പ്രതിസന്ധിഘട്ടങ്ങളിലെല്ലാം യു എ ഇയുടെ സഹായമെത്തി: മുഖ്യമന്ത്രി

Posted on: December 3, 2018 9:05 am | Last updated: December 3, 2018 at 11:20 am

തിരുവനന്തപുരം: യു എ ഇ കേരളത്തോട് കാണിക്കുന്ന സ്‌നേഹവും കരുതലും വിലമതിക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്തടക്കം ഇത് അനുഭവിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. യു എ ഇയുടെ നാല്‍പ്പത്തിയേഴാം ദേശീയദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ആഘോഷത്തില്‍ വീഡിയോ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.  കേരളവും യു എ ഇയും തമ്മില്‍ ഊഷ്മള ബന്ധമാണുള്ളത്. കേരളം ബുദ്ധിമുട്ട് നേരിടുന്ന ഘട്ടങ്ങളിലെല്ലാം യു എ ഇയുടെ സഹായഹസ്തമെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള യു എ ഇ പ്രവാസികളില്‍ പകുതിയോളവും മലയാളികളാണ്. അതിര്‍ത്തിക്കപ്പുറം സൗഹാര്‍ദവും ഊഷ്മളതയും എക്കാലത്തും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഹിസ് ഹൈനസ് ജമാല്‍ ഹുസൈന്‍ അല്‍ സഅബി നേതൃത്വം നല്‍കി.

കേരളവും അറബ് നാടുകളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദവും സുദൃഢമായ സാമ്പത്തിക സാംസ്‌കാരിക ബന്ധവും അനാവരണം ചെയ്യുന്നതായിരുന്നു ആഘോഷം. ഇന്ത്യയുമായി എല്ലാകാലത്തും ചേര്‍ന്നുനിന്ന രാജ്യമാണ് യു എ ഇയെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം ദൃഢമാക്കാന്‍ ദേശീയ ദിനാഘോഷത്തിന് കഴിയുമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തോട് എപ്പോഴും സ്‌നേഹവായ്‌പോടെ പ്രതികരിച്ച രാജ്യമാണ് യു എ ഇയെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ല് തന്നെ പ്രവാസി മലയാളികളെ ആശ്രയിച്ചാണെന്നും ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നം നല്‍കുന്ന രാജ്യമാണെന്നും ചടങ്ങില്‍ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്റെ കേരള സന്ദര്‍ശനം സന്തോഷകരമായ അനുഭവമായിരുന്നു. യു എ ഇയിലെ മറ്റു ഭരണാധികാരികളെ കൂടി കേരളം സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഹകരണ മനോഭാവവും പരസ്പര ബഹുമാനവുമാണ് ഇരുരാഷ്ട്രങ്ങളുടെയും ബന്ധത്തിന്റ കാതലെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. അത് രണ്ട് രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലേക്കു വളര്‍ന്നു. നേതാക്കളുടെ പരസ്പര സന്ദര്‍ശനങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്ന വാണിജ്യ, സാമ്പത്തിക, സാംസ്‌കാരിക വിനിമയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള അതിശക്തമായ ബന്ധത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇയെ മാതൃകാരാഷ്ട്രമാക്കുന്നതിലും രാജ്യാന്തര സമൂഹവുമായി ശക്തമായ ബന്ധം വളര്‍ത്തുന്നതിലും യു എ ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം, അബുദബി കിരീടാവകാശിയും യു എ ഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്‌യാന്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, യു എ ഇ ഭരണാധികാരികള്‍ തുടങ്ങിയ യു എ ഇ നേതാക്കളുടെ ദീര്‍ഘവീക്ഷണത്തെയും കോണ്‍സുല്‍ ജനറല്‍ പ്രശംസിച്ചു.