സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയായ 2022ല്‍ ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും

Posted on: December 2, 2018 12:50 pm | Last updated: December 2, 2018 at 12:52 pm

ബ്യൂണസ് ഐറിസ്: 2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. അര്‍ജന്റീനയില്‍ നടന്ന 13 ാമത് ഉച്ചകോടിയിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2022 ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരമാണ്.

നേരത്തെയുള്ള തീരുമാനമനുസരിച്ച് 2021ലാണ് ഇന്ത്യയില്‍ ജി20 ഉച്ചകോടി നടക്കേണ്ടിയിരുന്നത്. 2022 ഇറ്റലിയുടെ അവസരമായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം കണക്കിലെടുത്ത് 2022ല്‍ വേദി നല്‍കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന ഇറ്റലി അംഗീകരിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും വേദിയുടെ വര്‍ഷം പരസ്പരം വച്ചുമാറാന്‍ തീരുമാനിച്ചതോടെ മറ്റു രാജ്യങ്ങളും ഇത് അംഗീകരിക്കുകയായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയില്‍ തന്നെ ഉച്ചകോടിക്ക് അതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചതില്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി എല്ലാം ലോക നേതാക്കളെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. ജപ്പാന്‍ (2019), സഊദി അറേബ്യ (2020) എന്നിവിടങ്ങളിലാണ് അടുത്ത രണ്ട് ഉച്ചകോടികള്‍ നടക്കുക.