരിക്കെ താന്‍ കണ്ടിരുന്നതായും അദ്ദേഹം ചേര്‍ത്തു പറഞ്ഞു. വടകരയില്‍ യൂത്ത് ലീഗ് യുവജന യാത്രാ വേദിയിലായിരുന്നു പ്രസംഗം. മുല്ലപ്പള്ളി വിവാദം ലൈവ് ആക്കി നിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലും ഇക്കാര്യം ആവര്‍ത്തിച്ചു. ബി ജെ പിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും മോദിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നിയമനമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

എല്‍ ഡി എഫ് അധികാരമേറ്റ ശേഷം ഡി ജി പിയായി നിയമിച്ചപ്പോള്‍ തന്നെ ബെഹ്‌റയുടെ സംഘ്പരിവാര്‍ ബന്ധം ചര്‍ച്ചയായതാണ്. കോണ്‍ഗ്രസോ മുല്ലപ്പള്ളിയോ അന്ന് ഇത് ഏറ്റുപിടിച്ചില്ല. ശബരിമല വിഷയത്തിലടക്കം കോണ്‍ഗ്രസിനെതിരെ സി പി എം ശക്തമായി കടന്നാക്രമിക്കുന്ന പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ രംഗപ്രവേശം. കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരു നിലപാടാണെന്ന സി പി എം വിമര്‍ശത്തിനുള്ള പ്രതിരോധം കൂടിയാണ് ഈ നീക്കം. അതേസമയം, മുല്ലപ്പള്ളിയുടെ പ്രസ്താവനയോട് തത്ക്കാലം പ്രതികരിക്കേണ്ടേന്നാണ് സര്‍ക്കാര്‍ നിലപാട്. വിവാദം സജീവമാക്കി നിര്‍ത്താനില്ലെന്ന മട്ടിലാണ് ബെഹ്‌റയും പ്രതികരിച്ചത്.

Latest